കമ്പ രാമായണത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ തോൽപ്പാവക്കൂത്തിന് ഒരു ഐതിഹ്യമുണ്ട്. ദാരികാസുരനെ വധിച്ച ഭദ്രകാളിക്ക് ശ്രീരാമ-രാവണയുദ്ധം കാണാൻ ദൈവികമായി ചിട്ടപ്പെടുത്തിയ കലാരൂപമാണ് തോൽപ്പാവക്കൂത്ത് എന്നാണ് വിശ്വാസം. ദേവീ ക്ഷേത്രങ്ങളിൽ അവതരിപ്പിയ്ക്കുന്ന ഈ കലാരൂപത്തിൽ ശ്രീരാമാവതാരം മുതൽ പട്ടാഭിഷേകം വരെയുള്ള ഭാഗങ്ങളെല്ലാമുണ്ട്.
കൂത്ത് മാടത്തിൽ 21 വിളക്കുകൾ തെളിയിച്ച് അതിന് മുൻപിലാണ് അവതരണം. 21 ദിവസങ്ങൾക്കൊണ്ടാണ് രാമായണം പൂർണമായും അവതരിപ്പിക്കുക. മാൻ തോൽ ഉപയോഗിച്ചാണ് പാവകൾ നിർമ്മിച്ചിട്ടുള്ളത്. രാമായണം പൂർണമായും അവതരിപ്പിയ്ക്കാൻ 160തോളം പാവകൾ വേണം.
advertisement
ഒറ്റപ്പാലം കൂനത്തറ സ്വദേശി രാമചന്ദ്ര പുലവർ ആണ് കേരളത്തിലെ അറിയപ്പെടുന്ന പ്രധാന തോൽപ്പാവക്കൂത്ത് കലാകാരൻ.
വിദേശരാജ്യങ്ങളിലടക്കം നൂറ് കണക്കിന് വേദികളിലാണ് അദ്ദേഹം തോൽപ്പാാവക്കൂത്ത് അവതരിപ്പിച്ചത്.
ആദ്യകാലങ്ങളിൽ ദേവീക്ഷേത്രങ്ങളിലാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചത്. എന്നാൽ പിന്നീട് കൂടുതൽ ജനകീയമായതോടെ മറ്റു സ്ഥലങ്ങളിലും പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്. രാമായണം മാത്രമല്ല നിരവധി ബോധവൽക്കരണ പരിപാടികളും പാവക്കൂത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.