മുരുകന്റെ ആറ് ക്ഷേത്രങ്ങളിലേക്കാണ് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നത്. തമിഴ് സംഘകാല കൃതികളിലും ഈ ആറ് ക്ഷേത്രങ്ങളെപ്പറ്റി പറയുന്നുണ്ട്. നക്കീരര്‍ രചിച്ച തിരുമുരുഗതൃപാദെ, അരുണഗിരിനാഥര്‍ രചിച്ച തിരുപ്പുഗള്‍ എന്നീ കൃതികളിലും ഇതേപ്പറ്റി പറയുന്നുണ്ട്. തിരുപ്പറങ്കുന്ദ്രം, തിരിച്ചെന്തൂര്‍,പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുടിര്‍ചോലൈ എന്നിവിടങ്ങളിലാണ് ഈ ആറ് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
ഒരു ഭക്തന് 15,830 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്ഥാടനത്തിന് അനുവദിച്ചിരിക്കുന്ന തുക. 1000 മുതിര്‍ന്ന പൗരന്‍മാരുടെ തീര്‍ത്ഥാടന യാത്ര സുഗമമാക്കാന്‍ 1.6 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ശേഖർ ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കന്തകൊട്ടം പ്രദേശത്തെ അരുള്‍മിഗു മുത്തുകുമാരസ്വാമി തിരുക്കോവിലിലാണ് ഉദ്ഘാടനം നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 207 മുതിര്‍ന്നപൗരന്‍മാര്‍ക്ക് യാത്ര കിറ്റുകളും ബാഗുകളും മന്ത്രി സമ്മാനിച്ചു.
advertisement
പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ ഒട്ടേറെ അപേക്ഷകൾ ലഭിച്ചതായി മന്ത്രി പറഞ്ഞു. അതില്‍ നിന്നും സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് ഓരോരുത്തരേയും തെരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം 1000 മുതിര്‍ന്ന പൗരന്‍മാരെയായിരിക്കും തീര്‍ത്ഥാടനത്തിനായി കൊണ്ടുപോകുക.
300 ഭക്തന്‍മാര്‍ രാമേശ്വരം-കാശി തീര്‍ത്ഥാടനത്തിനും പുറപ്പെടും. തീര്‍ത്ഥാടനത്തിന്റെ ആദ്യഘട്ടം ജനുവരി 31ന് ആരംഭിക്കുമെന്നും 75 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ആറുപടൈവീട്
ആറുപടൈവീട് തീര്‍ത്ഥാടനത്തില്‍ ഭക്തര്‍ ആദ്യം എത്തുന്ന ക്ഷേത്രമാണ് തിരുപ്പറകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമിക്ഷേത്രം. മധുരയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം.
ഭക്തര്‍ പിന്നീട് എത്തുന്ന ക്ഷേത്രമാണ് തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തൂത്തുക്കുടിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ തിരുച്ചെന്തൂര്‍ പട്ടണത്തിന്റെ കിഴക്കേ അറ്റത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ആറു ക്ഷേത്രങ്ങളിൽ കടല്‍ത്തീരത്ത് സ്ഥിതിച്ചെയ്യുന്ന ഏകക്ഷേത്രം കൂടിയാണിത്.
ആറുപടൈവീട്ടില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ ക്ഷേത്രമാണ് പഴനി. പഞ്ചാമൃതം എന്ന പ്രസാദത്തിന് പേരു കേട്ട ക്ഷേത്രം ഡിണ്ടിഗല്‍ ജില്ലയിലാണ്.
നാലാമത്തെ ക്ഷേത്രമാണ് സ്വാമിമലൈ മുരുകക്ഷേത്രം. കുംഭകോണത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്വാമിമലയില്‍ സ്ഥിതി ചെയ്യുന്നു.
തിരുത്തണി മലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് ആറുപടൈവീട്ടിലെ അഞ്ചാമത്തെ ക്ഷേത്രം.വര്‍ഷത്തിലെ 365 ദിവസങ്ങളെ പ്രതിനിധാനം ചെയ്യുന്ന 365 പടികളാണ് ചെന്നൈയില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് .
ആറുപടൈവീട് തീര്‍ത്ഥാടനത്തിലെ അവസാന മുരുക ക്ഷേത്രമാണ് പഴമുതിര്‍ചോലയിലെ സോളമലൈ മുരുകക്ഷേത്രം. മധുരയില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.