മസ്ജിദിനായി തയ്യാറാക്കിയ ബ്ലൂപ്രിൻ്റും അദ്ദേഹം പങ്കുവെച്ചു. ദുബായിൽ ഉള്ളതിനേക്കാൾ വലിയ അഞ്ച് മിനാരങ്ങളും അക്വേറിയവും ഉള്ള ഇന്ത്യയിലെ ആദ്യത്തെ പള്ളിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലെ ധനിപൂർ ഗ്രാമത്തിൽ ബാബറി മസ്ജിദിന് പകരമായി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്ത് പള്ളിയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് (UPSCWB) രൂപീകരിച്ച ട്രസ്റ്റാണ് ഇൻഡോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സുന്നി സെൻട്രൽ വഖഫ് ബോർഡ് നാമനിർദ്ദേശം ചെയ്തയാളാണ് ഹാജി അറഫാത്ത് ഷെയ്ഖ്.
advertisement
ബിജെപി നേതാവും മഹാരാഷ്ട്ര സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്സനും കൂടിയാണ് അദ്ദേഹം. നിരവധി സാമൂഹിക സംരംഭങ്ങൾക്കും അറഫാത്ത് ഷെയ്ഖ് ചുക്കാൻ പിടിച്ചിട്ടുണ്ട്. ''ഇതൊരു വലിയ പദ്ധതിയാണ്. വിശുദ്ധ മസ്ജിദ് സ്ഥാപിക്കാനുള്ള ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നതിനായി 25 കോടി മുസ്ലീങ്ങളിൽ നിന്ന് എന്നെ തിരഞ്ഞെടുത്തത് ഭാഗ്യമായി ഞാൻ കരുതുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികളിലൊന്നായിരിക്കണം മുഹമ്മദ് ബിൻ അബ്ദുള്ള മോസ്ക് എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇത്തരം പദ്ധതികൾ പൂർത്തിയാകാൻ സമയമെടുക്കും. ഈ റംസാൻ കഴിഞ്ഞാൽ പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും'', ഹാജി അറഫാത്ത് ഷെയ്ഖ് ന്യൂസ് 18 നോട് പറഞ്ഞു. ഇത് എല്ലാ മുസ്ലീങ്ങൾക്കും വേണ്ടിയുള്ള പള്ളിയായിരിക്കും എന്നും സുന്നികളെന്നോ, ഷിയകളെന്നോ വേർതിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ലോകത്ത് ഒരിടത്തും കാണാത്ത നിരവധി സവിശേഷതകൾ ഈ പള്ളിയിൽ ഉൾപ്പെടുത്താനാണ് ശ്രമം. ഈ പള്ളിയിലേക്ക് വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടാകും. 36 അടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ ഖുറാൻ ഈ പള്ളിയിൽ സ്ഥാപിക്കും. ഒരു വലിയ അക്വേറിയവും അണ്ടർവാട്ടർ മൃഗശാലയും സജ്ജീകരിക്കാനും പദ്ധതിയുണ്ട്. ദുബായിൽ ഇപ്പോഴുള്ള പ്രശസ്തമായ അക്വേറിയത്തേക്കാൾ വലുതായിരിക്കും ഇവിടുത്തെ അക്വേറിയം. ഒരു വലിയ ലൈബ്രറി ഒരുക്കാനും ആലോചനയുണ്ട്. വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം തയ്യാറാക്കുന്ന വലിയൊരു കമ്യൂണിറ്റി കിച്ചണും ഇവിടെ ഉണ്ടായിരിക്കും. മികച്ച കാൻസർ ചികിത്സ വാഗ്ദാനം ചെയ്യുന്ന, 500 കിടക്കകളുള്ള ആശുപത്രി പള്ളിക്കു സമീപം നിർമിക്കാനും പദ്ധതിയുണ്ട്. ഇതിനായി ഞങ്ങൾ വോക്കാർഡ് ഹോസ്പിറ്റലുമായി ഒരു കരാറിൽ ഒപ്പിട്ടിട്ടുണ്ട്'', ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു.