ഉല്ലയ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന നന്ദിനി നദിയിലെ മത്സ്യബന്ധനത്തിന് ഉത്സവ ദിവസം ഒഴികെ വർഷം മുഴുവൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത വിശ്വാസങ്ങൾ ലംഘിച്ചു മത്സ്യബന്ധനം നടത്തുന്നവർക്ക് മത്സ്യത്തിന് പകരം വലയിൽ പാമ്പിനെയാകും കിട്ടുക എന്നും അത് ശുഭ ലക്ഷണമല്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.
ക്ഷേത്രത്തിലെ നിവേദ്യ സമർപ്പണത്തിന് ശേഷം ഗംഭീര വെടിക്കെട്ട് ഉണ്ടാകും. തുടർന്ന് ഭക്തർ നദിയിലേക്ക് ഇറങ്ങും. നദിയുടെ ഇരുവശത്തുമായി ഭക്തർ നിറഞ്ഞു നിൽക്കുകയും ഒരേ സമയം വെള്ളത്തിലേക്ക് വലയുമായി ചാടി മീൻ പിടിക്കുന്നതും ആകർഷകമായ കാഴ്ചയാണ്. അന്നേ ദിവസം മത്സ്യത്തൊഴിലാളികൾ അവർക്കാവശ്യമുള്ള മീൻ എടുത്ത ശേഷം ബാക്കി ഉള്ളത് വിൽക്കാറുണ്ട്.
advertisement
വില അൽപ്പം കൂടുതലാണെങ്കിൽ പോലും ഗ്രാമവാസികൾ എല്ലാവരും ഇവരുടെ കയ്യിൽ നിന്ന് മാത്രമേ അന്ന് മീൻ വാങ്ങൂ. ഉത്സവ ദിവസം പിടിക്കുന്ന മത്സ്യത്തിന് സാധാരണ ദിവസങ്ങളിൽ ഉള്ളതിനേക്കാൾ രുചി കൂടുതലായിരിക്കുമെന്നാണ് വിശ്വാസം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സമൃദ്ധമായ ഭക്ഷണ വിരുന്നും ഗ്രാമവാസികൾ ഒരുക്കുന്നു.