ഭഗവാൻ കൃഷ്ണൻ തന്റെ ഭാര്യമാരോടൊപ്പം ഈ ദിവസം രാത്രി മുഴുവൻ ചൂതുകളിയിൽ (Chaupar) ഏർപ്പെടുന്നു എന്നാണ് ഇവിടെയുള്ള വിശ്വാസം. ഈ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നിരവധി ഭക്തരും ദീപാവലി ദിനത്തിൽ ഈ ക്ഷേത്രത്തിൽ എത്തും.
ആഗ്രയിലെ യമുനാ നദിയുടെ തീരത്തോടു ചേർന്നാണ് പ്രാചിൻ മഥുരാധീഷ് ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണനോടൊപ്പം കളിയിൽ പങ്കുചേരാൻ ആണ് ഇവിടെ ഭക്തർ ഒത്തുകൂടുന്നത്. വലിയ ആരവത്തോടുകൂടി ഭക്തർ ഭഗവാന്റെ വരവിനായി കാത്തിരിക്കും.
വർഷങ്ങളായി നടത്തിവരുന്ന ഈ ചടങ്ങിനെ കുറിച്ച് ക്ഷേത്രത്തിലെ ആത്മീയ ഗുരുവായ മഹന്ത് നന്ദ് ശ്രോതിയ ന്യൂസ് 18 ലോക്കലിനോട് സംസാരിച്ചു. ക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ മംഗള ആരതിയോടു കൂടി രാവിലെ 6 മണി മുതലാണ് ആരംഭിക്കുക. തുടർന്ന് 6:30 ന് ശൃംഗാർ ആരതി കഴിഞ്ഞ് 11 ന് മധുര പലഹാരങ്ങൾകൊണ്ട് പൂജിക്കും. ക്ഷേത്രത്തിൽ ഭക്തർക്കായുള്ള പ്രസാദവും തയ്യാറാക്കും. ഇത് ഉദ്യപൻ ദർശന സമയത്തും വൈകുന്നേരം 5:00 നും നൽകും. വൈകുന്നേരം ആണ് ചൂതു കളിക്കായി ശ്രീകൃഷ്ണ ഭഗവാന്റെ മുൻപിൽ ഒരു ശത്രംഗ് (ചെസ്സ്) ബോർഡ് സജ്ജീകരിക്കുക.
advertisement
നൂറുകണക്കിന് വർഷങ്ങളായി പിന്തുടരുന്ന ഈ സവിശേഷ പാരമ്പര്യം ക്ഷേത്രത്തിന്റെ പൈതൃകത്തിന്റെ ഭാഗം കൂടിയാണെന്നും മഹന്ത് നന്ദ് ശ്രോതിയ വ്യക്തമാക്കി.
ദീപാവലി ദിനത്തിൽ രാത്രിയിൽ ശ്രീകൃഷ്ണൻ തന്റെ ഭാര്യമാരുമൊത്ത് ആവേശകരമായ ഈ കളിയിൽ ഏർപ്പെടുമെന്നാണ് വിശ്വാസം. അതിനാൽ സാധാരണ രാത്രി 10 മണിയോടെ അടയ്ക്കുന്ന ക്ഷേത്രം ആ ദിവസം മുഴുവൻ തുറന്നിരിക്കും. ശേഷം ദീപാവലിയുടെ പിറ്റേന്ന് ക്ഷേത്ര പരിസരത്ത് ഗോവർദ്ധൻ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തും.
ക്ഷേത്രത്തിലെ സേവനങ്ങൾ നടത്തുന്ന ഏഴാം തലമുറയിൽപ്പെട്ട ആളാണ് മഥുരാധീഷ് മഹാരാജ് മഹന്ത് ജുഗൽ കിഷോർ. 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അദ്ദേഹവും പങ്കുവച്ചു. ക്ഷേത്രത്തിലെ വിഗ്രഹം മഥുരയിൽ നിന്ന് കൊണ്ടുവന്ന് യമുനാ നദിക്ക് സമീപം സ്ഥാപിച്ചത് രാമൻ റേതിയാണെന്നും ഇത് തലമുറകളായി ഭക്തിയുടെ പ്രതീകമാണെന്നും ജുഗൽ കിഷോർ കൂട്ടിച്ചേർത്തു.