ദ്വാപര യുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നാണ് വിശ്വാസം. അഷ്ടമി രോഹിണി എന്നു പൊതുവിൽ പറയുമെങ്കിലും കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ആഘോഷങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസം ജന്മാഷ്ടമി ആഘോഷിക്കുമ്പോൾ മറ്റിടങ്ങളിൽ അഷ്ടമി വരുന്ന ദിവസമാണ് ആചരിക്കുന്നത്.
മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണന് ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിനത്തിൽ അവതരിച്ചു എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ മധുരയിലെ കാരാഗ്രഹത്തിൽ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചുവെന്നാണ് വിശ്വാസം. അമ്പാടിയിലും വൃന്ദാവനത്തിലും മധുരയിലുമായി വളർന്ന കൃഷ്ണന്‌റെ ജീവിതകഥ നമുക്കറിയാം. ലോകത്തിലെ നന്മ നശിച്ച സമയത്ത്, ധർമ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതാരമെടുത്തതെന്നാണ് പുരാണങ്ങൾ പറയുന്നത്. ഈ വർഷം ശ്രീകൃഷ്ണന്റെ 5251-ാം ജന്മദിനമാണെന്നാണ് കരുതപ്പെടുന്നത്.
advertisement
മുൻകാലത്തെ അപേക്ഷിച്ച് വലിയ രീതിൽ കേരളത്തിൽ ഇപ്പോൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ ചടങ്ങുകളും പൂജകളും കൂടാത ശ്രീകൃഷ്ണന്‍റെ വേഷങ്ങള്‍ കുട്ടികളുടെ ഘോഷയാത്രകളും മറ്റു പരിപാടികളും ഈ ദിവസം നടക്കാറുണ്ട്. എന്നാൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കും. വീടുകളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടക്കും.