അമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന വലിയ നോമ്പുകാലത്തിന് സമാപ്തി കുറിച്ചാണ് ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. ഇക്കാലത്ത് മത്സ്യ മാംസാദികളും മറ്റും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതും പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി ആശകളില്‍ നിന്ന് മുക്തിനേടുന്നതിന് വേണ്ടിയാണ് വിശ്വാസികള്‍ നോമ്പ് ആചരിക്കുന്നത്. തലമുറകള്‍ മാറുമ്പോള്‍ പഴയ നോമ്പുരീതി മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും കോതമംഗലം രൂപത ആവശ്യപ്പെട്ടു.
യുവജനങ്ങളും കുട്ടികളും ഡിജിറ്റല്‍ നോമ്പ് ആചരിക്കുന്നതാണ് ഉത്തമമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോര്‍ജ് മഠത്തികണ്ടത്തില്‍ പറഞ്ഞു. മൊബൈല്‍ ഫോണിന്‍റെയും മറ്റും ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.
advertisement
കാലാനുസൃതമായി നോമ്പിലും മാറ്റങ്ങളുണ്ടാകണമെന്നും നോമ്പ് കുടുംബങ്ങളുടെയും നാടിന്‍റെയും നന്മയ്ക്ക് അനുഗൃഹീതമാകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നോമ്പ് കാലത്തെ വിശ്വാസികൾക്കുള്ള സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്.