കന്യാകുമാരി: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിലെ ശിവാലയ ഓട്ടത്തിന് വെള്ളിയാഴ്ച്ച തുടക്കമാകും. 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ കാൽനടയായി ദർശനം നടത്തുന്ന ശിവാലയ ഓട്ടം ഒരു രാത്രിയും പകലുംകൊണ്ട് ഏകദേശം 110 കിലോമീറ്റർ ദൂരം താണ്ടും. മഹാശിവരാത്രിയുടെ തലേ ദിവസം വൈകിട്ട് തിരുമല ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രി ദിവസം വൈകിട്ടോടെ തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കും. ശിവരാത്രി നാളിൽ ദ്വാദശരുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ പ്രത്യേകത.
തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്. ശിവരാത്രിനാളിൽ 12 ശിവക്ഷേത്രങ്ങളിൽ ഓരോ വർഷവും ഓരോ ക്ഷേത്രങ്ങളിലായി നടക്കുന്ന ഘൃതധാര ഇക്കുറി ഒമ്പതാമത്തെ ക്ഷേത്രമായ തിരുവിടയ്ക്കോട് ക്ഷേത്രത്തിലാണ് നടക്കുന്നത്. നാലാം യാമ പൂജ വരെ ധാര തുടരും.
advertisement
വഴികൾ ഇങ്ങനെ
- കുഴിത്തുറയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യ ശിവക്ഷേത്രമായ തിരുമലയിലെത്താം.
- അവിടെ നിന്ന് മാർത്താണ്ഡം വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ രണ്ടാമത്തെ ശിവക്ഷേത്രമായ തിക്കുറുശ്ശി മഹാദേവ ക്ഷേത്രം.
- അവിടെ നിന്ന് അരുമന വഴി 12 കിലോമീറ്റർ സഞ്ചരിച്ചാൽ മൂന്നാമത്തെ ശിവക്ഷേത്രമായ തൃപ്പരപ്പ്.
- കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ നാലാമത്തെ ക്ഷേത്രമായ തിരുനന്തിക്കരയിൽ എത്താം
- കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചാമത്തെ ക്ഷേത്രമായ പൊൻമനയിലെത്താം.
- പൊൻമനയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ ആറാമത്തെ ശിവക്ഷേത്രമായ പന്നിപ്പാകം ക്ഷേത്രത്തിലെത്താം.
- അവിടെ നിന്ന് 6 കിലോമീറ്റർ അകലെ പത്മനാഭപുരം കോട്ടയ്ക്കകത്താണ് ഏഴാമത്തെ ശിവക്ഷേത്രമായ കൽക്കുളം.
- അവിടെ നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ എട്ടാമത്തെ ശിവക്ഷേത്രമായ മേലാങ്കോട്.
- അവിടെ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഒമ്പതാമത്തെ ശിവക്ഷേത്രമായ തിരുവടയ്ക്കോട്.
- അവിടെ നിന്ന് 9 കിലോമീറ്റർ ദൂരെയാണ് പത്താമത്തെ ശിവക്ഷേത്രമായ തിരുവിതാംകോട്.
- മഹാരാജാവ് ശ്രീമൂലം തിരുനാൾ പുനരുദ്ധാരണം ചെയ്ത ക്ഷേത്രമാണ് പതിനൊന്നാമത്തേതായ തൃപ്പന്നികോട്.
- അവിടെ നിന്ന് 4 കിലോമീറ്റർ ഉള്ളിലാണ് പന്ത്രണ്ടാമത്തെ ക്ഷേത്രമായ തിരുനട്ടാലം
നടന്നും വാഹനങ്ങളിലും ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഈ രണ്ടു ദിവസങ്ങളിൽ ദർശനം നടത്തുക പതിവാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഇവിടെ ദർശനത്തിന് എത്തും. 18 ന് ശിവരാത്രി ദിനത്തിൽ കന്യാകുമാരിയിൽ സർക്കാർ പ്രാദേശിക അവധി നൽകിയിട്ടുണ്ട്. എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷത്തിനും ദർശനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ശനിയാഴ്ച രാവിലെ തുറക്കുന്ന ശിവക്ഷേത്രങ്ങൾ രാത്രി അടയ്ക്കാറില്ല.ഭക്തർ ക്ഷേത്രത്തിൽ കൂവളത്തില സമർപ്പണം, ഉപവാസം, ഉറക്കമിളയ്ക്കൽ എന്നിവയോടെയാണ് ശിവരാത്രി ആഘോഷിക്കുന്നത്. ധാരയ്ക്കുപുറമേ ക്ഷേത്രങ്ങളിൽ രാത്രി ഓരോ യാമത്തിനും പൂജയുണ്ടായിരിക്കും. ഉറക്കമിളയ്ക്കുന്നവർ പിറ്റേന്ന് പകൽ ക്ഷേത്രദർശനം നടത്തിയാണ് ശിവരാത്രി വ്രതം അവസാനിപ്പിക്കുന്നത്.