മുന്നൂറ്റി നങ്ക ദേവി ശുചീന്ദ്രത്തെ ക്ഷേത്രത്തിൽ നിന്ന് തിങ്കളാഴ്ച രാവിലെ പുറപ്പെടും രാവിലെ 7:15 നും 8:15 ഇടിയിൽ ക്ഷേത്രത്തിൽ നിന്ന് ദേവിയെ എഴുന്നള്ളിക്കും. വൈകുന്നേരത്തോടെ കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രം എത്തുന്ന ദേവി ചൊവ്വാഴ്ച രാവിലെ തേവാരകെട്ട് ക്ഷേത്രത്തിനു മുന്നിൽ എത്തും. പുലർച്ചെ നാലുമണിയോടെ കുമാരകോവിൽ നിന്ന് കുമാരസ്വാമി പത്മനാഭപുരത്തേക്ക് എഴുന്നള്ളും. പത്മനാഭപുരം കൊട്ടാരത്തിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് മൂന്ന് വിഗ്രഹങ്ങളും ഘോഷയാത്രയായി പുറപ്പെടുന്നത്.
രാത്രി കുഴിത്തുറയിൽ വിശ്രമിച്ച ശേഷം ബുധനാഴ്ച രാവിലെ 10:30 ഓടെ കളിക്കാവിളയിൽ എത്തുന്ന വിഗ്രഹങ്ങൾക്ക് സ്വീകരണം നൽകും. രാത്രി നെയ്യാറ്റിൻകരയിൽ വിശ്രമിക്കും. വ്യാഴാഴ്ച വൈകുന്നേരം കരമനയിൽ എത്തുന്ന വിഗ്രഹങ്ങൾ സ്വീകരണം ഏറ്റുവാങ്ങി രാത്രി 7 മണിയോടെ നവരാത്രി മണ്ഡപത്തിനു മുന്നിൽ എത്തും. സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. നവരാത്രി പൂജയ്ക്ക് ശേഷം ഒക്ടോബർ 15ന് തിരിക്കുന്ന വിഗ്രഹങ്ങൾ 17ന് പത്മനാഭപുരത്ത് എത്തിച്ചേരും.
advertisement