ശിവപ്രാപ്തിക്കായി തപസ്സ് ചെയ്ത ദേവിയുടെ ശരീരം മുഴുവനും പൊടിപടലം അടിഞ്ഞ് കൂടി ഇരുണ്ട നിറമായിരുന്നു. എന്നാല്‍ പിന്നീട് തപസ്സ് പൂര്‍ണമായപ്പോള്‍ മഹാദേവന്‍ ഗംഗാ ജലം ഉപയോഗിച്ച് പൊടിപടലങ്ങളെയെല്ലാം വൃത്തിയാക്കി. അപ്പോള്‍ തന്നെ ദേവിയുടെ ശരീരത്തിന് നിറം വെക്കുകയും പ്രകാശം പരത്തുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. അന്ന് മുതല്‍ മഹാഗൗരി എന്നാണ് ദേവി അറിയപ്പെട്ടത്.
നാലു കൈകളാണ് ദേവിക്കുള്ളത്. മഹാഗൗരിയുടെ വാഹനം തൂവെള്ള നിറത്തിലുള്ള കാളയാണ്. ത്രിശൂലം, കടുന്തുടി, അഭയമുദ്ര, വരദമുദ്ര എന്നിവ ഓരോ കൈകളില്‍ ധരിച്ചിരിക്കുന്നു. മഹാദുര്‍ഗ്ഗാഷ്ടമി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഈ ദിനം ദേവിയെ ഭജിച്ചാല്‍ സകല പാപങ്ങളും നീങ്ങുമെന്നും ജീവിതം ഐശ്വര്യപൂര്‍ണമാകുമെന്നുമാണ് വിശ്വാസം.
advertisement
നവരാത്രിയുടെ എട്ടാം ദിനത്തില്‍ വൈകുന്നേരമാണ് കേരളത്തില്‍ വിദ്യാർത്ഥികൾ പുസ്തകങ്ങൾ പൂജവയ്ക്കുന്നത്. അതിനുശേഷം വിജയദശമിവരെ അക്ഷരം നോക്കാതിരിക്കുക എന്ന ശീലവുമുണ്ട്. അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാ വേളയിലാണ് പൂജവെപ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളുമാണ് പൂജയ്ക്കു വയ്ക്കുക. അടുത്ത ദിനമായ, നവമി നാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കേണ്ടത്.
മഹാഗൗരി ദേവിയെ പ്രാർഥിക്കുവാനുള്ള മന്ത്രം:
ശ്വേതേ വൃഷേ സമാരൂഢാ
ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം
ദദ്യാന്മഹാദേവപ്രമോദദാ