പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ ജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം തൊഴിലാളികളാണ് ഭീമൻ വാർപ്പ് നിർമ്മിച്ചത്. ഏകദേശം നാലുമാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വാർപ്പ് നിർമാണം പൂർത്തിയാക്കിയത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരിൽ വഴിപാടായി വാർപ്പ് സമർപ്പിച്ചത്.
രണ്ടായിരത്തിലേറെ കിലോ തൂക്കവും 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും 22 അടി ചുറ്റളവുമുണ്ട് ഈ ഭീമൻ വാർപ്പിന്. തൃശൂർ ചേറ്റുവ സ്വദേശി എൻ ബി പ്രശാന്താണ് ശുദ്ധമായ വെങ്കല പഴയോടിൽ നിർമിച്ച ഈ ഭീമൻ നാലുകാതൻ വാർപ്പ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്.
advertisement
വെങ്കലം, പഴഓട്, ചെമ്പ്, വെളുത്തീയം, എന്നിവ ഉപയോഗിച്ച് ചുറ്റിലും ഗജലക്ഷ്‌മി, ഗൗളി എന്നീ ചിത്രങ്ങളും വഴിപാടുകാരന്റെ പേരും ഉൾപ്പടുത്തിയാണ് വാർപ്പ് നിർമാണം പൂർത്തിയാക്കിയത്. ശബരിമല, ഏറ്റുമാനൂർ, പാറമേക്കാവ്, മലയാലപ്പുഴ തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങൾ നിർമിച്ച അനുഭവസമ്പത്തുമായാണ് അനന്തൻ ആചാരി ഭീമൻ വാർപ്പ് നിർമാണത്തിനുള്ള ദൌത്യം ഏറ്റെടുത്തത്.
നിവേദ്യ പാത്രങ്ങളും വിളക്കുകളും ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികളും ചെയ്യുന്നതിൽ വിദഗ്ദ്ധനാണ് അനന്തൻ ആചാരി. മുമ്പ് 1000 ലിറ്റർ പാൽപ്പായസം തയാറാക്കാൻ കഴിയുന്ന രണ്ടു ടൺ ഭാരമുള്ള വാർപ്പ് ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.