ചീഫ് അഡ്മിനിസ്‌ട്രേറ്റർ (ഐഎഎസ് ലെവൽ ഓഫീസർ), ഒഡീഷ സർക്കാർ തിരഞ്ഞെടുത്ത മറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്രത്തിൻ്റെ മാനേജിംഗ് കമ്മിറ്റിയാണ് രത്ന ഭണ്ഡാരത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
"ജഗന്നാഥ ക്ഷേത്രങ്ങളുടെ നാല് കവാടങ്ങളും നേരത്തെ തുറന്നിരുന്നു. ജനങ്ങളുടെ ആഗ്രഹപ്രകാരം, 46 വർഷത്തിന് ശേഷം ഒരു മഹത്തായ ലക്ഷ്യത്തിനായി രത്‌നഭണ്ഡാരം തുറന്നു" ബിഹാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജൂലൈ 14 ന് എക്‌സിൽ കുറിച്ചു.
നിലവറയ്ക്കുള്ളിൽ എന്താണ്?
പുരിയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ രത്ന ഭണ്ഡാരത്തിനകത്തെ അറയിൽ സ്വർണങ്ങളും വജ്രങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും അടങ്ങുന്ന ആഭരണങ്ങളുടെ അമൂല്യ ശേഖരം തന്നെയുണ്ട്. ഒഡീഷ മാഗസീന്‍ പറയുന്നതനുസരിച്ച്, ഒഡീഷയുടെ രാജാവായിരുന്ന അനംഗഭീമ ദേവ്, ഭഗവാന് ആഭരണങ്ങൾ നിര്‍മിക്കാനായി നൽകിയ 250 കിലോയോളം വരുന്ന സ്വർണവും ഈ നിലവറയ്ക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്.
advertisement
ഇതിൽ 180 തരം ആഭരണങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ചില ആഭരണങ്ങൾക്ക് 1.2 കിലോയിൽ കൂടുതൽ ഭാരമുണ്ട് എന്നും 2022-ലെ ഒഡീഷ റിവ്യൂ മാഗസിൻ റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമേ സ്വര്‍ണ്ണം, വജ്രം, പവിഴങ്ങള്‍, മുത്തുകള്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച പ്ലേറ്റുകളും അതോടൊപ്പം 140 ലധികം വെള്ളിയാഭരണങ്ങളും ഭണ്ഡാരത്തില്‍ ഉണ്ട്.
1805-ൽ അന്നത്തെ പുരി കളക്ടർ ചാൾസ് ഗ്രോം നിലവറയ്ക്ക് അകത്ത് സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളുടെ ഔദ്യോഗികമായ കണക്കെടുപ്പ് നടത്തിയിരുന്നു. ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന നിലവറയിൽ 1,333 ഓളം പുരാവസ്തുക്കൾ ഉണ്ടെന്നും പറഞ്ഞിരുന്നു. 128 സ്വർണ നാണയങ്ങൾ, 1297 വെള്ളി നാണയങ്ങൾ, 24 സ്വർണപ്പതക്കങ്ങൾ, 106 ചെമ്പു നാണയങ്ങൾ എന്നിവയും നിലവറയ്ക്കുള്ളിലുണ്ടെന്നാണ് പറയപ്പെടുന്നത്.
അതേസമയം 1978-ൽ നടത്തിയ അവസാനത്തെ കണക്കെടുപ്പിൽ 454 സ്വർണ്ണാഭരണങ്ങളും (128.38 കിലോഗ്രാം) 293 വെള്ളി ആഭരണങ്ങളും (221.53 കിലോഗ്രാം) ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് 1985-ൽ വീണ്ടും അകത്ത് പ്രവേശിച്ചിരുന്നെങ്കിലും അകത്തെ വസ്തുക്കളുടെ കണക്കെടുത്തിരുന്നില്ല. സ്വർണ്ണം, വെള്ളി, വജ്രം, നീലക്കല്ലുകൾ, മുത്തുകൾ, മാണിക്യങ്ങൾ, രത്നക്കല്ലുകൾ തുടങ്ങി അപൂർവമായ മറ്റ് വസ്തുക്കൾ അടങ്ങിയ 15 പെട്ടികൾ താൻ കണ്ടിരുന്നു എന്ന് നിലവറ പരിശോധിച്ച സംഘത്തിൻ്റെ ഭാഗമായിരുന്ന മുൻ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ രബീന്ദ്ര നാരായൺ മിശ്ര പറഞ്ഞിരുന്നു.
നിലവറയ്ക്കുള്ളിൽ പാമ്പുകളുണ്ടാകുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. 1978-ൽ നിലവറയിലെ കണക്കെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ 70 ദിവസമെടുത്തിരുന്നു. 1980 മുതൽ ക്ഷേത്ര ഭരണസമിതി രണ്ടുതവണ അകത്തെ അറ തുറക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. 2018 ഏപ്രിലിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) മൂന്ന് അംഗങ്ങൾ ഉൾപ്പെടെ 16 അംഗ സംഘവും പരിശോധനയ്ക്കായി എത്തിയിരുന്നു. എന്നാൽ അന്ന് അറയുടെ താക്കോൽ കണ്ടെത്താന്‍ കഴിയാതെ ആയതോടെ ആ ശ്രമവും പരാജയപ്പെട്ടു.
എന്നാൽ ഇത്തവണ ആഭരണങ്ങളുടെ ഡിജിറ്റൽ കാറ്റലോഗ് സൃഷ്ടിക്കുന്നതിനായി രത്ന ഭണ്ഡാരത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വീഡിയോയായി പകർത്തിയിട്ടുണ്ട്. പുരി ഭരണകൂടത്തിൻ്റെ കൈവശമുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് നിലവറ തുറക്കാൻ പ്രത്യേക ടീമുകളും ഉണ്ടായിരുന്നു. നിലവറയ്ക്കകത്ത് പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയം ഉള്ളതിനാൽ പാമ്പ് പിടുത്തക്കാരെയും മെഡിക്കൽ സംഘത്തെയും പുറത്ത് സജ്ജമാക്കിയിരുന്നതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
രത്‌നഭണ്ഡാരം തുറക്കുന്നതിനും സാധനങ്ങൾ ശേഖരിക്കുന്നതിനും മേൽനോട്ടം വഹിക്കാൻ ഒഡീഷ സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ ജസ്റ്റിസ് ബിശ്വനാഥ് രഥും നിലവറയ്ക്കുള്ളിൽ സംഘത്തോടൊപ്പം പ്രവേശിച്ചിരുന്നു. അകത്ത് അസ്വാഭാവികമായി ഒന്നുമില്ലെന്നും പാമ്പുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.