ആഴി ജ്വലിപ്പിച്ചശേഷം നിലവിലെ മേൽശാന്തി നിയുക്ത ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. ഇന്ന് ദീപാരാധനയ്ക്കുശേഷം പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് സോപാനത്ത് നടക്കും. വൃശ്ചികം ഒന്നായ ശനിയാഴ്ച പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ഇരുനടകളും തുറക്കുന്നതോടെ മണ്ഡലതീർഥാടനത്തിന് തുടക്കമാകും.
ശബരിമല ദർശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. പുലർച്ചെ മൂന്ന് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയും ആയിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
advertisement
ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. 15 മുതൽ 29 വരെയുള്ള തിയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിംഗ് കഴിഞ്ഞിട്ടുണ്ട്. ഇനി 30-ാം തിയതി ഉച്ചക്ക് ശേഷമുള്ള കുറച്ച് സ്ലോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രതിദിനം 80,000 പേർക്കാണ് ദർശനം സൗകര്യം. 70,000 പേര്‍ക്ക് വെർച്വൽ ക്യൂ വഴിയും ബാക്കി സ്പോട് ബുക്കിംഗ് ആയിരിക്കും. സ്പോട് ബുക്കിംഗിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും.