മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണ് ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി.
ഈ മണ്ഡലകാലത്ത് ശബരിമലയിൽ 63.89 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അരവണ വില്‍പനയിലൂടെ 96.32 കോടി രൂപ ലഭിച്ചു. 12 കോടിയിൽ ഏറെയാണ് അപ്പം വില്‍പനയിലൂടെ ലഭിച്ചതെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡും പോലീസും തമ്മിൽ ഒരു ശീത സമരവും ഇല്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. നിലക്കൽ നിറയുമ്പോൾ ആണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്. പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചാൽ വാഹനങ്ങൾ വഴിയിൽ തടയുന്ന പ്രശ്നം പരിഹരിക്കാം. പോലീസ് മനുഷ്യ സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. കോടതി പമ്പ പാർക്കിങ്ങിൽ രണ്ടാഴ്ച മുൻപ് അപേക്ഷ നൽകിയിട്ടും ഇടപെടാതിരിക്കുന്നത് സങ്കടകരം ആണെന്നും പ്രശാന്ത് പറഞ്ഞു.
advertisement
പമ്പ ഹില്‍ടോപ്പില്‍ 2000 ചെറുവാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തില്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. പരിമിതികള്‍ക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീര്‍ഥാടകര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡിനായെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27ന് രാത്രി 11ന് മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം, തുടര്‍ന്നു നട അടയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.