പന്തളംകൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പോകുന്നത്. കൊട്ടാരത്തിലും ക്ഷേത്രത്തിലും രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടാകില്ല. 26 പേരടങ്ങുന്ന തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയാണ്.
തിരുവാഭരണ ഘോഷയാത്ര 15ന് വൈകിട്ട് സന്നിധാനത്തെത്തും. ത്രിസന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധനയ്ക്കായി നട തുറക്കുമ്പോഴാണു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക.
പന്തളം രാജകുടുംബാംഗം അംബിക തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രവും സ്രാമ്പിക്കൽ കൊട്ടാരവും അടച്ചിരിക്കുന്നതിനാൽ ഘോഷയാത്ര ഇത്തവണ പുനഃക്രമീകരിച്ചിട്ടുണ്ട്. ചടങ്ങുകളിൽ വലിയതമ്പുരാന്റെയും രാജപ്രതിനിധിയുടെയും സാന്നിധ്യമുണ്ടാവില്ല. പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടാവില്ല.
advertisement
രാവിലെ 7ന് കൊട്ടാരത്തിലെ സുരക്ഷിത മുറിക്ക് പുറത്തുവച്ചിട്ടുള്ള ആഭരണ പേടകങ്ങൾ തളിച്ചു ശുദ്ധിവരുത്തി. തുടർന്ന് പുത്തൻമേട കൊട്ടാരമുറ്റത്തൊരുക്കുന്ന പന്തലിലേക്ക് പേടകവാഹക സംഘം എഴുന്നള്ളിച്ചു. പ്രത്യേക പീഠത്തിൽ വയ്ക്കുന്ന പെട്ടികൾ കണ്ടുതൊഴാൻ സൗകര്യമുണ്ടാകും. പെട്ടി തുറന്നു ദർശനമില്ല. 12.45ന് മേൽശാന്തി നീരാജനവും കർപ്പൂരാഴിയും ഉഴിഞ്ഞു ഒരുമണിക്ക് ഘോഷയാത്ര പുറപ്പെടും.
മണികണ്ഠനാൽത്തറയ്ക്ക് മുൻപ് വരെ വാദ്യമേളവും സ്വീകരണങ്ങളും ഒഴിവാക്കും. മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവാസംഘം 344ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം. തുടർന്ന് പരമ്പരാഗത പാതയിലൂടെ യാത്ര തുടങ്ങും. ഇത്തവണ പെട്ടി തുറന്നുള്ള ആദ്യ ദർശനം കുളനട ദേവീ ക്ഷേത്രത്തിലാണ്. പത്തനംതിട്ട എ ആർ ക്യാംപിലെ അസി. കമൻഡാന്റ് എം സി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സായുധസേന സുരക്ഷയൊരുക്കും.