കൂട്ട് കുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് സ്വത്തിന്‍റെ ചെറിയൊരു പങ്ക് കുടുംബത്തിലെ എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്‍റെ പ്രതീകമാണ് വിഷുക്കൈനീട്ടമെന്നും വാദമുണ്ട്.
ഇന്നത്തെ കാലത്ത് മുത്തച്ഛനോ അച്ഛനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്ത് വിഷുക്കൈനീട്ടം നല്‍കണമെന്നാണ് പഴമക്കാര്‍ പറയുന്നത്.
നാണയം കൈനീട്ടമായി നല്‍കുന്നതാണ് പതിവ്. ഇപ്പോള്‍ സൗകര്യത്തിന് നോട്ടുകളും നല്‍കാറുണ്ട്. കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. ധനത്തിന്‍റെ അധിദേവതയായ മഹാലക്ഷ്മിയുടെ ഐശ്വര്യം വര്‍ഷം മുഴുവന്‍ ലഭിക്കണമെ എന്ന പ്രാര്‍ത്ഥനയാണ് കൈനീട്ടം നല്‍കുന്നവരും വാങ്ങുന്നവരും മനസില്‍ ഉള്‍ക്കൊള്ളേണ്ടത്.
advertisement
പ്രായമായവർ പ്രായത്തിൽ കുറവുള്ളവര്‍ക്കാണ് സാധാരണ കൈനീട്ടം നൽകുന്നത്. എങ്കിലും ഇന്ന് ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. സമ്പത്ത് എന്നാൽ പ്രകൃതിയാണ് അതു വരുംതലമുറയ്ക്കു കൈമാറാനുള്ളതാണെന്ന് എത്ര ലളിതമായാണ് പഴമക്കമാര്‍ വിഷുക്കൈനീട്ടത്തിലൂടെയും നമുക്കു കാണിച്ചുതരുന്നത്. പ്രകൃതി നല്‍കുന്ന ഫലമുലാദികള്‍ തന്നെയാണ് നമ്മുടെ യഥാര്‍ത്ഥ സമ്പത്ത് എന്ന് വ്യക്തമാക്കുകയാണ് വിഷുക്കണിയും കൈനീട്ടവുമൊക്കെ