അക്ഷതം എന്നാല്‍ ക്ഷതം ഇല്ലാത്തത് അഥവാ പൊട്ടാത്തത് എന്നര്‍ത്ഥം. ഹിന്ദുക്കളുടെ മിക്ക പൂജകളിലും അനുഷ്ടാനങ്ങളിലും അക്ഷതം ഉപയോഗിക്കുന്നു. ഷോഡശോപചാരങ്ങളിൽ വസ്ത്രം, ആഭരണം, ഉത്തരീയം മുതലായ ദ്രവ്യങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ ആ സ്ഥാനത്ത് അക്ഷതം സമർപ്പിക്കാറുണ്ട്. ധവളമെന്നും, ദിവ്യമെന്നും, ശുഭമെന്നും അക്ഷതത്തെ വിശേഷിപ്പിക്കുന്നു. മഞ്ഞൾപ്പൊടിയും അക്ഷതവും ചേർത്ത് ദേവതകൾക്ക് അർച്ചന ചെയ്യാറുണ്ട്. വിവാഹങ്ങളിൽ വധുവരന്മാരുടെ ശിരസ്സിൽ അക്ഷതം തൂവി അനുഗ്രഹിക്കുന്ന പതിവുമുണ്ട്.
അക്ഷതം കയ്യിലെടുത്ത് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്തശേഷം ആളുകളിലേക്ക് വിതറിയാണ് അനുഗ്രഹിക്കുന്നത്. പൂജകളില്‍ ചെയ്യുന്ന സങ്കല്‍പ്പങ്ങളും പ്രാർത്ഥനകളും മൂർത്തിയിലേക്ക് ചേര്‍ക്കാന്‍ അക്ഷതം ഉപയോഗിക്കും. പൂജകളില്‍ പങ്കെടുക്കുന്നവരുടെ കയ്യിൽ അക്ഷതം കൊടുത്ത് പ്രാര്‍ത്ഥനകള്‍ അക്ഷതത്തിലേക്ക് എത്തിച്ച് മൂര്‍ത്തിയിൽ സമര്‍പ്പിക്കുന്നതാണ് രീതി. മഞ്ഞൾപ്പൊടി പാകത്തില്‍ കലര്‍ത്തിയ അക്ഷതം മന്ത്രോച്ചാരണത്തോടെ ദേവതകള്‍ക്കു സമര്‍പ്പിച്ചശേഷം ഭക്തര്‍ക്ക് വിതരണം ചെയ്യാറുമുണ്ട്.
advertisement
ദേശ വ്യത്യാസമനുസരിച്ച് അക്ഷതം തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസമുണ്ട്. ഏതു തരത്തിലുള്ള ധാന്യം കൊണ്ടും അക്ഷതം തയ്യാറാക്കാം. എന്നാൽ ഏതു ധാന്യമായാലും പൊട്ടാന്‍ പാടില്ല എന്നതാണ് അടിസ്ഥാന കാര്യം. പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത ധാന്യമാണ് അക്ഷതം. കേരളത്തിൽ സാധാരണ ഉണക്കലരിയും നെല്ലും 2 : 1 അനുപാതത്തില്‍ ചേര്‍ത്താണ് അക്ഷതം തയ്യാറാക്കുന്നത്. എന്നാൽ അരിക്ക് പകരമായി കടുകും എള്ളും ചേര്‍ത്ത അക്ഷതവും ഉപയോഗിക്കാറുണ്ട്.
തമിഴ് നാട്ടില്‍ നെല്ല് ഉപയോഗിക്കാറില്ല. ഉണക്കലരിക്ക് പകരം പച്ചരിയാണ് ഉപയോഗിക്കുന്നത്. പച്ചരിയില്‍ മഞ്ഞള്‍പൊടിയോ കുങ്കുമമോ ചേര്‍ത്ത് ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍ കൂടുതല്‍ ലഭിക്കുന്ന ധാന്യമായ ഗോതമ്പാണ് ഉപയോഗിക്കുന്നത്. ഗോതമ്പ് മണികളില്‍ മഞ്ഞള്‍പൊടിയോ കുങ്കുമമോ ചേര്‍ത്ത് ഉപയോഗിക്കും. പൂജാകര്‍മ്മങ്ങളില്‍ പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ തത്വങ്ങള്‍ ഉപയോഗിക്കുന്നു. പുഷ്പം ആകാശതത്വമായിട്ടുള്ളതാണ്.
പുഷ്പം ഇല്ലെങ്കില്‍ അക്ഷതം കൊണ്ട് പൂജ പൂര്‍ത്തിയാക്കാം എന്നാണ് സങ്കൽപം. അക്ഷതം ഒരേ സമയം തന്നെ ഭൂമി, ആകാശം എന്നീ തത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാണിത്. കേരളത്തിലെ പൂജാ സമ്പ്രദായങ്ങളിൽ നെല്ലിനെ സ്വർണമായും അരിയെ വെള്ളിയായും സങ്കല്പിക്കാറുണ്ട്. വഴിപാടംശം പോലെ പാവനവും പരിശുദ്ധവുമായതിനാൽ പൂജ കഴിഞ്ഞു തിരികെ ലഭിക്കുന്ന പുണ്യമാര്‍ന്ന അക്ഷതം പവിത്രമായി സൂക്ഷിക്കേണ്ടതുമാണ് എന്നാണ് സങ്കൽപം.