യുവാക്കള്‍, പ്രത്യേകിച്ച് ജെന്‍സികള്‍ മദ്യം അവഗണിച്ച് ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മദ്യം ഒഴിവാക്കുന്ന പ്രവണത ഇവര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1997-നും 2012-നും ജനിച്ചവരുടെ ഇടയിലാണ് ഈ പ്രവണത കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
മദ്യപിക്കാന്‍ നിയമപരമായി അംഗീകാരമുള്ള പ്രായത്തിലുള്ളവരില്‍ 36 ശതമാനം പേരും ഒരിക്കലും മദ്യം കഴിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മദ്യപാനത്തിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അവബോധത്തെയാണ് സൂചിപ്പിക്കുന്നത്. ബോധപൂര്‍വം മദ്യം ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം ആരോഗ്യകാര്യങ്ങളിലുള്ള ശ്രദ്ധയാണെന്നും പഠനം കണ്ടെത്തി.
advertisement
ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനായാണ് മദ്യം ഒഴിവാക്കുന്നതെന്ന് റിപ്പോര്‍ട്ടിന്റെ ഭാഗമായി പ്രതികരിച്ച 87 ശതമാനം ജെന്‍സികള്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക വിവേകവും ക്ഷേമവും ഈ മാറ്റത്തില്‍ പ്രധാന പങ്കുവഹിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
പണം ലാഭിക്കാനും സമ്പാദിക്കാനുമായി മദ്യം കഴിക്കുന്നത് ഒഴിവാക്കുന്നതായി ഏകദേശം 30 ശതമാനം യുവാക്കള്‍ പ്രതികരിച്ചു. ഉറക്കം മെച്ചപ്പെടുത്താനും മാനസിക വ്യക്തത നിലനിര്‍ത്താനുമായി മദ്യപാനം അകറ്റിനിര്‍ത്തിയതായി 25 ശതമാനം ജെന്‍സികള്‍ പറഞ്ഞു.
സാമൂഹികമായി മദ്യപിക്കുന്ന യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ഒരു പുതിയ ജീവിതശൈലിയെ കുറിച്ചും പഠനം എടുത്തുകാണിച്ചു. ഇതിനെ സീബ്ര സ്ട്രീപ്പിംഗ് എന്നാണ് വിളിക്കുന്നത്. ആളുകള്‍ എന്തെങ്കിലും സമൂഹ വിരുന്നുകളിലും പരിപാടികളിലും മദ്യപിക്കുന്നതിനെയും മറ്റ് പാനീയങ്ങള്‍ കുടിക്കുന്നതിനെയുമാണ് ഇങ്ങനെ പറയുന്നത്. അമിതമായി മദ്യം കഴിക്കുന്നതിനേക്കാള്‍ മിതത്വത്തിനും സന്തുലിതാവസ്ഥയ്ക്കും മുന്‍ഗണന നല്‍കുന്ന പ്രവണതയാണ് ഈ സമീപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
പതിവായുള്ള മദ്യം ഉപഭോഗത്തില്‍ വലിയ കുറവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2025-ല്‍ ആഴ്ചയില്‍ മദ്യപിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത് 17 ശതമാനം പേരാണ്. 2020-ല്‍ ഇത് 23 ശതമാനമായിരുന്നു. മാത്രമല്ല, ഇടയ്ക്കിടെ മദ്യപിക്കുന്നവരില്‍ 53 ശതമാനം പേര്‍ മദ്യപാനം കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് ഈ വിഭാഗം 44 ശതമാനമായിരുന്നു. 2020 മുതല്‍ ഒരിക്കലും മദ്യം കഴിക്കാത്തവരുടെ എണ്ണം മൂന്ന് ശതമാനം കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
യുവാക്കള്‍ക്കിടയില്‍ ആരോഗ്യബോധം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മദ്യ വിപണിയായി ഇന്ത്യ തുടരുന്നു. 2024-നും 2029-നും ഇടയില്‍ രാജ്യത്തെ മദ്യ ഉപഭോഗം 357 ദശലക്ഷം ലിറ്റര്‍ വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ആഗോള മദ്യ ഉപഭോഗം 2024-ൽ 253 ബില്യൺ ലിറ്ററായിരുന്നു. ലോകത്തിന്റെ മദ്യ വിപണി മൂല്യം 1.7 ട്രില്യൺ ഡോളറായി ഇക്കാലയളവിൽ ഉയർന്നും. മൊത്തം വിൽപ്പനയിൽ ഉണ്ടായ വർദ്ധന 0.6 ശതമാനമാണ്.
