അറിവിനൊപ്പം ഭാഗ്യം കൂടി കടാക്ഷിച്ചതോടെ പരിപാടിയില്‍ നിന്ന് അഞ്ച് കോടി രൂപ നേടിയെങ്കിലും വൈകാതെ തന്നെ അദ്ദേഹം മദ്യത്തിന് അടിമയായി. പിന്നാലെ കടുത്ത സാമ്പത്തിക നഷ്ടവും അദ്ദേഹം നേരിട്ടു.
ബിഹാര്‍ സ്വദേശിയായ സുശീല്‍ കുമാറിന്റെ വിജയഗാഥ സാധാരണക്കാരായ ഒട്ടേറെപ്പേര്‍ക്ക് പ്രചോദനമായിരിന്നു. ഇതിന് പിന്നാലെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതഗതിയെ അപ്പാടെ മാറ്റിമറിച്ചു.
തനിക്ക് കിട്ടിയ തുക മുഴുവന്‍ തന്നെ കബളിപ്പിച്ച് ഒട്ടേറെപ്പേര്‍ തട്ടിയെടുത്തതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സുശീല്‍ കുമാര്‍ വെളിപ്പെടുത്തിയിരുന്നു. സുശീല്‍ കുമാറിന്റെ വെളിപ്പെടുത്തല്‍ വൈറലായിരുന്നു.
advertisement
പണം ചെലവഴിക്കുന്നത് സംബന്ധിച്ചുള്ള അജ്ഞതയും മറ്റുള്ളവരോട് ഔദാര്യപൂര്‍വം പെരുമാറിയതും ചിലര്‍ മുതലെടുത്തതായി അദ്ദേഹം പറഞ്ഞു. അതേസമയം, വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ നിക്ഷേപങ്ങളും സംഭാവനകളുമെല്ലാം പണം മുഴുവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. പതിവായി പണം സംഭാവനയായി നല്‍കാന്‍ തുടങ്ങി. ഒരു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് പരിപാടികളില്‍ പങ്കെടുക്കുന്നത് പതിവാക്കി. ഈ ചെയ്യുന്നതെല്ലാം നല്ലതാണെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരുന്നത്.
എന്നാല്‍, താന്‍ സംഭാവന ചെയ്തതെല്ലാം തന്റെ ദയാപൂര്‍വമുള്ള പെരുമാറ്റം കണ്ട് മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നതാണെന്ന് അദ്ദേഹം മനസ്സിലാക്കിയത് വളരെ വൈകിയാണ്. സാമ്പത്തിക ബാധ്യതകള്‍ പെരുകിയത് വ്യക്തിജീവിതവും താറുമാറാക്കി. വൈകാതെ ഭാര്യയുമായുള്ള ബന്ധവും വഷളായി.
ശരിയും തെറ്റും തിരിച്ചറിയാല്‍ കഴിയാതെ പോയതില്‍ ഭാര്യ തന്നെ വിമര്‍ശിച്ചിരുന്നതായും സുശീല്‍ കുമാര്‍ പറഞ്ഞിരുന്നു. സ്വന്തം ഭാവി നശിപ്പിച്ച് മറ്റുള്ളവരെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെയും ഭാര്യ പലപ്പോഴും വിമര്‍ശിച്ചിരുന്നതായും സുശീല്‍ കുമാര്‍ വ്യക്തമാക്കി. വൈകാതെ ഈ പിരിമുറുക്കം കുടുംബജീവിതത്തല്‍ വഴക്കുകള്‍ക്ക് വഴിവെച്ചു.
ഇതിന് പുറമെ മദ്യത്തിനും പുകവലിയിലും താത്പര്യം പ്രകടിപ്പിച്ചിരുന്ന ഒരു കൂട്ടം ആളുകളുമായി ചങ്ങാത്തം തുടങ്ങിയതോടെ സുനില്‍ കുമാറിന്റെ പതനം വേഗത്തിലായി. ഡല്‍ഹിയില്‍ ഒരാഴ്ചയോളം താമസിച്ച് ഒരു സംഘത്തിനോടൊപ്പം മദ്യപാനത്തിലും പുകവലിയിലും ഏര്‍പ്പെട്ടത് ലഹരിയോടുള്ള ആസക്തി വര്‍ധിപ്പിച്ചതായി സുനില്‍ കുമാര്‍ വെളിപ്പെടുത്തി.
ഇതിനിടെ സുശീല്‍ കുമാറിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളായി. വൈകാതെ തന്നെ അദ്ദേഹത്തിന്റെ സമ്പത്ത് മുഴുവന്‍ നശിച്ചു. ഒരുകാലത്ത് വളരെയധികം ആഘോഷിക്കപ്പെട്ട അദ്ദേഹം പിന്നീട് വളരെക്കാലം പാല്‍ വിറ്റാണ് ഉപജീവനമാര്‍ഗം കണ്ടെത്തിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ഒരു മാധ്യമപ്രവര്‍ത്തകനോട് സുശീല്‍ കുമാര്‍ പ്രകോപിതനായി പെരുമാറിയിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതായി പാല്‍ വിറ്റ് ജീവിക്കുകയാണെന്ന് അദ്ദേഹം അന്ന് വെളിപ്പെടുത്തി.
സുശീല്‍ കുമാറിന്റെ ഈ വെളിപ്പെടുത്തലിന് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സമ്പത്തുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ ചുറ്റിപ്പറ്റിയിരുന്നവര്‍ അത് നഷ്ടമായതോടെ അദ്ദേഹത്തെ വിട്ടുപോയി. പരിപാടികളിലേക്കൊന്നും അദ്ദേഹത്തെ ക്ഷണിക്കാതെയായി. ഈ സമയം തനിക്ക് പറ്റിയ ചതിക്കുഴികളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. അവസാനം ശാന്തമായ ജീവിതം നയിക്കാന്‍ സുശീല്‍ കുമാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസമേഖലയില്‍ ഊന്നല്‍ നല്‍കിയ അദ്ദേഹം അധ്യാപകവൃത്തിയിലേക്ക് തിരിച്ചു. പണത്തേക്കാള്‍ അറിവിലൂടെ മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യബോധം അദ്ദേഹം പിന്തുടർന്നു. സിനിമയില്‍ അഭിനയിക്കാന്‍ ഒരു കാലത്ത് അദ്ദേഹം താത്പര്യപ്പെട്ടിരുന്നുവെങ്കിലും ആ സ്വപ്‌നവും സാക്ഷാത്കരിക്കപ്പെട്ടില്ല. എങ്കിലും അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം അതില്‍ തന്നെ തുടരുകയായിരുന്നു.