അടുത്ത വര്‍ഷം ആദ്യത്തോടെ വാക്‌സില്‍ വിതരണത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്റെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്നും മുഴകളുടെ വലുപ്പം കുറഞ്ഞതായും പുതിയൊരു സ്ഥലത്ത് മുഴകള്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ കഴിഞ്ഞുവെന്നും ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.
കാന്‍സറിനുള്ള വാക്‌സിനുകള്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ ഇത് രോഗികള്‍ക്ക് ലഭ്യമാകുമെന്നും ഫെബ്രുവരിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചിരുന്നു.
advertisement
അതേസമയം, ഏത് തരം കാന്‍സറിനുള്ള വാക്‌സിനാണ് വികസിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മറ്റ് നിരവധി രാജ്യങ്ങള്‍ സമാനമായ പരീക്ഷണങ്ങള്‍ നടത്തി വരുന്നുണ്ട്. വ്യക്തിഗതമായ കാന്‍സര്‍ ചികിത്സ (personalised cancer treatments) വികസിപ്പിക്കുന്നതിന് ജര്‍മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക് കമ്പനിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാന്‍സര്‍ വാക്‌സിനുകളില്‍ എഐയുടെ ഉപയോഗം
കൃത്രിമമായ ന്യൂറല്‍ നെറ്റ് വര്‍ക്കുകളുടെ ഉപയോഗം വ്യക്തിഗത കാന്‍സര്‍ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനുള്ള സമയം കുറയ്ക്കുമെന്ന് ജിന്റ്സ്ബർഗ് വ്യക്തമാക്കി.
"ഇപ്പോള്‍ വാക്‌സിനുകള്‍ നിര്‍മിക്കാന്‍ വളരെയധികം സമയമെടുക്കുന്നുണ്ട്. കാരണം, വാക്‌സിന്‍ അല്ലെങ്കില്‍ വ്യക്തിഗതമായ എംആര്‍എന്‍എ എങ്ങനെയായിരിക്കണം എന്നതിന് ഗണിതശാസ്ത്രത്തിലെ മട്രിക്‌സ് രീതികളാണ് ഉപയോഗിക്കുന്നത്. ഈ പ്രക്രിയയില്‍ എഐയെ ആശ്രയിക്കുന്നത് സമയം വളരെയധികം കുറയ്ക്കും. വാക്‌സിന്‍ നിര്‍മാണത്തിനായി എഐ ആശ്രയിക്കുന്ന ഇവാനിക്കോവ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്," റഷ്യന്‍ വാക്‌സിന്‍ മേധാവി ജിന്റ്സ്ബർഗ് ടാസിനോട് പറഞ്ഞു.
മരുന്നു കമ്പനികളായ മോഡേണയും മെര്‍ക്ക് ആന്‍ഡ് കോയും പരീക്ഷണാടിസ്ഥാനത്തില്‍ ഒരു കാന്‍സര്‍ വാക്‌സില്‍ വികസിപ്പിച്ചെടുത്തിരുന്നു. മൂന്ന് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം ചര്‍മത്തെ ബാധിക്കുന്ന ഏറ്റവും മാരകമായ കാന്‍സറായ മെലനോമ വീണ്ടും പിടിപെടാനും മരണം സംഭവിക്കാനുമുള്ള സാധ്യത പകുതിയായി കുറഞ്ഞതായി ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
സെര്‍വിക്കല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുമെന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസുകള്‍ക്കെതിരേ (എച്ച്പിവി) പ്രവർത്തിക്കുന്ന വാക്‌സിനുകളും കരളിനെ ബാധിക്കുന്ന കാന്‍സറിന് കാരണമായ ഹെപ്പറ്റൈറ്റിസ് ബിയ്ക്കെതിരേ(എച്ച്ബിവി) പ്രവർത്തിക്കുന്ന വാക്‌സിനുകളും ഇന്ന് ലഭ്യമാണ്.
Summary: Russia to disburse newly developed cancer vaccine to public for free