20 വർഷത്തോളമായി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ഫോസിൽ ട്രായാസിക് (Triassic) കാലഘട്ടത്തിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്ട്. ഡൈനോസെഫാലോസോറസ് (Dinocephalosaurus) വിഭാഗത്തിലെ ഈ ഫോസിൽ ചൈനീസ് പുരണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഡ്രാഗണിനോട് സാദൃശ്യം പുലർത്തുന്നതായി ഗവേഷണ സംഘത്തിലെ ഡോ. നിക്ക് ഫ്രേസർ പറഞ്ഞു. എട്ടിന്റെ രൂപത്തിൽ വളഞ്ഞിരിക്കുന്ന ഇതിന്റെ ശരീര ഘടന അതിന്റെ ജീവിത ശൈലിയിലേക്കും കൂടാതെ നീണ്ട കഴുത്ത് ഉൾപ്പെടെയുള്ള സവിശേഷതകളിലേക്കും വെളിച്ചം വീശുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
32ഓളം കശേരുക്കളുടെ സാന്നിധ്യമാണ് ഈ ജീവിയുടെ നീളമുള്ള കഴുത്തിന് കാരണമെന്നും അതിന്റെ പ്രവർത്തനം ഇപ്പോഴും തന്നെ അമ്പരപ്പിക്കുന്നതായും ഫ്രേസർ പറയുന്നു. വെള്ളത്തിലെ പാറകൾക്കും മറ്റുമിടയിലെ ഇരപിടുത്തത്തിന് നീളമുള്ള കഴുത്ത് സഹായിച്ചിരിക്കാമെന്നും ഫ്രേസർ സൂചിപ്പിച്ചു. കൂടാതെ ഫോസിലിന്റെ ആമാശയത്തിൽ നിന്നും കണ്ടെത്തിയ മത്സ്യത്തിന്റെ സാന്നിധ്യം ഡൈനോസെഫാലോസോറസ് സമൂഹത്തിന്റെ സമുദ്രങ്ങളിലെ ജീവിതത്തെക്കുറിച്ചുള്ള മുൻ കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണെന്നും ഫ്രേസർ വ്യക്തമാക്കി.
advertisement
ബീജിങ്ങിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെർട്ടിബ്രേറ്റ് പാലിയന്റോളജി ആൻഡ് പാലിയാന്ത്രോപ്പോളജിയിലെ (Institute of Vertebrate Paleontology and Palaeoanthropology ) പ്രൊഫസറായ ലി ചുന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യമായി ഫോസിൽ കണ്ടെത്തിയത്. അതിന് ശേഷം സ്കോട്ട്ലൻഡ്, ജർമ്മനി, അമേരിക്ക, ചൈന എന്നിവിടങ്ങളിലെ ഗവേഷണ സംഘങ്ങൾ ഫോസിലിൽ പഠനം നടത്തി വരുന്നു. ഡൈനോസെഫാലോസോറസിന്റെ നീളമുള്ള കഴുത്ത് മറ്റൊരു സമുദ്ര ഉരഗമായിരുന്ന ടാനിസ്ട്രോഫിയസ് ഹൈഡ്രോയ്ഡുമായി (Tanystropheus Hydroides) സാമ്യമുള്ളതാണെന്നും പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു.