'താന്‍ പിന്തുടരുന്ന ഒരേയൊരു മതം മാനവികത' ആണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ശ്രീജനി തന്റെ പേരിനൊപ്പമുള്ള കുടുംബപ്പേര് മുറിച്ചുമാറ്റിയത്. സമത്വത്തിലുള്ള തന്റെ വിശ്വാസത്തിന്റെ ഭാഗമായാണിതെന്നും ശ്രീജനി പറയുന്നു.
പ്ലസ് ടു പരീക്ഷയ്ക്ക് മുന്നോടിയായി തന്നെ തന്റെ പേരില്‍ നിന്നും കുടുംബ പേര് ഒഴിവാക്കി ശ്രീജനി എന്ന് മാത്രം രജിസ്റ്റര്‍ ചെയ്യുന്നതിനായി പെണ്‍കുട്ടി ഔദ്യോഗിക അനുമതി തേടിയിരുന്നു. ഈ അപേക്ഷ ബന്ധപ്പെട്ടവര്‍ അംഗീകരിക്കുകയും ചെയ്തു.
പേര് ചുരുക്കുന്നതിന് സ്ഥാപനത്തിന്റെ ഭാഗത്തു നിന്നും എതിര്‍പ്പുകളൊന്നും ഇല്ലെന്ന് ദി ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റഞ്ജന്‍ മിറ്റര്‍ പറഞ്ഞു. നിയമം തൃപ്തികരമാകുന്നിടത്തോളം ഇത് തങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ലെന്നും ഓരോ വ്യക്തിയെയും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ശ്രീജനിയുടെ കുടുംബത്തിന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
സമത്വത്തെ കുറിച്ചുള്ള തന്റെ നിലപാടുകളെ കുറിച്ച് ശ്രീജനി മാധ്യമങ്ങളോട് പ്രതികരിച്ചു. സാമൂഹികമോ സാമ്പത്തികമോ മതപരമോ ആയിട്ടുള്ള എല്ലാതരം അസമത്വങ്ങള്‍ക്കും താന്‍ എതിരാണെന്നും വര്‍ഗീയ ആക്രമണവും മതപരമായ വര്‍ഗീയതയും വിഭജന ശക്തികളാണെന്നും ശ്രീജനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സഹിഷ്ണുത, പരസ്പര ബഹുമാനം, സമത്വം ആശയങ്ങള്‍ എന്നിവയിലൂടെ മാത്രമേ ഒരു ബഹുസ്വര സമൂഹത്തിന് അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശ്രീജനി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും മതപരമായ യുദ്ധങ്ങളും അധികാര ശ്രേണികളുമില്ലാത്ത ഒരു സമൂഹമാണ് താന്‍ സ്വപ്‌നം കാണുന്നതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പ്രവര്‍ത്തനങ്ങളിലും ശ്രീജനി സജീവമാണ്. കൊല്‍ക്കത്തയില്‍ പിജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 14-ന് നടന്ന പ്രതിഷേധ പരിപാടിയില്‍ സഹോദരിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ശ്രീജനിയും പങ്കെടുത്തിരുന്നു. ' റീക്ലെയിം ദി നൈറ്റ്' എന്ന പേരില്‍ സ്ത്രീ സുരക്ഷയും നീതിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ ആയിരകണക്കിന് ആളുകള്‍ക്കൊപ്പമാണ് ശ്രീജനിയും പങ്കെടുത്തത്.
ഗുരുദാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ശ്രീജനിയുടെ അമ്മ ഗോപ മുഖര്‍ജി. അച്ഛന്‍ ദേബാശിഷ് ഗോസ്വാമി ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗണിതശാസ്ത്രജ്ഞനാണ്. 2012-ലെ ശാന്തി സ്വരൂപ് ഭട്‌നഗര്‍ പുരസ്‌കാര ജേതാവ് കൂടിയാണ് അദ്ദേഹം. ശ്രീജനിയുടെ ബോധ്യങ്ങള്‍ മാതാപിതാക്കളില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ്.
വിവാഹ ശേഷം താന്‍ കുടുംബപ്പേര് മാറ്റിയിട്ടില്ലെന്നും കുട്ടികള്‍ക്ക് അവരുടെ പേരിനൊപ്പം അച്ഛന്റെയോ അമ്മയുടെയോ കുടുംബപ്പേര് ചേര്‍ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും ഗോപ മുഖര്‍ജി പറഞ്ഞു. താനും ഭര്‍ത്താവും ജാതീയതയ്ക്കും പുരുഷമേധാവിത്വത്തിനും എതിരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ ജാതി, മതം, ധര്‍മ്മം എന്നിവയുടെ ഭാരമില്ലാതെ സ്വതന്ത്ര മനസ്സോടെ വളരണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും പ്രധാനമായും അവര്‍ മനുഷ്യരായിരിക്കണം എന്നും മുഖര്‍ജി വ്യക്തമാക്കി. രക്ഷിതാക്കളുടെ തീരുമാനങ്ങളെ കുട്ടികള്‍ ബഹുമാനിക്കുന്നു എന്നത് സന്തോഷകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോള്‍ കുടുംബപ്പേരിന്റെ കോളം കാലിയാക്കിയിടുകയാണ് ചെയ്തതെന്നും മുഖര്‍ജി പറഞ്ഞു. ഇതുകാരണം ആരും തങ്ങളെ ചോദ്യം ചെയ്തിട്ടില്ല. പാസ്‌പോര്‍ട്ടില്‍ പോലും കുടുംബ പേര് നിര്‍ബന്ധമില്ലെന്നും തങ്ങള്‍ കുടുംബപ്പേര് ഉപയോഗിക്കുന്നുണ്ടെങ്കിലും തങ്ങളുടെ മതം 'മാനവികത' ആണെന്നും മുഖര്‍ജി വിശദമാക്കി.
പുരോഗമനപരമായ നിലപാട് അക്കാദമിക് നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് ശ്രീജനിക്ക് അംഗീകാരം നേടികൊടുത്തു. സംസ്ഥാന വൈദ്യുത മന്ത്രിയും ടോളിഗുഞ്ചില്‍ നിന്നുള്ള എംഎല്‍എയുമായ അരൂപ് ബിശ്വാസ് ശ്രീജനിയുടെ റാണികുത്തിയിലുള്ള വസിതിയില്‍ എത്തി അവരെ അഭിനന്ദിച്ചു. സാമൂഹിക മൂല്യങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) ഭൗതികശാസ്ത്രത്തിലോ ഗണിതത്തിലോ ഉന്നത പഠനം നടത്താനാണ് ശ്രീജനി ആഗ്രഹിക്കുന്നത്. ഇപ്പോള്‍ പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ് ശ്രീജനി.