ഓൺലൈനിൽ പങ്കിട്ട മുത്തശ്ശിയുടെ ദിനചര്യകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ടിവി കാണുന്നതിനായി ഈ മുത്തശ്ശി രാത്രി വൈകുവോളം ചെലവഴിക്കുന്നു. സ്‌നാക്ക്‌സ് കഴിച്ചാണ് ഈ ഇരിപ്പ്. ചെറുപ്പത്തിലെ തിരഞ്ഞെടുപ്പുകളാണ് മുത്തശ്ശിയുടെ ജീവിതചര്യകളെ രൂപപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒരു മുഴുവൻ സമയ വീട്ടമ്മയാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് ഒരു സർക്കാർ സംരംഭത്തിൽ ജോലി ചെയ്യാൻ ലഭിച്ച അവസരം ജിയാങ് നിരസിക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഏഴ് മക്കളാണ് മുത്തശ്ശിക്കുള്ളത്. തന്റെ കുട്ടികൾക്കായി അവർ സ്വയം സമർപ്പിച്ചു. കുടുംബത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുള്ള ഈ ജീവിതമാണ് ഇന്നത്തെ അവരുടെ ദിനചര്യയെ രൂപപ്പെടുത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കി.
advertisement
'റിവേഴ്‌സ് ഡെയ്‌ലി റൂട്ടീൻ' (reverse daily routine) എന്നാണ് മുത്തശ്ശിയുടെ ദിനചര്യയെ അവരുടെ മകൾ വിശേഷിപ്പിക്കുന്നത്. ഓൺലൈനിൽ മുത്തശ്ശി ശ്രദ്ധ നേടാനുള്ള കാരണവും ഇത് തന്നെയാണ്. രാത്രി മുതൽ പുലർച്ചെ രണ്ട് മണി വരെ ജിയാങ് ടിവി കണ്ട് ഉണർന്നിരിക്കും. രാവിലെ കൃത്യം 10 മണിക്ക് അലാറത്തിന്റെ സഹായമില്ലാതെ തന്നെ പതിവായി അവരെഴുന്നേൽക്കും. ഇത് എല്ലാ ദിവസവും തുടരുന്നു. എഴുന്നേറ്റയുടനെ ആദ്യം ചെയ്യുന്നത് ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
"എന്റെ അമ്മ ഒരു ചെറുപ്പക്കാരിയെ പോലെയാണ്. അവർ യഥാർത്ഥത്തിൽ ഒരു രാത്രി മൂങ്ങയാണ്. രാത്രി ഉറങ്ങാതിരുന്നിട്ടും അവരുടെ ഉറക്കത്തിന്റെ നിലവാരം വളരെ നല്ലതാണ്. പുലർച്ചെ രണ്ട് മണിക്ക് കിടന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അവർ ഉറങ്ങും. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് ഈ ദിനചര്യ രൂപപ്പെട്ടത്", മകൾ യാവോ സോങ്പിങ് പറഞ്ഞു.
ഒരു വീഴ്ചയെ തുടർന്നാണ് ജിയാങ്ങിന്റെ ഈ ശീലങ്ങൾ വികസിച്ചതെന്നും പറയുന്നുണ്ട്. വീഴ്ചയിൽ കൈയ്ക്ക് പരിക്കേറ്റ് ശസ്ത്രക്രിയ നടത്തിയതിനുശേഷമാണിതെന്നും കുടുംബം പറയുന്നു. സുഖം പ്രാപിച്ചെങ്കിലും ആയാസപ്പെട്ട വീട്ടുജോലികൾ ചെയ്യുന്നതിൽ നിന്നും കുടുംബം മുത്തശ്ശിയെ വിലക്കി. ഇതോടെ പകൽ സമയത്ത് ഒന്നും ചെയ്യാനില്ലാതെ വരികയും കൂടുതൽ നേരം അവർ ഉറങ്ങാൻ തുടങ്ങുകയും ചെയ്തു. ഇത് രാത്രിയിലെ ഉറക്കത്തെ തടസപ്പെടുത്തി. കാലക്രമേണ രാത്രി മുഴുവനും ഇരുന്ന് ടിവി കാണുകയും പുലർച്ചെ ഉറങ്ങുകയും ചെയ്യുന്നത് ശീലമായി. ഇത് പതിവ് രീതികളുമായി പൊരുത്തപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണം അവരുടെ ദിവസത്തിന്റെ പ്രധാന ഭാഗമാണ്. ഉറക്കമുണർന്നശേഷം ബ്രഞ്ചും രാത്രി അത്താഴവും വൈകിട്ട് ആറ് മണിയോടെ മുത്തശ്ശി ആസ്വദിക്കും. വൈകിട്ട് വിശന്നാൽ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കും. ബിസ്‌ക്കറ്റോ മറ്റ് ചൈനീസ് റൈസ് കോക്ക് പോലുള്ള പലഹാരങ്ങളോ ആണ് ഇഷ്ടം.
പ്രായം കണക്കിലെടുക്കുമ്പോൾ മുത്തശ്ശിയുടെ പല്ലുകളുടെ ആരോഗ്യവും ഒരു അദ്ഭുതമാണെന്ന് മകൾ പറയുന്നു. അവർ ഒരിക്കലും ദന്താരോഗ്യവുമായി ബന്ധപ്പെട്ട് ഒരു ചികിത്സ പോലും തേടിയിട്ടില്ലെന്നും ഇപ്പോഴും പല്ലുകൾ നല്ല ആരോഗ്യത്തോടെയാണുള്ളതെന്നും യാവോ അറിയിച്ചു. ഈ പ്രായത്തിലും പരിമിതികളില്ലാതെ അവർ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്നും മകൾ വ്യക്തമാക്കി.
30 വർഷത്തിലധികമായി ജിയാങ് അവരുടെ യാവോ എന്ന് കുടുംബ പേരുള്ള ഭർത്താവിനൊപ്പം വെൻഷൗവിൽ താമസിച്ചു. ദമ്പതികൾ പലപ്പോഴും കൈകൾ കോർത്തുപിടിച്ച് നടക്കുകയും സായാഹ്ന സൂര്യനെ ആസ്വദിക്കുകയും ചെയ്യുമായിരുന്നു. അയൽക്കാർ സ്‌നേഹത്തോടെ അവരെ ഏറ്റവും ഐക്യമുള്ള ദമ്പതികൾ എന്ന് വിളിക്കാറുണ്ടായിരുന്നു. കുറച്ച് വർഷം മുമ്പാണ് ഭർത്താവ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ അഭാവത്തിലും ജിയാങ് തന്റെ ദിനചര്യകൾ അതേപടി തുടർന്നു.
"നന്നായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, ദിവസവും ഒരു കപ്പ് ഗ്രീൻ ടീ ആസ്വദിക്കുക എന്നിവയെല്ലാം പ്രധാനമാണ്. എങ്കിലും യഥാർത്ഥത്തിൽ ഏറ്റവും പ്രധാനം അവരുടെ മാനസികാവസ്ഥയാണ്. അവർ ഒരിക്കലും ദേഷ്യം മനസ്സിൽ സൂക്ഷിക്കുകയോ കാര്യങ്ങളെ അതിരുകടന്ന് ഗൗരവമായി എടുക്കുകയോ ചെയ്യുന്നില്ല. അവർ വൈരാഗ്യം കൊണ്ടുനടക്കുന്നില്ല. അസാധാരണമായ വ്യക്തതയോടും സമാധാനത്തോടും കൂടിയാണ് അവർ തന്റെ ജീവിതം നയിക്കുന്നതെന്ന് പറയാം", മുത്തശ്ശിയുടെ ദീർഘായുസ്സിനെ കുറിച്ച് ചോദിച്ചപ്പോൾ യാവോ മറുപടി പറഞ്ഞു.
ജിയാങ്ങിന്റെ കഥ വളരെ പെട്ടെന്ന് ഓൺലൈനിൽ ശ്രദ്ധനേടുകയും അതൊരു ചർച്ചയ്ക്ക് കാരണമാകുകയും ചെയ്തു. നിരവധി പേർ അഭിപ്രായങ്ങളും പങ്കുവെച്ചു. ഒരു പോസിറ്റീവ് മാനസികാവസ്ഥ എല്ലാം മികച്ചതാക്കുന്നുവെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. കുടുംബ ഐക്യമാണ് പ്രധാനമെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. ദേഷ്യം നിങ്ങളെ ബാധിക്കാൻ നിങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ നിങ്ങൾ നല്ല മാനസികാവസ്ഥയിൽ തുടരുകയും നന്നായി ഉറങ്ങുകയും ചെയ്യുമെന്നും ഇത് സ്വാഭാവികമായും ദീർഘായുസ്സിന് കാരണമാകുന്നുവെന്നും മറ്റൊരാൾ കുറിച്ചു.
