ബംഗളൂരുവില്‍ നിന്നുള്ള ഒരു സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍ അടുത്തിടെ റെഡ്ഡിറ്റിലെ ഡെവലപ്പേഴ്‌സ് ഇന്ത്യ എന്ന ഓണ്‍ലൈന്‍ ഫോറത്തില്‍ പങ്കുവെച്ച ആശങ്കയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്ഥിരമായി റിമോട്ട് ജോലി (വര്‍ക്ക് ഫ്രം ഹോം - Work from Home) അനുവദിക്കുന്ന നയം കമ്പനിക്കുണ്ടായിട്ടും തന്റെ സൂപ്പര്‍വൈസര്‍ തന്നെ 300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫീസില്‍ ചെന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
കമ്പനി അനിശ്ചിതകാലത്തേക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തിയതായി ജീവനക്കാരന്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ രീതിയിലാണ് ടീം പ്രവർത്തിക്കുന്നത്. കമ്പനിയുടെ ആസ്ഥാനം ബംഗളൂരുവിലാണെങ്കിലും മിക്ക ജീവനക്കാരും ഇടയ്ക്ക് മാത്രമേ ഓഫീസില്‍ എത്താറുള്ളൂ. പ്രത്യേക മീറ്റിംഗുകള്‍ക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ മാത്രമാണ് ജീവനക്കാര്‍ ഓഫീസില്‍ വരുന്നതെന്നും ജീവനക്കാരന്‍ വിശദമാക്കി.
advertisement
നഗരത്തില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെയാണ് ഇദ്ദേഹം താമസിക്കുന്നത്. സാധാരണയായി രണ്ട് മാസത്തിലൊരിക്കല്‍ ഓഫീസില്‍ ചെല്ലാറുണ്ടെന്നും പ്രധാനമായും നേതൃത്വ ചര്‍ച്ചകള്‍ക്കോ ടീം ഒത്തുചേരലുകള്‍ക്കോ വേണ്ടിയാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ ടീമിനുള്ളില്‍ ഐക്യം നിലനിര്‍ത്താനും തൊഴിലിട സംസ്‌കാരം നിലനിര്‍ത്താനുമായി എല്ലാ ആഴ്ചയിലും ഓഫീസിലെത്തണമെന്ന് മാനേജര്‍ അടുത്തിടെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് മൂന്ന് ജീവനക്കാരും ഇതേ സമ്മര്‍ദ്ദം നേരിട്ടതായും പോസ്റ്റില്‍ പറയുന്നുണ്ട്. ഈ ജീവനക്കാര്‍ മാനേജര്‍ പറയുന്നത് അനുസരിക്കാന്‍ നിര്‍ബന്ധിതരായെന്നും ഇതിലൊരാള്‍ ഓഫീസില്‍ നിന്നും വളരെ അകലെയാണ് താമസിക്കുന്നതെന്നും ടെക്കി വിശദമാക്കി. ഇവരെ ഉദാഹരിച്ച് മറ്റ് ടീം അംഗങ്ങളിലും മാനേജര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് അദ്ദേഹം വിശദമാക്കി.
പതിവ് യാത്രകള്‍ അപ്രായോഗികവും ക്ഷീണിപ്പിക്കുന്നതുമാണെന്ന് ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടും മാനേജര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ടെക്കി പരാതിപ്പെടുന്നുണ്ട്. ഇത് തങ്ങൾക്കിടയിൽ അസ്വസ്ഥതയും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുകാലത്ത് സൗഹൃദപരമായിരുന്ന തൊഴില്‍ ബന്ധം ഇപ്പോള്‍ വഷളായികൊണ്ടിരിക്കുകയാണ്. ഉന്നത മാനേജ്‌മെന്റിലേക്ക് ഈ പ്രശ്‌നം അവതരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെ തകര്‍ക്കുകയോ കമ്പനിക്കുള്ളിലെ തന്റെ നിലയെ ബാധിക്കുകയോ ചെയ്യുമോയെന്ന് ഭയപ്പെടുന്നതായും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ശക്തമായ പ്രതികരണമാണ് ഈ പോസ്റ്റിന് റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയില്‍ നിന്നും ലഭിച്ചത്. നിരവധി ഇന്ത്യന്‍ മാനേജര്‍മാര്‍ ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് ഒരാള്‍ ചോദിച്ചു. പ്രൊമോഷനും ജോലിയിലെ പ്രകടന വിലയിരുത്തലും ഓഫീസ് ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പല സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുടെ ഹാജര്‍ നിലനിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി.
ജീവനക്കാര്‍ വീട്ടിലിരുന്ന് മികച്ച പ്രകടനം കാഴ്ചവച്ചാലും ഓഫീസില്‍ നേരിട്ട് വരാത്തതിനാല്‍ ടീമിന്റെ വിജയത്തിന് വലിയ അംഗീകാരം ലഭിക്കുന്നില്ലെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി. ചിലര്‍ സമാനമായ അനുഭവങ്ങളും പങ്കിട്ടു.