ദമ്പതികളുടെ മക്കള്‍ അവര്‍ക്കൊപ്പം തന്നെ വളരുകയും പ്രായപൂര്‍ത്തിയായി കഴിയുമ്പോള്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് തിരക്കിലാകുകയും ചെയ്യുന്നു. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് അവര്‍ സന്തുഷ്ടമായ ജീവിതമായിരിക്കും നയിക്കുന്നത്. ഇരുവരും ഒന്നിച്ച് ഇരുവരുടെയും കുടുംബങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നു. മക്കളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. എന്നാല്‍ വീടിനുള്ളില്‍ അവര്‍ ബന്ധം വേര്‍പിരിഞ്ഞത് പോലെ കഴിയുന്നു. ദമ്പതികള്‍ പരസ്പരം വഴക്കിടുന്നുമില്ല, വേര്‍പിരിഞ്ഞ് ജീവിക്കുന്നതുമില്ല.
നിശബ്ദ വിവാഹമോചനം എന്ന് അറിപ്പെടുന്ന ഇത് ഇന്ന് പല ഇന്ത്യന്‍ കുടുംബങ്ങളും കണ്ടുവരുന്നതായി ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളിലും സമൂഹത്തിന്റെ കണ്ണിലും ദമ്പതികള്‍ വിവാഹിതരായി തുടരുന്നു. എന്നാല്‍ അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ വൈകാരിക, ശാരീരിക അടുപ്പമില്ല.
advertisement
നിശബ്ദ വിവാഹമോചനം എങ്ങനെയാണ്?
"ഇന്ത്യയിലെ മെട്രോനഗരങ്ങളിലും ചെറുപട്ടണങ്ങളിലും നിശബ്ദ വിവാഹമോചനം സാധാരണമാണെന്ന് വിവാഹ കൗണ്‍സിലര്‍മാര്‍ പറയുന്നു. പല ദമ്പതികളും പങ്കാളിയോടുള്ള പ്രണയത്തിലോ പങ്കാളിത്തത്തിലോ അല്ല, മറിച്ച് കുട്ടികള്‍, സാമൂഹികമായുള്ള സമ്മര്‍ദം, പ്രായോഗിക കാരണങ്ങള്‍ എന്നിവ മൂലമാണ് ദാമ്പത്യത്തില്‍ തുടരുന്നത്," ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈക്കോളജിസ്റ്റും വിവാഹ കൗണ്‍സിലറുമായ ഡോ. നിഷ ഖന്ന ഇന്ത്യ ടുഡെയോട് പറഞ്ഞു.
നിസ്സംഗത നിങ്ങളുടെ ബന്ധത്തെ കീഴടക്കുമ്പോള്‍ നിങ്ങള്‍ നിശബ്ദ വിവാഹമോചനത്തിലൂടെ കടന്നുപോകുകയാണെന്ന് മനസ്സിലാക്കാം. ബില്ലുകള്‍ തീര്‍പ്പാക്കല്‍, കുട്ടികള്‍, വീട്ടുജോലികള്‍ എന്നിവയുമായി ബന്ധപ്പെട്ട് സംഭാഷണങ്ങള്‍ ഒതുങ്ങുന്നു. വൈകാരികമായ നിമിഷങ്ങള്‍ വളരെ കുറവായിരിക്കും. ദമ്പതികള്‍ സമാന്തരമായി ജീവിതം നയിക്കുന്നു. വേര്‍പിരിഞ്ഞ് സമയം ചെലവഴിക്കുന്നു. ശാരീരികവും വൈകാരികവുമായ അടുപ്പം പൂര്‍ണമായും ഇല്ലാതാകുന്നു. സാമൂഹികമായ വിധി ഒഴിവാക്കാന്‍ പലപ്പോഴും ദമ്പതികള്‍ നിശബ്ദമായി തങ്ങളുടെ വിവാഹബന്ധത്തില്‍ തുടരുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ ഔദ്യോഗിക വിവാഹമോചനിരക്ക് പശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറവായിരിക്കുന്നതിന്റെ ഒരു കാരണമിതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പല ഇന്ത്യന്‍ കുടുംബങ്ങളിലും കുട്ടികള്‍ക്കുവേണ്ടിയും സാമ്പത്തികമായ ആശ്രയത്വവുമാണ് ദമ്പതികളെ നിശബ്ദ വിവാഹമോചനത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്.
വിവാഹമോചനം രണ്ട് വ്യക്തികള്‍ തമ്മിലുള്ളത് മാത്രമല്ല, മുഴുവന്‍ കുടുംബത്തിനും ഒരു കളങ്കമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ കൂട്ടുകുടുംബ പ്രതീക്ഷകള്‍ അതിനെ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. തുടര്‍ന്ന് പല ദമ്പതികളും ഒരു വീട്ടില്‍ തന്നെ കഴിഞ്ഞുകൂടാന്‍ തീരുമാനിക്കുന്നു.
നിശബ്ദ വിവാഹമോചനം മന്ദഗതിയിലുള്ളതും വൈകാരികവുമായ വിഷം
ദമ്പതികള്‍ക്കിടയിലെ നിശബ്ദ വിവാഹമോചനം പലപ്പോഴും അംഗീകരിക്കാതെ പോകുന്നു, ഈ നിശബ്ദമായ തകര്‍ച്ച ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അടങ്ങിയിരിക്കുന്നു. രണ്ട് പങ്കാളികളുടെയും അവരുടെ കുട്ടികളും ആഘാതം അനുഭവിക്കുന്നു. നിശബ്ദ വിവാഹമോചനം കുടുംബത്തെ മുഴുവനും വൈകാരിതമായി സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ദമ്പതികള്‍ വൈകാരിക അടുപ്പമില്ലാതെ ജീവിക്കുന്നത് ഏകാന്തത, നിരാശ, വിഷാദം എന്നിവയിലേക്ക് നയിക്കേക്കും. ജീവിതമെന്നത് ഒരു പങ്കാളിത്തമെന്നതിനേക്കാള്‍ ഉപരി പതിവ് പോലെ തോന്നാന്‍ തുടങ്ങുന്നു. കുട്ടികളാകട്ടെ ഊഷ്മളതയും വാത്സല്യവും ഇല്ലാത്ത ഒരു അന്തരീക്ഷത്തില്‍ വളരാന്‍ ഇടയാക്കും.
ദമ്പതികളെ കയ്‌പേറിയ ജീവിതം തുടരാന്‍ പ്രേരിപ്പിക്കുന്നു
ഒന്നിന് മുകളില്‍ ഒന്നൊന്നായി കെട്ടിവയ്ക്കപ്പെട്ട നുണകളുടെ പുറത്താണ് ദമ്പതികള്‍ പരസ്പരം ജീവിക്കുക. ഈ മുഖംമൂടി നിലനിര്‍ത്താന്‍ ചെലവഴിക്കുന്ന വൈകാരികമായ ഊര്‍ജം നിരന്തരമായ ക്ഷീണത്തിലേക്കും ആത്മാഭിമാനം തകരുന്നതിനും ഇടയാക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. നിശബ്ദ വിവാഹമോചനം വിഷാദം, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. ഇത് ജീവതത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം കുറയക്കുന്നു.
കുട്ടികള്‍ മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ക്ക് സാക്ഷ്യം വഹിച്ചേക്കില്ല. എന്നാല്‍ വീട്ടിലെ തണുത്ത അന്തരീക്ഷം അവര്‍ക്ക് അനുഭവപ്പെടും. പല കേസുകളിലും കുട്ടികള്‍ മാതാപിതാക്കളില്‍ ഒരാളുടെ പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതരാകും. നിശബ്ദ വിവാഹമോചനങ്ങള്‍ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. ദാമ്പത്യബന്ധത്തില്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന നീരസമാണ് അതില്‍ പ്രകടമാകുന്നത്.
വര്‍ഷങ്ങളായുള്ള അവഗണനയും നിറവേറ്റപ്പെടാത്ത വൈകാരിക, ശാരീരിക ആവശ്യങ്ങള്‍, ഇനിയും പരിഹാരം കാണാത്ത മുന്‍കാലത്തേറ്റ മുറിവുകള്‍(അവിശ്വാസം, കുടുംബത്തിന്റെ ഇടപെടല്‍, സാമ്പത്തിക വഞ്ചന) എന്നിവ മൂലം വളരെ പതുക്കെ നടക്കുന്ന കാര്യമാണതെന്ന് വിദഗ്ധര്‍ പറഞ്ഞു.
ജോലി സമ്മര്‍ദം, ദുരുപയോഗം, രക്ഷാകര്‍തൃപരമായ ഉത്തരവാദിത്വങ്ങള്‍, സാമൂഹിക ബാധ്യതകള്‍, അസമത്വം, വിവാഹേതരബന്ധം എന്നിവയാണ് നിശബ്ദ വിവാഹമോചനത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍.
ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ ദമ്പതികള്‍ തന്നെ സ്വയം മനസ്സുവെച്ച് മുന്നോട്ട് വരണം. നിശബ്ദത തകര്‍ക്കുക എന്നതാണ് ആദ്യപടി. അതിന് വലിയ ധൈര്യം ആവശ്യമാണ്. ദമ്പതികള്‍ക്ക് വലിയ തോതിലുള്ള അസ്വസ്ഥത അനുഭവപ്പെടും. നിറവേറ്റപ്പെടാത്ത ആവശ്യങ്ങളെയും നിരാശകളെയും കുറിച്ച് തുറന്ന് സംസാരിക്കുക. അത് ബന്ധം വീണ്ടും ജ്വലിപ്പിക്കുകയും നിങ്ങളുടെ ബന്ധത്തിന് പുതുജീവന്‍ പകരുകയും ചെയ്യും.
തുറന്ന് സംസാരിക്കാന്‍ ഒരു കൗണ്‍സിലറുടെ ആവശ്യം തേടാവുന്നതാണ്. ഇത് സംഭാഷണത്തിന് അവസരമൊരുക്കുകയും പഴയ രീതികള്‍ തകര്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.
ഒരുതരത്തിലുമുള്ള അനുരഞ്ജനം സാധ്യമല്ലെങ്കില്‍ പരസ്പരം ആദരവോടെ വേര്‍പിരിയുന്നതാണ് അഭികാമ്യം. സന്തോഷകരമായ ജീവിതം നയിക്കാന്‍ വൈകാരികമായ സത്യസന്ധത മക്കളെ പഠിപ്പിക്കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്തമാണെന്ന ഓർമയുണ്ടാവണം.