ഓശാന ഞായറാഴ്ചയുടെ കുർബാന യു ട്യൂബിൽ കണ്ടുകൊണ്ടാണ് ഈ കുറിപ്പ്. മനസിൽ നിറയെ കുരുത്തോല പെരുന്നാളിന്റെ ഓർമകളാണ് അലയടിച്ചുയരുന്നത്. ഓശാന ഞായറിന്റെ അലയൊലികൾ ശനിയാഴ്ചയേ തുടങ്ങും. കുരുത്തോല വെട്ടി പള്ളിയിലേക്ക് എത്തിക്കുന്ന വിശ്വാസികൾ, കുരുത്തോല പ്രദക്ഷിണത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന ശുശ്രൂഷകർ, പള്ളി അലങ്കരിക്കാൻ എത്തുന്ന കന്യാസ്ത്രീകൾ, ഓശാന കുർബാനയ്ക്കുള്ള പാട്ടുകൾ പരിശീലിക്കുന്ന ഗായകസംഘം.... അങ്ങനെയങ്ങനെ.
ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നവർ, അവർ എത്ര പ്രായമുള്ളവരാണെങ്കിലും അവരുടെ ഓർമയിൽ ഇങ്ങനെയൊരു ഓശാന ഞായറോ വലിയ ആഴ്ചയോ ഉണ്ടായിട്ടുണ്ടായിരിക്കില്ല. സ്ഥിരമായി പള്ളിയിൽ പോകാത്തവർ പോലും കൃത്യമായി പള്ളിയിലേക്ക് എത്തുന്ന ദിവസങ്ങളാണ് വിശുദ്ധ വാര (Holy Week) ത്തിലെ ദിവസങ്ങൾ.
advertisement
മല്ലപ്പള്ളി സെന്റ്. ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക പള്ളിയിൽ വൈദികൻ ഫാ. ഫിലിപ്പ് വട്ടമറ്റവും ശുശ്രൂഷകരും ചേർന്ന് ഓശാന ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിക്കുന്നു
കഴുതയുടെ പുറത്ത് വിനയാന്വിതനായി ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമയാചരണമാണ് ഓശാന ഞായർ. ഓശാന, ഓശാന എന്നു പറഞ്ഞാണ് ജറുസലേം ജനത ക്രിസ്തുവിനെ വരവേറ്റത്. ഓശാന, ഹോസാന എന്നതിന് രക്ഷിക്കണേ, സഹായിക്കണേ എന്നൊക്കെയാണ് അർത്ഥം. ജറുസലേം നഗരം മുഴുവൻ ഇളകിമറിഞ്ഞ് സൈത്തിൻ കൊമ്പുകളും ഒലിവിലകളും വീശി ക്രിസ്തുവിനെ ആർപ്പുവിളിച്ച് സ്വീകരിച്ചതിന്റെ ഓർമയാണ് ഓരോ ഓശാന ഞായറും. പക്ഷേ, ഓശാനഞായർ വിശ്വാസം എന്നതിനേക്കാൾ അതൊരു വികാരമാണ്.
അന്ന് രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ തനിക്ക് കിട്ടുന്ന കുരുത്തോല എങ്ങനെയായിരിക്കും എന്നായിരിക്കും കുട്ടികളുടെ ചിന്ത. കുഞ്ഞുനാളിൽ കുരുത്തോല കൈയിൽ കിട്ടിക്കഴിഞ്ഞാൽ അടുത്തുള്ളവരുടെ കൈയിലെ ഓലയുമായി ഒരു താരതമ്യം നടത്താത്തവർ ഇല്ലെന്ന് തന്നെ പറയാം. കുരുത്തോലയുടെ സൗന്ദര്യം, അതിലെന്തെങ്കിലും പാടുണ്ടോ, കീറലുണ്ടോ, ഇളംപച്ച തന്നെയാണോ നിറം... ജനിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഓരോ ഓശാന ഞായറാഴ്ചയും ഇത്യാദി ചിന്തകളെല്ലാം മനസിനെ ഇളക്കിമറിച്ചിട്ടുണ്ട്.
പതിവുകൾ ഇല്ലാത്ത, പതിവുകൾക്ക് വിപരീതമായ ഒരു ഓശാന ഞായറാഴ്ചയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് ഇത്തവണ. വിശുദ്ധവാരത്തിലെ തീർത്ഥയാത്രകൾ ഇല്ല, പള്ളിയിലേക്കുള്ള നിരന്തര യാത്രകളില്ല, കാൽ കഴുകലില്ല, പാനയില്ല, ബന്ധുക്കളുടെയും അയൽക്കാരുടെയും വീട്ടിൽ പോയുള്ള അപ്പം മുറിക്കൽ ഇല്ല, കയ്പുനീരില്ല, കുരിശ് ചുമലിലേറ്റിയുള്ള കുരിശിന്റെ വഴികളില്ല, ഉയിർപ്പിന്റെ ചടങ്ങുകളില്ല... എല്ലാം വീട്ടിൽ മാത്രം.
പള്ളികളിൽ വൈദികനും ശുശ്രൂഷകരും ഉൾപ്പെടെ അഞ്ചുപേർ മാത്രം ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. ചില ഇടവകകളിൽ കുർബാന അർപ്പിക്കുന്ന സമയം വൈദികർ വിശ്വാസികളെ മെസേജുകളിൽ കൂടി അറിയിച്ചു. ശാലോം ഉൾപ്പെടെയുള്ള ആത്മീയചാനലുകൾ ഓരോ റീത്തിലുമുള്ള കുർബാനകൾ വിശ്വാസികൾക്ക് മുമ്പിലേക്ക് എത്തിച്ചു. തികച്ചും അസാധാരണമായ എന്നാൽ, ഹൈടെക്ക് ആയ ഒരു ഓശാന ഞായർ.
ചില പ്രാദേശിക ടെലിവിഷൻ ചാനലുകളും രൂപതകളിലെയും ഫൊറോനകളിലെയും ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾ വിശ്വാസികൾക്കായി ലൈവ് ചെയ്തു.
രാവിലെ തന്നെ ഫോണെടുത്ത് വീട്ടിലേക്കും കസിൻസായ വൈദികരെയും മറ്റ് ചില ബന്ധുക്കളെയും ഒക്കെ വിളിച്ചു. പതിവിനു വിപരീതമായതിനാലും പള്ളിയിൽ പോകാൻ കഴിയാത്തതിനാലും എല്ലാവർക്കും ഉള്ളിന്റെയുള്ളിൽ ഒരു നീറ്റലുണ്ട്. പക്ഷേ, ലോകനന്മയ്ക്കു വേണ്ടി ഇത്തവണ എല്ലാ പതിവുകളും മാറ്റിവെയ്ക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. ലോകം എത്രയും പെട്ടെന്ന് പഴയതുപോലെയാകട്ടെയെന്ന ആശയും പ്രത്യാശയും മാത്രമാണ് എല്ലാവരുടെയും മനസ്സിലും.
ഈ കുറിപ്പ് എഴുതി നിർത്തുമ്പോൾ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് കോവിഡ് 19 ബാധിച്ച് ലോകത്തിൽ ഇതുവരെ മരിച്ചത് 64, 784 പേർ. ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 1, 203, 485 പേർക്ക്. ഇതിൽ തന്നെ ഏറ്റവുമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് യു എസിലാണ്. 3, 12, 237 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണം ഇറ്റിലിയിലാണ്. 15, 362 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. കെടുതിയുടെ നാളുകളിൽ ആവശ്യം ആരോഗ്യസംരക്ഷണമാണ്. അതുകൊണ്ട്, നമുക്ക് തനിച്ചായിരിക്കാം, അകന്നിരിക്കാം, മനസുകൊണ്ട് ഒരുമിച്ച് നിൽക്കാം.