പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റന്‍ കത്തീഡ്രലില്‍ പെസഹവ്യാഴ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം നേതൃത്വം നല്‍കും. വൈകിട്ട് 5.30ന് തിരുവത്താഴ ദിവ്യബലി, രാത്രി 8 മുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 8 മുതല്‍ ദിവ്യകാരുണ്യ ആരാധന, വൈകിട്ട് 3ന് കാല്‍കഴുകല്‍ ശുശ്രൂഷ, പെസഹാ കുര്‍ബാന. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ നേതൃത്വം നല്‍കും. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കും.
advertisement
യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻപുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.
അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇൻറി അപ്പം മാർ തോമാ നസ്രാണികൾ ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് "പെസഹ പാലിൽ" മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.
ഷാർജയിൽ
സെന്റ് മൈക്കിള്‍സ് പള്ളിയിലെ പീഢാനുഭവവാര തിരുകര്‍മ്മങ്ങള്‍, കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന് വരുകയാണ്. മലയാളികള്‍ ഉള്‍പ്പടെ ആയിരകണക്കിന് വിശ്വാസികള്‍ വിവിധ ദിവസങ്ങളിലായി ചടങ്ങുകളില്‍ സംബന്ധിക്കും. ലാറ്റിന്‍ മലയാളത്തിലുള്ള പെസഹാ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ ഒന്നിന് വ്യാഴാഴ്ച രാവിലെ അഞ്ചിന് നടക്കും. പള്ളിയിലും ഹാളുകളിലുമായാണ് ഇത് ഒരുക്കിയിട്ടുള്ളത്. അതേസമയം, വൈകിട്ട് മൂന്നരയ്ക്കാണ് സീറോ മലബാര്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിക്കുക. ഇത് പള്ളിയിലും ക്‌ളാസ് റൂമുകളിലുമായി നടക്കും.