"അഞ്ച് മാസം മുമ്പ് കുഞ്ഞിന് ജന്മം നല്‍കി. ഇലോണ്‍ മസ്‌കാണ് കുഞ്ഞിന്റെ പിതാവ്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നുവെന്ന് മനസിലായി," ആഷ്‌ലി എക്‌സില്‍ കുറിച്ചു.
കുഞ്ഞിന്റെ പിതൃത്വത്തിന്റെ കാര്യത്തില്‍ മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് ആഷ്‌ലി ഷെയര്‍ ചെയ്ത ഒരു കമന്റിന് താഴെ മസ്‌ക് ഇപ്പോള്‍ പോസ്റ്റ് ചെയ്ത കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
advertisement
മസ്‌കിനെ ആഷ്‌ലി കെണിയില്‍പ്പെടുത്തിയോ?
മസ്‌കിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആഷ്‌ലി സെന്റ് ക്ലെയര്‍ മുമ്പ് എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗ്രെഗ് പ്രൈസ് എന്നയാളുമായി ആഷ്‌ലി നടത്തിയ സംഭാഷണമാണ് ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. മസ്‌കിന് നിലവില്‍ ഒരു കുഞ്ഞുണ്ടെന്നും നിങ്ങളുടെ പ്ലാന്‍ നടക്കാന്‍ സാധ്യതയില്ലെന്നും ചാറ്റില്‍ ഇയാള്‍ പറയുന്നുണ്ട്. ഇതിനു മറുപടിയായി മസ്‌കിന് നിലവില്‍ 7 കുട്ടികളുണ്ടെന്നും അദ്ദേഹം നിരവധി സ്ത്രീകളുമായി വളരെ പെട്ടെന്ന് ബന്ധം സ്ഥാപിക്കുന്നുവെന്നും അവര്‍ പറയുന്നുണ്ട്.
'മിലോ' എന്ന അക്കൗണ്ടിലാണ് ഈ സംഭാഷണത്തിന്റെ ചിത്രം പങ്കുവെയ്ക്കപ്പെട്ടത്. മസ്‌കിനെ കെണിയില്‍പ്പെടുത്താന്‍ ആഷ്‌ലി വര്‍ഷങ്ങളായി ശ്രമിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ചാറ്റ് പോസ്റ്റ് ചെയ്തത്. ഇതിനുതാഴെ മസ്‌ക് പോസ്റ്റ് ചെയ്ത കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'whoe' എന്നാണ് മസ്‌ക് ഈ പോസ്റ്റിന് താഴെ കമന്റിട്ടത്. അത്ഭുതത്തോടെയാണോ പരിഹാസത്തോടെയാണോ മസ്‌ക് ഈ കമന്റിട്ടിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നു.
ഇലോണ്‍ മസ്‌കിന്റെ കമന്റില്‍ പ്രതികരിച്ച് ആഷ്‌ലി രംഗത്തെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മസ്‌കുമായി സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ആഷ്‌ലി പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. പരസ്യമായി മറുപടി പറയുന്നതിന് പകരം തങ്ങളോട് എന്നാണ് നേരിട്ട് സംസാരിക്കുകയെന്നും ആഷ്‌ലി ചോദിച്ചു.
മസ്‌കിനെ കെണിയില്‍പ്പെടുത്താനാണ് ആഷ്‌ലി ശ്രമിക്കുന്നതെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ അവരുടെ സ്വകാര്യത മാനിക്കണമെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.
സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ച് ആഷ്‌ലി സെന്റ് ക്ലെയര്‍
എക്‌സില്‍ നിന്ന് ഒരിടവേളയെടുക്കാന്‍ തീരുമാനിച്ചുവെന്ന് ആഷ്‌ലി പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും അവര്‍ എക്‌സില്‍ കുറിച്ചു. കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് തല്‍കാലം മാറിനില്‍ക്കുന്നുവെന്നും ആഷ്‌ലി എക്‌സില്‍ കുറിച്ചു.
അതേസമയം, മസ്‌ക് തനിക്ക് ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റും കനത്ത സുരക്ഷാസജ്ജീകരണങ്ങളും ഒരുക്കി നല്‍കിയിരുന്നുവെന്ന് ആഷ്‌ലി സെന്റ് ക്ലെയര്‍ ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും ഇക്കാര്യത്തെപ്പറ്റി പുറത്ത് ആരോടും പറയരുതെന്നും തനിക്ക് നിര്‍ദേശം ലഭിച്ചിരുന്നുവെന്നും ആഷ്‌ലി പറഞ്ഞു. ഇതുസംബന്ധിച്ച് മസ്‌കിന്റെ മാനേജര്‍ ജാരെഡ് ബിര്‍ച്ചലുമായി നടത്തിയ സംഭാഷണങ്ങളുടെ രേഖകളും തന്റെ കൈയിലുണ്ടെന്ന് ആഷ്‌ലി പറയുന്നു. കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന മസ്‌കിന്റെ ആഗ്രഹം താന്‍ പാലിച്ചതായും അവര്‍ പറയുന്നു.
കുട്ടിയുടെ സ്വകാര്യത മാനിച്ച് ഇക്കാര്യങ്ങളെല്ലാം രഹസ്യമാക്കി വെയ്ക്കാനാണ് താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയതോടെയാണ് പ്രതികരിക്കേണ്ടി വന്നതെന്ന് ആഷ്‌ലി പറഞ്ഞു.