വൈഷ്ണവർക്ക് വളരെ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനങ്ങളിൽ ഒന്നാണിത്. വൈകുണ്ഠ ഏകാദശിയെ പുത്രദ ഏകാദശി എന്നും പറയാറുണ്ട്.
വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വസം. മിക്ക വൈഷ്ണവ ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. തിരുവനന്തപുരം ശ്രീപത്മഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇത് ആഘോഷ ദിവസമാണ്.
പ്രധാന ചടങ്ങ്
ക്ഷേത്രത്തിലെ ഒരു വാതിലില്‍ കൂടി കടന്ന് മറ്റൊരു വാതില്‍ വഴി പുറത്തു വരുന്നത് സ്വർഗവാതില്‍ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. ഇതിലൂടെ സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെ കടന്ന് പോകുന്നു എന്നാണ് വിശ്വാസം. സ്വര്‍ഗ വാതില്‍ ഏകാദശിവ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യലബ്ധി, രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം.
advertisement
ശ്രീരംഗം, തിരുപ്പതി, ഗുരുവായൂര്‍ തുടങ്ങി എല്ലാ വൈഷ്ണവ ദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു. ഈ ദിവസം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള ഒരു പ്രത്യേക വാതില്‍ അലങ്കരിച്ച് സ്വർഗവാതിലായി കണക്കാക്കി രാത്രി 8 മണിക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. അതിനു ശേഷം എട്ടര മണിക്ക് നടക്കുന്ന ശീവേലിയില്‍ ഭഗവാനെ സിംഹാസന വാഹനത്തില്‍ എഴുന്നള്ളിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ഈ ദിവസം തിരുവിതാംകൂര്‍ മഹാരാജാവ് കുടുംബാംഗങ്ങളുമൊത്ത് ദര്‍ശനത്തിനെത്തും.
കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന് വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിന്റെയും മരണത്തിന്റെയും തത്വശാസ്ത്രം ഭഗവത്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്നും കൃഷ്ണ ഭഗവാന്റെ സതീർത്ഥ്യനായിരുന്ന കുചേലന് കൃഷ്ണൻ അവിൽപ്പൊതി പങ്കുവച്ച് കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വർഗവാതിൽ ഏകാദശിയെന്നും വിശ്വസിക്കുന്നു.കൂടാതെ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവദിനമായും ആചരിക്കുന്നു.
