വിദ്യാരംഭം ചടങ്ങുകൾ:
വിദ്യയുടെ ദേവതയായ സരസ്വതി ദേവിയെ പൂജിച്ച ശേഷം കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങുകൾ ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ചു. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രം, എറണാകുളത്തെ ചോറ്റാനിക്കര ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം തുടങ്ങിയ പ്രസിദ്ധമായ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് കുരുന്നുകളാണ് 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. പാരമ്പര്യ എഴുത്താശാൻമാരും കവികളും സാഹിത്യകാരന്മാരുമാണ് ഇവിടെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നത്.
ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയിൽ ചൂണ്ടുവിരൽകൊണ്ട് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. വിവിധ ക്ഷേത്രങ്ങളിലായി നിരവധി കുട്ടികളാണ് ഇന്ന് വിദ്യാരംഭം കുറിക്കുന്നത്. ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്.
advertisement
ക്ഷേത്രങ്ങളിലോ സാംസ്കാരിക കേന്ദ്രങ്ങളിലോ ആചാര്യന്മാർ ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് കുഞ്ഞുങ്ങളുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതുകയും പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം എഴുതിച്ചു കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം നടത്തുന്നത്.
വിജയദശമി: നന്മയുടെ വിജയം
തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയമായാണ് വിജയദശമി ദിനത്തെ വിശ്വാസികൾ കണക്കാക്കുന്നത്. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ കൂടിയാണ് ഈ ദിനം. വിദ്യാരംഭത്തിന് പുറമേ, വാദ്യ-നൃത്ത-സംഗീത കലകൾക്ക് തുടക്കം കുറിക്കാനും വിജയദശമി ദിനം ഉത്തമമായി കരുതപ്പെടുന്നു.