വ്യത്യസ്‌ത അളവിൽ വെള്ളം ഫ്ലഷ് ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് ഈ രണ്ട് ബട്ടണുകൾ. ദ്രവമാലിന്യത്തിന് ഖരമാലിന്യത്തേക്കാൾ കുറഞ്ഞ അളവിലുള്ള വെള്ളം മാത്രമേ ഫ്ലഷ് ചെയ്യാൻ ആവശ്യമുള്ളൂ എന്ന വസ്തുതയാണ് ഡിസൈനിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ഇതിലെ വലിയ ബട്ടൺ ഖരമാലിന്യങ്ങൾ പുറന്തള്ളാൻ ഉള്ളതാണ്. വലിയ ബട്ടൺ അമർത്തുന്നതിലൂടെ 6 മുതൽ 9 വരെ ലിറ്റർ വെള്ളം ഉപയോഗിക്കാൻ കഴിയും.അതേ സമയം ചെറിയ ബട്ടൺ ദ്രാവക മാലിന്യങ്ങൾ പുറന്തള്ളുന്നതിന് വേണ്ടിയുള്ളതാണ്. ഇത് 3 മുതൽ 4.5 ലിറ്റർ വരെ വെള്ളമാണ് ഉപയോഗിക്കുന്നത്. ജലസംരക്ഷണം (water conservation) ലക്ഷ്യമിട്ടാണ് ഈ ബട്ടണുകളുടെ ക്രമീകരണം.
advertisement
ഗുണങ്ങളും ദോഷങ്ങളും
രണ്ട് ബട്ടണുകളും അവയുടെ പുറത്തേക്കുള്ള രണ്ട് വാൽവുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അനവാശ്യമായി ജലം പാഴാക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ടോയ്ലറ്റുകളിലെ ഡ്യുവൽ ഫ്ളഷിങ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഡ്യൂവൽ ഫ്ളഷ് ഉപയോഗിക്കുന്നതിലൂടെ വർഷം 20,000 ലിറ്ററോളം വെള്ളം ലാഭിക്കാൻ കഴിയുമെന്നാണ് പറയുന്നത്. മാത്രമല്ല ഡ്യൂവൽ ഫ്ലഷുകൾ പരിസ്ഥിതി സൗഹൃദവുമായിരിക്കും.
എന്നാൽ, ഡ്യൂവൽ ഫ്ളഷ് ടോയ്ലറ്റുകൾക്ക് സിംഗിൾ ഫ്ളഷ് ടോയ്ലറ്റുകളേക്കാൾ വില കൂടുതലായിരിക്കും. ഡ്യൂവൽ ഫ്ലഷിംഗ് ടോയ്‌ലറ്റുകളിൽ ചോർച്ചയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും എന്നതാണ് മറ്റൊരു പോരായ്മ. ഈ ചോർച്ചകൾ കാരണം, ഡ്യുവൽ ഫ്ലഷ് ടോയ്‌ലറ്റുകൾ ലാഭിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം പാഴാക്കിയേക്കാം. മിക്കവാറും എല്ലാ ഡ്യുവൽ ഫ്ലഷ് ടോയ്‌ലറ്റുകളിലും ഒരു ഡ്രോപ്പ് വാൽവ് സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്. ഈ ഡ്രോപ്പ് വാൽവ് സംവിധാനം ജലസംഭരണിയുടെ അടിയിലായിരിക്കും. ഫ്ലഷ് അമർത്തുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകാൻ ഇത് അനുവദിക്കുന്നു. എന്തെങ്കിലും അവശിഷ്ടങ്ങൾ അടിയുന്നതോ മറ്റ് പ്രശ്നങ്ങളോ ഈ സംവിധാനത്തിന്റെ പ്രവർത്തനം തടസ്സപ്പെടാൻ കാരണമായേക്കാം. ഇതോടെ ജലസംഭരണിയിൽ നിന്ന് വെള്ളം തുടർച്ചയായി ടോയ്ലെറ്റിലേക്ക് ഒഴുകാൻ തുടങ്ങും. അങ്ങനെ അനാവശ്യമായി വെള്ളം പാഴായി പോകും.
ഡ്യുവൽ ഫ്ളഷിന് പിന്നിലാര്?
1976-ൽ, അമേരിക്കൻ ഇൻഡസ്ട്രിയൽ ഡിസൈനർ ആയ വിക്ടർ പാപനെക് ആണ് ഡ്യtവൽ ഫ്ലഷുകൾ എന്ന ആശയം മുന്നോട്ട് വെച്ചത്. ഈ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനെ കുറിച്ച് ഡിസൈൻ ഫോർ ദ റിയൽ വേൾഡ് എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരുന്നു. എന്നാൽ 1980ൽ ഓസ്‌ട്രേലിയയിലാണ് ഡ്യുവൽ ഫ്ലഷുകൾ എന്ന ആശയം ആദ്യമായി രൂപകൽപന ചെയ്ത് നടപ്പിലാക്കിയത്. പിന്നീട്, ഓസ്‌ട്രേലിയക്ക് പുറമെ ന്യൂസിലാൻഡ്, സിംഗപ്പൂർ, സ്വീഡൻ, ഇസ്രായേൽ തുടങ്ങിയ മറ്റ് പല രാജ്യങ്ങളിലും ഡ്യൂവൽ ഫ്ലഷ് ടോയ്‌ലറ്റ് സാർവത്രികമായി അംഗീകരിക്കപ്പെട്ടു.
ഇന്നും ഡിസൈൻ പഠിക്കുന്നവരുടെ പ്രിയ പുസ്തകം ആണ് വിക്ടർ പാപനെക്കിന്റെ ഡിസൈൻ ഫോർ ദ റിയൽ വേൾഡ്. ഈ പുസ്തകം 23 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഭാവിയെ മുന്നിൽ കണ്ടു കൊണ്ടുള്ള ആശയങ്ങളാണ് വിക്ടർ പാപനെക് അവതരിപ്പിച്ചിരുന്നത്.
