നൊബേൽ സമ്മാന ജേതാവ് കൂടിയാണ് മലാല. പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ 1997 ജൂലൈ 12 നാണ് മലാല ജനിച്ചത്. പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതു വിലക്കിയ താലിബാനെതിരെ മലാല ശബ്ദമുയർത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി നിരന്തരം വാദിച്ചതിനാൽ മലാലയ്ക്കെതിരെ വധശ്രമം പോലുമുണ്ടായി.
2012-ലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിരന്തരം പ്രവർത്തിക്കുന്നതിന്റെ പേരിൽ മലാലക്കു നേരെ താലിബാൻ തീവ്രവാദികൾ വെടിയുതിർത്തത്. സംഭവത്തിന്റെ അനന്തരഫലങ്ങൾ മലാല തന്നെ ഒരു പഴയ പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്: ''2012 ഒക്ടോബറിൽ, ഒരു താലിബാൻ അംഗം എന്റെ സ്കൂൾ ബസിൽ കയറുകയും എനിക്കു വേരെ വെടിയുതിർക്കുകയും ചെയ്തു. ആ ആക്രമണം എന്റെ ഇടതുകണ്ണിനെയും തലയോട്ടിയെയും തലച്ചോറിനെയും ബാധിച്ചു. എന്റെ കർണ്ണപുടവും താടിയെല്ലുകളും തകർത്തു''.
advertisement
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനുമായി മലാലയും പിതാവും ചേർന്ന് മലാല ഫണ്ട് എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.വൈറ്റൽ വോയ്‌സ് ഗ്ലോബൽ പാർട്ണർഷിപ്പുമായി ചേർന്നാണ് മലാല ഫണ്ട് പ്രവർത്തിക്കുന്നത്.
2014 ഡിസംബറിൽ, 17-ാം വയസിൽ മലാലക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും മലാലക്കു സ്വന്തമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 2017-ൽ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൂതയായി മലാലയെ നിയമിച്ചു. 40-ലധികം അവാർഡുകളും ബഹുമതികളും മലാല ഇതിനോകം നേടിയിട്ടുണ്ട്. മലാലയും ബ്രിട്ടീഷ് പത്ര പ്രവർത്തക ക്രിസ്റ്റീന ലാംബും ചേർന്നെഴുതിയ ജീവചരിത്ര കൃതിയായ 'ഞാൻ മലാല'യും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളിൽ മലാല ബിരുദം നേടി. ബിരുദദാന ചടങ്ങിലെ ചിത്രങ്ങൾ മലാല സോഷ്യല്‍ മീഡിയ സൈറ്റുകളിൽ പങ്കുവച്ചിരുന്നു. 2020-ലാണ് ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2021-ൽ പാകിസ്ഥാൻ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയിലെ മാനേജരായ അസർ മാലിക്കിനെ വിവാഹം ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്ന ആവശ്യത്തിൽ അടിയുറച്ചുള്ള പ്രവർത്തനം മലാല ഇന്നും തുടരുന്നു. എല്ലാ പെൺകുട്ടികൾക്കും പഠിക്കാനും വളരാനും കഴിയുന്ന ഒരു ലോകം സൃഷ്ടിക്കുക എന്നാണ് മലാലയുടെ ആഗ്രഹം. ഇപ്പോള്‍ ബര്‍മിംഗ്ഹാമിലാണ് മലാലയുടെ താമസം.
