മൈസൂര്‍ സാന്‍ഡല്‍ സോപ്പിന് പുറമേ കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക സോപ്പ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ് ലിമിറ്റഡ് (കെസ്ഡിഎല്‍) പുറത്തിറക്കുന്ന മറ്റ് എല്ലാ ഉത്പന്നങ്ങളുടെയും ബ്രാന്‍ഡ് അംബാസഡറായി തമന്ന ഭാട്ടിയ പ്രവര്‍ത്തിക്കും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ഇതിനായി 6.2 കോടി രൂപയാണ് ബോളിവുഡ് താരത്തിന് പ്രതിഫലമായി ലഭിക്കുക.
തമന്ന ഭാട്ടിയയുടെ നിയമനം സംബന്ധിച്ച വിവരം കെഎസ്ഡിഎല്‍ മാനേജിങ് ഡയറക്ടര്‍ പികെഎം പ്രശാന്ത് സ്ഥിരീകരിച്ചിട്ടുണ്ട്. തമന്നയെ ബ്രാന്‍ഡ് പ്രൊമോഷന്റെ ഭാഗമാക്കി ഉത്പന്നങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.ബ്രാന്‍ഡിന്റെ വളര്‍ച്ചയുടെ ഭാഗമായി ആഗോളതലത്തിലും രാജ്യത്തുടനീളവും ബ്രാന്‍ഡ് അംബാസഡര്‍മാരെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയാണ് ലോകമെമ്പാടും മൈസൂര്‍ സാന്‍ഡല്‍ സോപ്പിനായി വിപണി ഉറപ്പാക്കുന്നതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി. കന്നഡക്കാരനല്ലാത്ത ഒരാളെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിന് മറുപടിയായി ന്യൂസ് 18-നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
ഇന്ത്യയിലുടനീളമുള്ള ഉത്പന്നങ്ങളുടെ പ്രചാരണത്തിന് ബ്രാന്‍ഡ് അംബാസഡറെ ആവശ്യമായിരുന്നുവെന്നും തമന്ന ഇതിന് ഏറ്റവും അനുയോജ്യമായ വ്യക്തിയാണെന്ന് മനസ്സിലാക്കിയാണ് അവരുമായി കരാര്‍ ഉറപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ആലോചിച്ചാണ് അവരുടെ പ്രൊഫൈല്‍ കമ്പനിയുടെ കാഴ്ച്ചപ്പാടിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"കെഎസ്ഡിഎല്ലിലെ 90 ശതമാനം ജീവനക്കാരും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന ലാഭം കര്‍ണാടകയിലെ ജനങ്ങള്‍ക്കുള്ളതാണ്. ഞങ്ങളുടെ ഭൂമി, ഭാഷ, സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ സംരക്ഷണത്തിനു വേണ്ടി ഞങ്ങള്‍ എപ്പോഴും നിലകൊണ്ടിട്ടുണ്ട്. ദേശീയ തലത്തിലും ആഗോള തലത്തിലും പ്രശസ്തിയുള്ള ഒരു മുഖം കമ്പനിക്ക് ആവശ്യമാണ്", അദ്ദേഹം പറഞ്ഞു.
ഈ തീരുമാനം കന്നഡ അനുകൂലികള്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കി. ദീപിക പദുക്കോണിനെയോ കര്‍ണാടകയില്‍ നിന്നുള്ള ഏതെങ്കിലും നടനെയോ പോലുള്ള തദ്ദേശീയ പ്രതിഭകളെ ഒരു പ്രാദേശിക ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ടാണെന്നാണ് പലരും ചോദിക്കുന്നത്.
എന്നാല്‍, കന്നഡക്കാരായ രശ്മിക മന്ദാന, ദീപിക പദുക്കോണ്‍, പൂജ ഹെഹ്‌ഡെ എന്നിവര്‍ മറ്റ് ബ്രാന്‍ഡുകളുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ ഇവരുമായി കരാറില്‍ എത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് മുതിര്‍ന്ന കെഎസ്ഡിഎല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് ഒരു ജനപ്രിയ മുഖവുമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1,800 കോടി രൂപയിലധികം വാര്‍ഷിക വില്‍പ്പന കെഎസ്ഡിഎല്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതില്‍ 12 ശതമാനം മാത്രമേ കര്‍ണാടകയില്‍ നിന്ന് ലഭിക്കുന്നുള്ളൂ. ബാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വരുമാനമാണ്. അതുകൊണ്ട് തന്നെ കമ്പനിയെ സംബന്ധിച്ച് രാജ്യത്തുടനീളം സാന്നിധ്യം ഉറപ്പിക്കുകയെന്നത് നിര്‍ണായകമാണ്.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കന്നഡ അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദികെയുടെ മേധാവി ടി. നാരായണ ഗൗഡ സര്‍ക്കാരിനെതിരെ സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കന്നഡക്കാരിയല്ലാത്ത ഒരു നടിയെ ഒരു പ്രാദേശിക ബ്രാന്‍ഡിന്റെ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്യുന്നത് അപമാനകരമാണെന്നും പകരം നല്‍കുന്ന പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമന്നയെ ബ്രാന്‍ഡ് അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്യാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും നാരായണ ഗൗഡ എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി.
എന്തുകൊണ്ടാണ് തമന്നയെ തിരഞ്ഞെടുത്തതെന്ന് പ്രശസ്ത കന്നഡ സംവിധായിക കവിത ലങ്കേഷ് ചോദിച്ചു. കര്‍ണാകയില്‍ കഴിവുള്ള നിരവധി പേരുണ്ടെന്നും കന്നഡക്കാര്‍ എല്ലാ നിറങ്ങളിലും സുന്ദരികളാണെന്നും അവര്‍ ന്യൂസ് 18-നോട് പറഞ്ഞു. എന്തുകൊണ്ടാണ് നമ്മള്‍ 'മില്‍ക്കി വൈറ്റ്' സൗന്ദര്യ സങ്കല്‍പ്പത്തിന് പുറകെ പോകുന്നതെന്നും സന്ദര്യത്തെ കുറിച്ചുള്ള ധാരണകള്‍ മാറ്റേണ്ട സമയമാണിതെന്നും അവര്‍ വ്യക്തമാക്കി. വെളുത്ത ചര്‍മ്മം ശ്രേഷ്ഠമാണെന്ന സങ്കല്‍പ്പം ആര്യ ദ്രാവിഡ സംസ്‌കാരത്തില്‍ വേരൂന്നിയതാണെന്നും അതൊരു സ്വയം അപമാനിക്കുന്ന മാനസികാവസ്ഥയാണെന്നും അവര്‍ വിശദീകരിച്ചു.
കന്നഡയില്‍ നിരവധി പ്രാദേശിക കലാകാരന്മാരുണ്ട്. സര്‍ക്കാര്‍ ആവശ്യത്തിനായി സൗജന്യമായി പോലും അവര്‍ സന്തോഷത്തോടെ ഇത് ചെയ്യുമെന്നും ലങ്കേഷ് വ്യക്തമാക്കി. അങ്ങനെയിരിക്കുമ്പോള്‍ തമന്നയെ പോലെ ഒരാള്‍ക്ക് എന്തിനാണ് ആറ് കോടി രൂപ നല്‍കുന്നതെന്നും അവര്‍ ചോദിച്ചു. അതേസമയം, തമന്നയോട് വിരോധമില്ലെന്നും കന്നഡയില്‍ ഈ തുകയ്ക്ക് അനുയോജ്യമായ അഭിനേതാക്കളില്ലേ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണെന്നും അവര്‍ ചോദിച്ചു.
അതേസമയം, ഇത്തരം വിമര്‍ശനങ്ങളെ വ്യവസായ മന്ത്രി എംബി പാട്ടീല്‍ തള്ളി. കര്‍ണാടകയ്ക്ക് പുറത്തുള്ള വിപണികളിലേക്ക് മത്സരം ശക്തമാക്കുകയാണ് കെഎസ്ഡിഎല്ലിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.
107 വര്‍ഷത്തെ പാരമ്പര്യമുള്ള മൈസൂര്‍ സാന്‍ഡല്‍ സോപ്പ്
107 വര്‍ഷത്തെ പാരമ്പര്യമുള്ള ഉത്പന്നമാണ് ഇപ്പോള്‍ കെഎസ്ഡിഎല്ലിന് കീഴില്‍ വില്‍ക്കുന്ന മൈസൂര്‍ സാന്‍ഡല്‍ സോപ്പ്. 2024-ല്‍ റെക്കോര്‍ഡ് ലാഭം കമ്പനി നേടിയിരുന്നു. 108.62 കോടി രൂപയുടെ ലാഭ വിഹിതമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞ വര്‍ഷം കമ്പനി കൈമാറിയത്. 362.07 കോടി രൂപയുടെ ലാഭമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) കമ്പനി നേടിയത്. ഇതിന്റെ 30 ശതമാനം ലാഭ വിഹിതം സര്‍ക്കാരിന് നല്‍കി. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലാഭ വിഹിതം ആയിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയുടെ ധനസഹായ ചെക്കും കമ്പനി അന്ന് നല്‍കിയിരുന്നു.
സോപ്പ്, ഡിറ്റര്‍ജന്റ്, കോസ്‌മെറ്റിക്‌സ് തുടങ്ങി 48 ഉത്പന്നങ്ങളാണ് കെഎസ്ഡിഎല്‍ വിപണിയിലിറക്കുന്നത്. 1,570 കോടി രൂപയായിരുന്നു കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ്. മൈസൂര്‍ സാന്‍ഡല്‍ സോപ്പ് പോലുള്ള കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. തമന്ന ഭാട്ടിയയുടെ സാന്നിധ്യം ഇന്ത്യയിലുടനീളം ബ്രാന്‍ഡിന്റെ ജനപ്രീതിയും സാന്നിധ്യവും വര്‍ദ്ധിപ്പിക്കുമെന്നാണ് കെഎസ്ഡിഎല്‍ വിശ്വസിക്കുന്നത്. തമന്നയുടെ ദേശീയ പ്രീതി മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ വിപണി കര്‍ണാടകയ്ക്ക് പുറത്തേക്ക് വിശാലമാക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.