29കാരിയായ ഷാരിസ് സീറോണിയന്‍ ആണ് ജനസംഖ്യയുടെ രണ്ട് ശതമാനം പേരെ ബാധിക്കുന്ന അപൂര്‍വ സൈക്ലിക് വൊമിറ്റിംഗ് സിന്‍ഡ്രോമിനെ (സിവിഎസ്) കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ഇത് സ്ത്രീകള്‍, യുവതീയുവാക്കള്‍ എന്നിവരിലും വ്യക്തിപരമോ പാരമ്പര്യമോ ആയി മൈഗ്രെയ്ന്‍ ചരിത്രമുള്ളവരിലും കൂടുതലായി കാണപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.
ഈ രോഗാവസ്ഥ കാരണം തനിക്ക് ജോലി നഷ്ടപ്പെട്ടതായി ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാരിസ് പറഞ്ഞു. ആവര്‍ത്തിച്ചുള്ള ഛര്‍ദികാരണം ശരീരഭാരം കുറയുകയും വൈകാരിക സംഘര്‍ഷം അനുഭവപ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ തോന്നാറുണ്ടെന്നും എന്നാല്‍ അങ്ങനെ ചിന്തിക്കുമ്പോള്‍ പോലും കൂടുതല്‍ തവണ ഛര്‍ദിക്കുമെന്നും അവര്‍ പറഞ്ഞു. "ഇങ്ങനെ ജീവിക്കേണ്ടതില്ലെന്ന് എനിക്ക് തോന്നി. ഇത് വല്ലാത്തൊരു അവസ്ഥയാണ്," അവര്‍ പറഞ്ഞു.
advertisement
2021ലാണ് ഷാരിസില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ആരോഗ്യം ക്ഷയിക്കുകയും കൂടെക്കൂടെ ആശുപത്രിയില്‍ കഴിയുകയും ചെയ്തിട്ടും തുടക്കത്തില്‍ അവരുടെ രോഗം മൈഗ്രെയിന്‍ ആണെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്.
നിരവധി രക്തപരിശോധനകളും എന്‍ഡോസ്‌കോപ്പി, ഗ്യാസ്ട്രിക് എംപ്റ്റിയിംഗ് പഠനം എന്നിവയുള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഏകദേശം രണ്ടുവര്‍ഷത്തോളമാണ് രോഗം തിരിച്ചറിയാന്‍ ആശുപത്രികളില്‍ അവര്‍ കയറിയിറങ്ങിയത്. ഒടുവില്‍ 2023ലാണ് സൈക്ലിക് വൊമിറ്റിംഗ് സിന്‍ഡ്രോം(സിവിഎസ്) അവര്‍ക്കുണ്ടെന്ന് തിരിച്ചറിഞ്ഞത്.
മസ്തിഷ്‌കവും വയറും ഉള്‍പ്പെട്ട ഗുരുതരമായ രോഗാവസ്ഥയാണിത്. ചര്‍ദിക്കൊപ്പം വയറിനുള്ളിലെ അസ്വസ്ഥത, വയറിളക്കം, തലവേദന, വെളിച്ചം കാണുമ്പോള്‍ ബുദ്ധിമുട്ട്, തലകറക്കം എന്നീ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്.
ആര്‍ത്തവം, മോഷന്‍ സിക്‌നെസ്, കഠിനമായ അധ്വാനം, അമിതമായി ഭക്ഷണം കഴിക്കുന്നത്, സൈനസ് പ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദം, മദ്യം, കാപ്പി, ചോക്ലേറ്റ്, ചീസ് തുടങ്ങിയ ഭക്ഷണപാനീയങ്ങള്‍ എന്നിവയെല്ലാം സിവിഎസിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
"രോഗാവസ്ഥ തുടര്‍ന്നതോടെ എന്നില്‍ ഉത്കണ്ഠ നിറഞ്ഞു. ഇടയ്ക്ക് ആത്മഹത്യ പ്രവണതയും കാണിച്ചു. എന്നാല്‍ ഇതും കടുത്ത ഛര്‍ദിയിലേക്ക് നയിച്ചു," അവര്‍ പറഞ്ഞു.
ഈ അവസ്ഥയുള്ളവരിൽ ഛര്‍ദി കുറയ്ക്കാന്‍ രോഗലക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും പ്രധാനമാണ്. ഷാരീസിന് ഇപ്പോഴും ആഴ്ചതോറും ഛര്‍ദി ഉണ്ടാകാറുണ്ട്. എന്നാല്‍, പഴയപോലെ അത്ര ഗുരുതരമല്ല. മുമ്പ് ആഴ്ചയിൽ നാല്- അഞ്ച് ദിവസം വരെ ഇത് നീണ്ടനില്‍ക്കുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒന്ന് മുതല്‍ രണ്ട് ദിവസം വരെയാണ് ഛര്‍ദി ഉണ്ടാവുക. തന്റെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട് 'നത്തിംഗ് സോളിഡ് ' എന്ന പേരിൽ അവർ ഒരു ഡാര്‍ക്ക് കോമഡി സിനിമ എഴുതി സംവിധാനം ചെയ്തു. ഈ സിനിമ നിര്‍മിച്ചതും അതിനെക്കുറിച്ച് തുറന്നു പറഞ്ഞതും തന്നെ വളരെയധികം സഹായിച്ചതായി അവര്‍ പറഞ്ഞു. ''കാരണം താന്‍ മനസ്സ് തുറന്ന് പറയുന്നതിന് മുമ്പ് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി തോന്നി,'' അവര്‍ കൂട്ടിച്ചേര്‍ത്തു.