2022 അവസാനത്തോടെ ഏകദേശം 27,000 പേരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം വരുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് നിലവില്‍ നടക്കാന്‍ പോകുന്നത്. 1.55 ദശലക്ഷം ജീവനക്കാരാണ് ആമസോണില്‍ നിലവിലുള്ളത്. ഇതില്‍ ചെറിയൊരു ശതമാനം മാത്രമാണ് 30,000 ജിവനക്കാര്‍. എന്നാല്‍ കോര്‍പ്പറേറ്റ് തലത്തിലുള്ള കമ്പനിയുടെ ജീവനക്കാരില്‍ ഏകദേശം 10 ശതമാനം വരുമിത്. 3,50,000 കോര്‍പ്പറേറ്റ് ജീവനക്കാരാണ് കമ്പനിക്കുള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആമസോണ്‍ വിവിധ വിഭാഗങ്ങളിലായി ചെറിയ ജോലികള്‍ വെട്ടിക്കുറയ്ക്കുകയാണെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പിരിച്ചുവിടല്‍ ഹ്യൂമന്‍ റിസോഴ്‌സസ്, പീപ്പിള്‍ എക്‌സ്പീരിയന്‍സ്, ടെക്‌നോളജി, ഡിവൈസസ്, സര്‍വീസസ്, ഓപ്പറേഷന്‍സ് വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
advertisement
പിരിച്ചുവിടല്‍ സംബന്ധിച്ച് ചൊവ്വാഴ്ച മുതല്‍ ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുമെന്നാണ് വിവരം. ഇക്കാര്യം ജീവനക്കാരുമായി ആശയവിനിമയം നടത്തുന്നതിന് ബാധിക്കപ്പെടുന്ന ടീമുകളുടെ മാനേജര്‍മാര്‍ക്ക് തിങ്കളാഴ്ച പരിശീലനം നല്‍കും.
നേരത്തെ ആമസോണ്‍ സിഇഒ ആന്‍ഡി ജാസി കമ്പനിയിലെ ഉദ്യോഗസ്ഥ മേധാവിത്വം കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. അതില്‍ മാനേജര്‍മാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശവും ഉള്‍പ്പെടുന്നതായാണ് വിവരം. എഐയുടെ വര്‍ദ്ധിച്ച ഉപയോഗം കാരണം ഭാവിയില്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ജൂണില്‍ അദ്ദേഹം പറഞ്ഞിരുന്നു.
എഐ അധിഷ്ഠിത സേവനങ്ങള്‍ ആമസോണിന് കൂടുതല്‍ നേട്ടം നല്‍കുന്നുണ്ടെന്ന സൂചനയാണ് ഇപ്പോഴത്തെ ഈ നീക്കമെന്ന് ഇ മാര്‍ക്കറ്റര്‍ അനലിസ്റ്റായ കാനവെസ് വിലയിരുത്തുന്നു.
