ജനുവരി 11ന് ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെ കര്‍ണാടകയിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള പുരസ്‌കാരം അവര്‍ക്ക് സമ്മാനിച്ചിരുന്നു. ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ സംഘടിപ്പിച്ച ഡയറി സമ്മിറ്റ് 2025നിടെയാണ് മംഗളമ്മയ്ക്ക് പുരസ്‌കാരം നല്‍കിയത്. വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലെങ്കിലും പശുവളര്‍ത്തലിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച അവരുടെ നേട്ടങ്ങളെ ഉദ്യോഗസ്ഥര്‍ ചടങ്ങിനിടെ പ്രശംസിച്ചു.
മംഗളമ്മയുടെ ഫാമില്‍ 30ല്‍ പരം കറവ പശുക്കളാണ് ഉള്ളത്. അവയില്‍ നിന്നെല്ലാമായി 1,01,915 ലിറ്റര്‍ പാലാണ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. ഇതിലൂടെയാണ് അവര്‍ 33 ലക്ഷം രൂപ വരുമാനം നേടിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ലിറ്റര്‍ പാല്‍ വിതരണം ചെയ്ത അവരെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും 20,000 രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.
advertisement
''20 വര്‍ഷം മുമ്പ് വെറും രണ്ടുപശുക്കളുമായി ചെറിയൊരു സ്ഥലത്താണ് ഞാന്‍ ഫാം ആരംഭിച്ചത്. മികച്ച ഉത്പാദനം ലക്ഷ്യമിട്ട് ഞങ്ങള്‍ വിവിധ സെമിനാറുകളില്‍ പങ്കെടുക്കുകയും കൂടുതല്‍ വിവരങ്ങള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്തു. തുടക്കകാലത്ത് പണം കണ്ടെത്താന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തികച്ചും ശാസ്ത്രീയമായ രീതിയിലുള്ള പശുവളര്‍ത്തലാണ് നടത്തുന്നത്. പശുക്കള്‍ക്ക് നല്ല ഭക്ഷണം നല്‍കുന്നതിലൂടെ ഞങ്ങള്‍ നല്ല വരുമാനം നേടുന്നു. ഇപ്പോള്‍ ഞങ്ങള്‍ എല്ലാ ദിവസവും 300 ലിറ്റര്‍ പാലാണ് ഉത്പാദിപ്പിക്കുന്നത്,'' അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.