കോവിഡിന്റെ മൂന്നാം തരംഗത്തിന് ശേഷം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി 42-43 ശതമാനം ഇടിവുണ്ടായതായി റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ (ICRO) വ്യക്തമാക്കുന്നു.
കണക്കുകള്‍ പ്രകാരം, 2021 ഡിസംബറില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 112 ലക്ഷമായിരുന്നെങ്കിൽ 2022 ജനുവരിയില്‍ അത് 64 ലക്ഷമായി കുറഞ്ഞു. 2021 ജനുവരിയിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 77 ലക്ഷമായിരുന്നു. അതിനാൽ വാർഷികാടിസ്ഥാനത്തിലുണ്ടായ ഇടിവ് 17 ശതമാനമാണ്.
പുതിയ കോവിഡ്-19 വകഭേദത്തിന്റെ ആവിര്‍ഭാവം കാരണം 2022 ജനുവരിയില്‍ വിമാനയാത്ര പുറപ്പെടലുകളുടെ എണ്ണത്തില്‍ 27 ശതമാനം കുറവുണ്ടായി. ''2022 ജനുവരിയില്‍ പുതിയ വേരിയന്റിന്റെ (ഒമിക്രോണ്‍) കടന്നുവരവും അനുബന്ധ നിയന്ത്രണങ്ങളും കോര്‍പ്പറേറ്റ് ട്രാവലര്‍ സെഗ്മെന്റില്‍ നിന്നുള്ള കുറഞ്ഞ ഡിമാന്‍ഡും കാരണം വീണ്ടെടുക്കലിന്റെ പാതയിലായിരുന്ന ഈ മേഖല വീണ്ടും ഇടിവ് രേഖപ്പെടുത്തി'', ഐസിആര്‍എ വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡുമായ സുപ്രിയോ ബാനര്‍ജി പറഞ്ഞു.
advertisement
''2022 സാമ്പത്തിക വര്‍ഷത്തിലെ യാത്രക്കാരുടെ എണ്ണം 2020നേക്കാള്‍ (കോവിഡിന് മുമ്പുള്ള നില) 45 ശതമാനം കുറവാണ് എന്നും കണക്കുകള്‍ കാണിക്കുന്നു. പുതിയ കോവിഡ് വകഭേദത്തിന്റെ കടന്നുവരവും ആളുകളെ വിമാന യാത്രാകളില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നിയന്ത്രണങ്ങളും നിലവിലെ പാദത്തില്‍ ആഭ്യന്തര എയര്‍ലൈന്‍സ് മേഖലയുടെ വീണ്ടെടുക്കല്‍ സാധ്യതകളെ ഇല്ലാതാക്കും'' എന്നും സുപ്രിയോ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
2022 ഫെബ്രുവരി വരെ വാര്‍ഷികാടിസ്ഥാനത്തില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലുണ്ടായ 59.9 ശതമാനം വര്‍ദ്ധനവാണ് വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു പ്രധാന ഘടകമെന്നും ഐസിആര്‍എ ചൂണ്ടിക്കാട്ടി. ''അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് ഇതിന് പ്രധാന കാരണം. ഇന്ധന വില വര്‍ദ്ധനവ്, 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കാരിയറുകളെ സാമ്പത്തികമായി വലയ്ക്കുന്നത് തുടരാന്‍ ഇടയാക്കും,'' എന്ന് റേറ്റിംഗ് ഏജന്‍സി പറഞ്ഞു.
അതേസമയം, ഈ പ്രതികൂല സാഹചര്യത്തിലും ദക്ഷിണേന്ത്യയില്‍ വിമാനയാത്രക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ട്രാന്‍സ്ഫര്‍ ഹബ്ബായി ബെംഗളൂരു എയര്‍പോര്‍ട്ട് മാറിയെന്ന് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലിമിറ്റഡ് അറിയിച്ചു. ബെംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ്.
2021ലെ കണക്കുകള്‍ പ്രകാരം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് 74 ആഭ്യന്തര എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസ് നടക്കുന്നുണ്ട്. 2008ല്‍ എയര്‍പോര്‍ട്ട് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കോവിഡിന് മുമ്പ് 54 റൂട്ടുകളിലേക്കായിരുന്നു ഇവിടെ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍. ദക്ഷിണേന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ വെച്ച് ഏറ്റവുമധികം സര്‍വീസുകള്‍ നടക്കുന്നതും ബെംഗളൂരുവിലാണ്.