സൊമാറ്റോയുടെ സഹായത്തോടെ, യാത്രക്കാർക്ക് ഐആർസിടിസി ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനും കഴിക്കാനും കഴിയും. ഭക്ഷണം വിതരണത്തിൽ അനധികൃത കച്ചവടക്കാരെ ഒഴിവാക്കാനാണ് റെയില്‍വേ ഇ-കാറ്ററിംഗ് സംവിധാനം അവതരിപ്പിച്ചത്. നിലവില്‍ ന്യൂഡല്‍ഹി, പ്രയാഗ്‌രാജ്, കാണ്‍പൂര്‍, ലഖ്നൗ, വാരാണാസി എന്നീ അഞ്ച് പ്രമുഖ റെയില്‍വേ സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ആരംഭിച്ചു. വൈകാതെ ഈ സൗകര്യം മറ്റ് റെയില്‍വേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
advertisement
“ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് വിഭാഗത്തിന് കീഴിൽ ട്രെയിൻ യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് സൊമാറ്റോ ലിമിറ്റഡുമായി കൈ കോർക്കുകയാണ്. അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ, അതായത് ന്യൂഡൽഹി, പ്രയാഗ്‌രാജ്, കാൺപൂർ, ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കി. ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടിയാണ് സൊമാറ്റോയുമായി സഹകരിച്ചു പ്രവർത്തിക്കുന്നത്“, ഐആർസിടിസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഉത്സവ സീസണോട് അനുബന്ധിച്ച്, ഐആർസിടിസി റെയിൽവേ യാത്രക്കാർക്കായി പ്രത്യേക സേവനങ്ങളും ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് നവരാത്രി താലിയും (Navratri thali) അവതരിപ്പിച്ചിരുന്നു. ഐആർസിടിസിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു എന്ന വാർത്തയെത്തുടർന്ന് ഒക്ടോബർ 18 ന് സൊമാറ്റോയുടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 115 രൂപയിലെത്തിയിരുന്നു.