ഏത് കാർ മോഡലുകളാണ് തിരികെ വിളിക്കുന്നത് എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജൂൺ 21 നും ജൂലൈ 2 നും ഇടയിൽ നാസിക് പ്ലാന്റിൽ നിർമ്മിച്ച ഡീസൽ വാഹനങ്ങളാണ് തിരികെ വിളിക്കുന്നതെന്ന് ലൈവ്‌മിന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. എഞ്ചിൻ തകരാറുള്ള വാഹനം വാങ്ങിയ ഉപഭോക്താക്കളെ വ്യക്തിഗതമായി വിളിക്കും. ഡീസൽ എഞ്ചിനുകൾ മാറ്റിസ്ഥാപിക്കുന്നത് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.
2021 ഫെബ്രുവരിയിൽ കമ്പനി പുതുതായി പുറത്തിറക്കിയ എസ്‌യുവി ഥാറിന്റെ 1600 യൂണിറ്റുകൾ തിരിച്ചുവിളിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എക്‌സ്‌ഹോസ്റ്റ് പുകയെ നിയന്ത്രിക്കുന്ന എഞ്ചിൻ ഭാഗമായ ക്യാംഷാഫ്റ്റ് ശരിയായി ഘടിപ്പിക്കാത്തിനെ തുടർന്നാണ് വാഹനം തിരിച്ചു വിളിക്കുന്നതെന്ന് അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
advertisement
ആനന്ദ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ വാഹന ബ്രാൻഡാണ് മഹീന്ദ്ര & മഹീന്ദ്ര. ബൊലേറോ, സ്കോർപിയോ, എക്സ് യു വി 500, എക്സ് യു വി 300, ഥാർ, ടി യു വി എന്നിവയാണ് രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നടക്കുന്ന മഹീന്ദ്രയുടെ എസ്‌യുവികൾ. കമ്പനി അടുത്തിടെ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ബൊലേറോയുടെ പുതിയ മേക്കോവർ പതിപ്പ് പുറത്തിറക്കിയിരുന്നു. എസ്‌യുവി സെഗ്‌മെന്റിന് കീഴിലാണ് ബൊലേറോ നിയോ വിൽക്കുന്നത്. 4 മീറ്ററിൽ താഴെയാണ് ഈ വാഹനത്തിന്റെ നീളം. പുതിയ മോഡൽ ടിയുവി 300ന് സമാനമാണ് ഇത്. രാജ്യത്ത് ലഭ്യമായ ഏറ്റവും വില കുറഞ്ഞ 7 സീറ്റർ ഓപ്ഷനുകളിൽ ഒന്നാണ് ബൊലേറോ.
വിവിധ വാഹന മോഡലുകളിലുടനീളം മഹീന്ദ്ര അടുത്തിടെ വില വർധനവ് പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമായ മഹീന്ദ്ര ഥാറിനാണ് ഏറ്റവും കൂടുതൽ വില ഉയർത്തിയിരിക്കുന്നത്. വിവിധ വേരിയന്റുകൾക്കനുസരിച്ച് എസ്‌യുവിയുടെ വില 32,000 മുതൽ 92,000 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. വാഹനം ബുക്ക് ചെയ്ത് നിരവധി മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടും ഥാറിന് ആവശ്യക്കാരേറെയാണ്. കാറിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ വിതരണത്തിലെ തടസ്സങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നുണ്ട്.
