മാരുതി സുസുക്കി ഇന്ത്യയുടെ ആഭ്യന്തര വാഹന വിൽപ്പന ജനുവരിയിൽ 8 ശതമാനം ഇടിഞ്ഞ് 1,36,442 യൂണിറ്റായി. 2021 ജനുവരിയിലെ വിൽപ്പന 1,48,307 യൂണിറ്റ് ആയിരുന്നു.
ഇലക്‌ട്രോണിക് ഘടകങ്ങളുടെ കുറവ് ആഭ്യന്തര വിപണിയിൽ വിൽക്കുന്ന വാഹനങ്ങളുടെ ഉൽപ്പാദനത്തെ നേരിയ തോതിൽ ബാധിക്കുന്നുണ്ടെന്നും ആഘാതം കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിച്ചു വരികയാണെന്നും മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. അതുപോലെ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ജനുവരിയിലെ ആഭ്യന്തര വിൽപ്പനയിൽ 15.35 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരിയിൽ ആഭ്യന്തര വിപണിയിൽ കമ്പനി വിറ്റത് 44,022 യൂണിറ്റുകളാണ്. മുൻ വർഷം ഇതേ കാലയളവിൽ 52,005 വാഹനങ്ങൾ ആണ് കമ്പനി വിറ്റത്.
advertisement
അതേസമയം, ടാറ്റ മോട്ടോഴ്സിന്റെ ജനുവരിയിലെ വിൽപ്പന കുതിച്ചുയർന്നു. ജനുവരിയിൽ യാത്രാ വാഹന വിൽപ്പനയിൽ 51.15 ശതമാനം വളർച്ച നേടാൻ കമ്പനിയ്ക്ക് കഴിഞ്ഞു. 2021 ജനുവരിയിൽ 26,978 വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഈ വർഷം ജനുവരിയിൽ 40,777 വാഹനങ്ങൾ വിൽക്കാൻ കമ്പനിയ്ക്ക് കഴിഞ്ഞു. ജനുവരിയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിരട്ടി വളർച്ച നേടാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 514 ഇലക്ട്രിക് വാഹനങ്ങൾ വിറ്റ സ്ഥാനത്ത് ഈ വർഷം 2,892 ഇലക്ട്രിക് വാഹനങ്ങൾ കമ്പനി വിറ്റു. അതേസമയം, ആഭ്യന്തര വിപണിയിലെ കമ്പനിയുടെ പ്രധാന എതിരാളികളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനുവരിയിലെ പാസഞ്ചർ വാഹന വിൽപ്പന 3.25 ശതമാനം കുറഞ്ഞ് 19,964 യൂണിറ്റായി. കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് 20,634 യൂണിറ്റായിരുന്നു. സെമി കണ്ടക്ടറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നുണ്ട്. ഉചിതമായ നടപടികൾ സ്വീകരിക്കുന്നത് തുടർന്നു വരികയാണ്", എം&എം ഓട്ടോമോട്ടീവ് വിഭാഗം സിഇഒ വീജയ് നക്ര പറഞ്ഞു.
വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യയും 2022 ജനുവരിയിലെ വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തി. മുൻ വർഷം ജനുവരിയിലെ അപേക്ഷിച്ച് ഈ വർഷം വിൽപ്പനയിൽ 1.38 ശതമാനം വർധന കമ്പനി രേഖപ്പെടുത്തി. ജനുവരിയിൽ 19,319 യൂണിറ്റ് വാഹനങ്ങൾ കമ്പനി വിറ്റഴിച്ചു. മുൻവർഷം ഇതേകാലയളവിൽ കമ്പനിയുടെ വിൽപ്പന 19,056 യൂണിറ്റുകൾ ആയിരുന്നു.
Also Read- Helmet Buying Tips | ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അതേസമയം , മറ്റൊരു പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) തങ്ങളുടെ ആഭ്യന്തര മൊത്ത വിൽപ്പനയിൽ ഇടിവാണ് രേഖപെടുത്തിയത്. ജനുവരിയിൽ കമ്പനിയുടെ ആഭ്യന്തര വിപണിയിലെ വാഹന വിൽപ്പന 34 ശതമാനം ഇടിഞ്ഞ് 7,328 യൂണിറ്റായി. 2021 ജനുവരിയിൽ കമ്പനി ആഭ്യന്തര വിപണിയിൽ 11,126 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.
ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ (HCIL) ആഭ്യന്തര വാഹന വിൽപ്പന ജനുവരിയിൽ 7.88 ശതമാനം കുറഞ്ഞു. ജനുവരിയിൽ ആഭ്യന്തര വിപണിയിൽ 10,427 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. 2021 ജനുവരിയിൽ വിറ്റത് 11,319 വാഹനങ്ങൾ ആയിരുന്നു. “വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കൊവിഡുമായി ബന്ധപ്പെട്ട വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും വളരെ പ്രതീക്ഷകളോടെയാണ് ഞങ്ങൾ പുതുവർഷം ആരംഭിച്ചത്. ചില നഗരങ്ങളിലെ വാരാന്ത്യ ലോക്ക്ഡൗൺ ജനുവരി മാസത്തെ വിൽപ്പനയെ ഭാഗികമായി ബാധിച്ചു, എന്നാൽ മൊത്തത്തിൽ സ്ഥിതി അനുകൂലവും സുസ്ഥിരവുമാണെന്നാണ് കരുതുന്നത്”, എച്ച്‌സിഐഎൽ ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) യുചി മുറാറ്റ പറഞ്ഞു.
ജനുവരിയിൽ വിൽപ്പനയിൽ മൂന്നിരട്ടി വളർച്ചയാണ് സ്കോഡ മോട്ടോർ ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതുതായി പുറത്തിറക്കിയ എസ്‌യുവി കുഷാക്ക് ആണ് വിൽപ്പന ഉയരാനുള്ള പ്രധാന കാരണം. ജനുവരിയിൽ 3,009 യൂണിറ്റ് വാഹനങ്ങൾ കമ്പനി വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,004 യൂണിറ്റുകൾ ആണ് കമ്പനി വിറ്റഴിച്ചത്.
"ഈ വർഷം ഞങ്ങൾ സ്വയം നിശ്ചയിച്ചിട്ടുള്ള വിൽപ്പന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ പ്രചോദനം ഇപ്പോഴത്തെ നേട്ടം ഞങ്ങൾക്ക് നൽകുന്നു", സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞു. അതുപോലെ, എംജി മോട്ടോറും ജനുവരിയിലെ വിൽപ്പനയിൽ വർധനയാണ് രേഖപെടുത്തിയത്. ജനുവരിയിൽ കമ്പനിയുടെ റീട്ടെയിൽ വിൽപ്പന 20 ശതമാനം വർധിച്ച് 4,306 യൂണിറ്റിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 3,602 യൂണിറ്റുകൾ ആണ് കമ്പനി വിറ്റഴിച്ചത്. നിലവിൽ ആഗോളതലത്തിൽ അനുഭവപ്പെടുന്ന സെമികണ്ടക്ടർ ക്ഷാമം വാഹന വിതരണത്തെ ബാധിക്കുന്നുണ്ടെന്നും ഇത് ഉൽപ്പാദനം കുറയ്ക്കാൻ കാരണമാതായും എം ജി മോട്ടോർ ഇന്ത്യ പറഞ്ഞു. വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
