പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന കാറായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ ബിഎസ്-VI ഇലക്ട്രിഫൈഡ് ഫ്‌ളക്‌സ് ഫ്യൂവൽ വാഹനമായിരിക്കും ഇന്നോവയുടെ എഥനോൾ ഫ്യൂവൽ പതിപ്പ് എന്നാണ് ടൊയോട്ട കമ്പനി വൃത്തങ്ങൾ നൽകിയ പ്രസ്താവനയിൽ പറയുന്നത്. ഇക്കഴിഞ്ഞ വർഷമാണ് ഹൈഡ്രജൻ ജനറേറ്റഡ് ഇലക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്ന ടൊയോട്ട മിറായ് ഇവി പതിപ്പ് ഗഡ്കരി ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതി സൗഹാർദ്ദപരമായ ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ നിർമ്മിക്കണമെന്നാണ് കാർ നിർമാതാക്കളോട് ഗഡ്കരി പറയുന്നത്. അവയിലുടെ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇ-10 ൽ നിന്നും ഇ-100 കാറുകൾ വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ മാറിയിട്ടുണ്ടെന്നും ഇതൊരു വലിയ നാഴികകല്ലാണെന്നും അദ്ദേഹം പറഞ്ഞു. 2004 മുതൽ ജൈവ ഇന്ധനങ്ങളിൽ തനിക്ക് പ്രത്യേകം താൽപ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിത ഊർജത്തെപ്പറ്റി പഠിക്കാൻ ബ്രസിലിലേക്ക് യാത്ര നടത്തിയിരുന്നുവെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ജൈവ ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ പെട്രോളിയം ഇറക്കുമതിയുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതിലൂടെ ഇന്ധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ സ്വയം പര്യാപ്തമാക്കാൻ സാധിക്കുമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
പെട്രോളിന്റെ നിലവിലെ ഇറക്കുമതിച്ചെലവ് 16 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്തിന് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, മാരുതി സുസുക്കി ഇൻവിക്ടോ, ഹോണ്ട സിറ്റി ഹൈബ്രിഡ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുൾപ്പെടെയുള്ള ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ കാർ വിപണിയിൽ അവതരിപ്പിച്ചിരുന്നു. മഹീന്ദ്രയും ടാറ്റയും ഉൾപ്പെടെയുള്ള ഓട്ടോ ഭീമന്മാർ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കാർബൺ പുറന്തള്ളാത്ത വാഹനങ്ങൾ നിർമിക്കുന്നതിനായി പ്രവർത്തിച്ചു വരികയാണ്.