ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ചാണ് ഈ ട്രെയിനുകൾ പ്രവർത്തിക്കുന്നത്. ഈ സെല്ലുകൾ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതു വഴിയാണ് ട്രെയിനിന്റെ മോട്ടോറുകൾ പ്രവർത്തിക്കുന്നത്. ഡീസൽ എഞ്ചിനുകളിലേതിൽ നിന്നും വ്യത്യസ്തമായി ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിക്കുമ്പോൾ മലിനീകരണം കുറവാണ്. ശുദ്ധമായ ഊർജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. ഹൈഡ്രജൻ ട്രെയിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് നോർത്തേൺ റെയിൽവേയുടെ കീഴിലുള്ള ജിന്ദ്-സോനിപത് സെക്ഷനിൽ ഫീൽഡ് ട്രയൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
advertisement
Also Read-ഇന്ത്യയിൽ 23 വന്ദേഭാരത് ട്രെയിനുകൾ ഓടിയെത്തുന്ന സമയം 200 മിനിറ്റ് മുതൽ 605 മിനിട്ട് വരെ
ഒരു ട്രെയിനിന് 80 കോടി രൂപയും ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചറിനായി ഒരു റൂട്ടിന് 70 കോടി രൂപയും ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഡിഇഎംയു) മാറ്റി പകരം ഹൈഡ്രജൻ ഇന്ധന സെൽ സ്ഥാപിക്കുന്നതിനായി 111.83 കോടി രൂപയുടെ പൈലറ്റ് പ്രോജക്റ്റിന് ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി. നോർത്തേൺ റെയിൽവേയുടെ കീഴിലുള്ള ജിന്ദ്-സോനിപത് കേന്ദ്രമാക്കിയാണ് ഈ പൈലറ്റ് പ്രോജക്റ്റ് പ്രവർത്തിക്കുന്നത്.
ഹൈഡ്രജൻ ട്രെയിനുകളുടെ പ്രാരംഭ ചെലവ് കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ട്രെയിനുകളുടെ എണ്ണം കൂടുന്നതോടെ ചെലവ് കുറയും എന്നാണ് പ്രതീക്ഷ. സീറോ കാർബൺ പുറന്തള്ളൽ എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയെ സംബന്ധിടത്തോളം ഏറ്റവും പ്രാധാന്യം അർഹിക്കുന്ന പദ്ധതി കൂടിയാണിത്.
ഹൈഡ്രജൻ ട്രെയിനുകൾ കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ പോലുള്ള മലിനീകരണം ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ പുറന്തള്ളുന്നില്ല. അതിനാൽ ഇവ ഡീസലിൽ ഓടുന്ന ട്രെയിനുകളേക്കാൾ കൂടുതൽ പരിസ്ഥിതി സൗഹൃദമായും മാറുന്നു.
2024 മാർച്ചിൽ ട്രയൽ ആരംഭിക്കുമെന്ന് നോർത്തേൺ റെയിൽവേയുടെ ജനറൽ മാനേജർ ശോഭൻ ചൗധരി അറിയിച്ചു. റെയിൽവേ മേഖലയിൽ മുഴുവൻ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും മറ്റ് വ്യവസായങ്ങളിലും സമാനമായ ഊർജ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും ഈ പദ്ധതി പ്രചോദനം ആകുമെന്നും പ്രതീക്ഷിക്കുന്നു.
കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധതയുടെ അടയാളം കൂടിയാണ് ഹൈഡ്രജൻ ട്രെനിനുകൾ. വരും തലമുറകൾക്ക് വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ പ്രകൃതി കെട്ടിപ്പടുക്കുന്നതിനുള്ള സർക്കാരിന്റെ ദൃഢനിശ്ചയത്തെയും ഇത് എടുത്തുകാണിക്കുന്നു.