2021 ആഗസ്റ്റ് 15നാണ് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. 1.09 ലക്ഷമാണ് സ്‌കൂട്ടറിന്റെ വില. ''ഇലക്ട്രിക് മൊബിലിറ്റിയാണ് ഭാവിയെന്നും ഇരുചക്രവാഹനങ്ങളാണ് ജനങ്ങളുടെ പ്രിയപ്പെട്ട വാഹനമെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതും ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുന്നതുമാണ് സിമ്പിൾ വൺ സ്കൂട്ടറുകൾ. സിമ്പിൾ വണ്ണിന് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങളിൽ ഞങ്ങള്‍ സന്തുഷ്ടരാണ്. സിമ്പിള്‍ വണ്ണിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഈ വ്യവസായത്തില്‍ നമ്മുടെ ഭാവി നിര്‍വചിക്കുന്നതാണ്'', ഉല്‍പ്പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് സിമ്പിള്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു.
advertisement
'ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി ഗവേഷണവും വികസനവും ഡിസൈനിംഗും എഞ്ചിനീയറിംഗും നടത്തുന്ന ഇന്ത്യയിലെ ചില മികച്ച മനസ്സുകള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്, സിമ്പിള്‍ വണ്‍ ഉപഭോക്തൃ പ്രതീക്ഷകളെ മറികടക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിവര്‍ഷം 1 മില്യണ്‍ വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ശൂലഗിരിയിലെ (ഹൊസൂര്‍) കേന്ദ്രം വന്‍തോതിലുള്ള നിര്‍മ്മാണത്തിനായി തയ്യാറെടുക്കുകയാണെന്നും വരും ആഴ്ചകളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും കമ്പനി വ്യക്തമാക്കി.
രണ്ടാം ഘട്ടത്തില്‍, തമിഴ്‌നാട്ടില്‍ 600 ഏക്കര്‍ സ്ഥലത്ത് 1,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തില്‍ രണ്ടാമത്തെ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുമെന്നും കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് 2023ഓടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,500 കോടി രൂപ ഇവി നിര്‍മ്മാണ കേന്ദ്രത്തില്‍ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.
236 കിലോമീറ്റര്‍ എന്ന ഒറ്റ ചാര്‍ജില്‍ ഏറ്റവും കൂടുതൽ ദൂരം വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണിത്. 4.8 kWh ലിഥിയം അയണ്‍ ബാറ്ററിയ്ക്കൊപ്പം 4.5KW ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. സ്‌കൂട്ടറില്‍ രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്ന് ഉറപ്പിച്ച നിലയിലും മറ്റൊന്ന് നീക്കം ചെയ്യാവുന്ന രീതിയിലുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മോട്ടോറിന് 72 Nm ടോര്‍ക്ക് ഔട്ട്പുട്ട് സൃഷ്ടിക്കാന്‍ കഴിയും. മാത്രമല്ല ചെയിന്‍-ഡ്രൈവ് സിസ്റ്റം ഫീച്ചര്‍ ചെയ്യുന്ന രാജ്യത്തെ ഏക സ്‌കൂട്ടറാണിത്. വെറും 2.9 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന സ്‌കൂട്ടറിന്റെ പ്രകടനവും വളരെ മികച്ചതാണ്. ഇത് ഏകദേശം 105 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുകയും ചെയ്യും.