2021ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ആഡംബര ഇലക്ട്രിക് കാറുകള്‍:
ബിഎംഡബ്ല്യു ഐഎക്‌സ് (BMW iX)
ബിഎംഡബ്ല്യു അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ ഐഎക്‌സ് (iX) ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചത്. ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില 1.16 കോടി രൂപയാണ്. പൂര്‍ണ്ണമായി നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബിഎംഡബ്ല്യു ഐഎക്‌സിന്റെ പ്രധാന എതിരാളികള്‍ മെഴ്‌സിഡസ് ബെന്‍സ്, ഔഡി ഇ-ട്രോണ്‍ എസ്‌യുവി എന്നിവയാണ്. കമ്പനിയുടെ ഈ മുന്‍ നിര ഇലക്ട്രിക് കാര്‍ ഒറ്റ ചാര്‍ജില്‍ 611 കിലോമീറ്റര്‍ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഎക്‌സിന്റെ എക്‌സ് ഡ്രൈവ് 50 (xDrive 50) പതിപ്പ് 105.2 kWh ശേഷിയുംഎക്‌സ്‌ഡ്രൈവ് 40 (xDrive 40) പതിപ്പ് 71kWh ശേഷിയുമുള്ള ബാറ്ററി പായ്‌ക്കുകളോടു കൂടിയാണ് എത്തുന്നത്. കൂടാതെ 195kW വരെ DC ഫാസ്റ്റ് ചാര്‍ജിങ്ങും തിരഞ്ഞെടുക്കാം. എക്‌സ് ഡ്രൈവ് 50 പതിപ്പിന്റെ ബാറ്ററി 35 മിനിറ്റിനുള്ളില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം, എക്‌സ്‌ഡ്രൈവ് 40 (iX xDrive 40 ) DC ചാര്‍ജര്‍ ഉപയോഗിച്ച് 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 31 മിനിറ്റ് മാത്രമാണ് സമയമെടുക്കുക.
advertisement
പോര്‍ഷെ ടെയ്കാന്‍ (Porsche Taycan)
പോര്‍ഷെയുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടെയ്കാന്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഈ മോഡലിന്റെ വില (എക്‌സ്-ഷോറൂം) 1.50 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. കമ്പനിയുടെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് കാറായ ടെയ്കാന്‍ ആഗോള വിപണിയില്‍ നേരത്തെ തന്നെ ലഭ്യമായി തുടങ്ങിയിരുന്നു. കാര്‍ പുറത്തിറക്കി 9 മാസത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി 28,640 യൂണിറ്റുകള്‍ വിറ്റഴിച്ചു. പോര്‍ഷെ ടെയ്കാന്‍ സ്പോര്‍ട്ടി ഡിസൈനിലാണ് എത്തുന്നത്. ഇതിന് 4,963 എംഎം നീളവും 2,144 എംഎം വീതിയും 1,378 എംഎം ഉയരവുമുണ്ട്. മാത്രമല്ല, 21 ഇഞ്ച് അലോയ് വീലുകളില്‍ സഞ്ചരിക്കുന്ന കാറിന് 2,900 എംഎം വീല്‍ബേസാണ് ഉള്ളത്. ടെക് ഫോര്‍വേഡ് ക്യാബിനോടു കൂടി എത്തുന്ന കാറിന് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.
Also Read-BMW iX | ഇലക്ട്രിക് എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു ; സവിശേഷതകൾ
ഔഡി ഇ-ട്രോണ്‍ ജിടി/ ആര്‍എസ് ഇ-ട്രോണ്‍ ജിടി (Audi e-tron GT/ RS e-tron GT)
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി ഇപ്പോള്‍ ഔഡി ഇ-ട്രോണ്‍ ജിടി, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. ഇവ രണ്ടും പൂര്‍ണമായും ഇലക്ട്രിക് 4-ഡോര്‍ കാറുകളാണ്. ഔഡി ഇ-ട്രോണ്‍ ജിടിയുടെ വില 1,79,90,000 രൂപയും ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടിയുടെ വില 2,04,99,000 രൂപയുമാണ്. ഈ പുതിയ രണ്ട് മോഡലുകള്‍ കൂടി എത്തിയതോടെ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാറുകളുടെ വിപുലമായ നിര വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ബ്രാന്‍ഡായി ഔഡി മാറി.
ഔഡി ഇ-ട്രോണ്‍ ജിടിയും ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടിയുമാണ് ഔഡിയില്‍ നിന്നുള്ള ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറുകള്‍. 390 കിലോവാട്ട് പവര്‍ ഉള്ള ഔഡി ഇ-ട്രോണ്‍ ജിടി 4.1 സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. അതേസമയം 475 കിലോവാട്ട് ആര്‍എസ് ഇ-ട്രോണ്‍ ജിടി 3.3 സെക്കന്‍ഡിനുള്ളില്‍ അതേ നേട്ടം കൈവരിക്കുന്നു. ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടിയും ഔഡി ഇ-ട്രോണ്‍ ജിടിയും 83.7/93.4kWh ലിഥിയം-അയണ്‍ ബാറ്ററിയോടു കൂടിയാണ് എത്തുന്നത്. ഇത് ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടിക്ക് 401-481 കിലോമീറ്ററും ഔഡി ഇ-ട്രോണ്‍ ജിടിക്ക് 388-500 കിലോമീറ്ററും ആണ് വാഗ്ദാനം ചെയ്യുന്നത്.
മെഴ്‌സിഡസ് ബെന്‍സ് ഇക്യുസി (Mercedes-Benz EQC)
ഇന്ത്യന്‍ വപിണിയില്‍ അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് ആഡംബര എസ്‌യുവിയാണ് മെഴ്സിഡസ്-ബെന്‍സ് ഇക്യുസി. ഒരു കോടി രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇതില്‍ 85kWH ശേഷിയുള്ള വലിയ ബാറ്ററി പായ്ക്കും സിംഗിള്‍ സ്പീഡ് ഗിയര്‍ബോക്‌സും കൂടാതെ മെഴ്‌സിഡസ് 4MATIC AWD സിസ്റ്റവും ലഭിക്കും. ഈ മോഡലില്‍ 450 കിലോമീറ്റര്‍ NEDC റേഞ്ച് ആണ് മെഴ്സിഡസ് അവകാശപ്പെടുന്നത്. അതായത് 400 ബിഎച്ച്പിയും 760 എന്‍എം ടോര്‍ക്കും നല്‍കാന്‍ ഇക്യുസിക്ക് കഴിയും. ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്ട്, ഇൻഡിവീജ്വൽ എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളും 4 ലെവല്‍ റീജനറേഷനും ഇതില്‍ ലഭ്യമാകും. സ്റ്റിയറിങ് വീലിന് പിന്നിലെ പാഡില്‍ ഷിഫ്റ്ററുകള്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് D Auto, D, D+, D-, D- എന്നീ അഞ്ച് ക്രമീകരണങ്ങളിലേക്ക് പരസ്പരം മാറാന്‍ കഴിയും. മെഴ്സിഡസ് കാറിനൊപ്പം നല്‍കുന്ന 7.5 kW ചാര്‍ജര്‍ ഉപയോഗിച്ച് കാര്‍ ചാര്‍ജ് ചെയ്യാന്‍ 10 മണിക്കൂര്‍ എടുക്കും. സ്റ്റാന്‍ഡേര്‍ഡ് 15 എ സോക്കറ്റ് ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്യുന്നതെങ്കില്‍ 21 മണിക്കൂര്‍ എടുക്കും.
ജഗ്വാര്‍ ഐ-പേസ് (Jaguar I-Pace)
ജഗ്വാര്‍ ഐ-പേസ് ഈ പട്ടികയിലെ ഏറ്റവും മനോഹരമായ ഇലക്ട്രിക് എസ്‌യുവിയാണ്. മെഴ്സിഡസ് ബെന്‍സ് ഇക്യുസിയുടേതിന് സമാനമാണ് ഐ-പേസിന്റെയും വില. വില 1.06 കോടി രൂപയിലാണ് തുടങ്ങുന്നത്. ഇതിന്റെ 90 kWh ലിഥിയം-അയണ്‍ ബാറ്ററിയില്‍ നിന്ന് ഒറ്റ ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെയാണ് ജാഗ്വാര്‍ വാഗ്ദാനം ചെയ്യുന്നത്. 7.4kW എസി ചാര്‍ജര്‍ ഉപയോഗിച്ച് 14 മണിക്കൂറിനുള്ളിലും 25kW DC ചാര്‍ജര്‍ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിലും 50kW DC ചാര്‍ജര്‍ ഉപയോഗിച്ച് വെറും 2 മണിക്കൂറിനുള്ളിലും ബാറ്ററി 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ജാഗ്വാര്‍ അവകാശപ്പെടുന്നു. കൂടാതെ, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉപഭോക്താക്കള്‍ക്ക് ടാറ്റ പവറിന്റെ EZ ചാര്‍ജ് നെറ്റ്വര്‍ക്ക് ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള 200ലധികം ചാര്‍ജിംഗ് പോയിന്റുകളില്‍ നിന്ന് ജാഗ്വാര്‍ ഐ-പേസ് ചാര്‍ജ് ചെയ്യാന്‍ കഴിയും.
ഔഡി ഇ-ട്രോണ്‍/ ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് (Audi e-tron/ e-tron Sportback)
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇ-ട്രോണ്‍ ഇലക്ട്രിക് എസ്‌യുവി സീരീസുകള്‍ ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചത് വളരെ വൈകിയാണ്. 99,99,000 രൂപ വിലയുള്ള ഔഡി ഇ-ട്രോണ്‍50, 1,16,15,000 രൂപ വിലയുള്ള ഓഡി ഇട്രോണ്‍ 55, 1,17,66,000 രൂപ വിലയുള്ള ഔഡി ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55 എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് എസ്‌യുവികളാണ് ഔഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ 55 സ്പോര്‍ട്ട്ബാക്ക് എന്നിവയില്‍ 359-484 കിലോമീറ്റര്‍ പ്രാപ്തമാക്കുന്ന വലിയ 95kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉള്ളത്. ഇ-ട്രോണ്‍50 എത്തുന്നത് 264-379km നല്‍കുന്ന 71kWh ലിഥിയം-അയണ്‍ ബാറ്ററിയോടു കൂടിയാണ്. ഔഡി ഇ-ട്രോണിന് മുന്നിലും പിന്നിലും രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ട്. ഇ-ട്രോണ്‍ 55 സ്പോര്‍ട്ബാക്ക് 5.7 സെക്കന്‍ഡില്‍ 0-100kmph വേഗത കൈവരിക്കും, അതേസമയം ഇ-ട്രോണ്‍ 50ന് 6.8 സെക്കന്‍ഡില്‍ 0-100kmph വരെ വേഗത ലഭിക്കും. ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന ചാര്‍ജിങ് ഫ്‌ളാപ്പുകള്‍ കാറുകളുടെ പാര്‍ക്കിങ് എളുപ്പമാക്കും എന്നതാണ് മറ്റൊരു സവിശേഷത.
