പുതിയ നിയമം പ്രകാരം ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരേ സമയം അല്ലെങ്കില്‍ ക്രമാനുഗതമായി നാല് നോമിനികളെ വരെ നാമനിര്‍ദേശം ചെയ്യാന്‍ കഴിയും. നിക്ഷേപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ക്ലെയിം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമാക്കാനും വേഗത്തിലാക്കാനും ഈ വ്യവസ്ഥ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട് തരത്തിലാണ് ഉപഭോക്താക്കളെ നോമിനികളെ നിര്‍ദേശം ചെയ്യാന്‍ കഴിയുക. ഒരേ സമയം നാല് പേര്‍ക്ക് അവകാശം വീതിച്ചു കൊടുക്കുന്നതാണ് ഒരു രീതി. ക്രമാനുഗതമായി അവകാശം നല്‍കുന്നതാണ് രണ്ടാമത്തെ രീതി.
advertisement
നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപ അക്കൗണ്ടുകള്‍ ഇതിലേതെങ്കിലും ഒരു രീതി സ്വീകരിക്കാം. ഒരേ സമയം നാല് പേരെ നോമിനികളായി വയ്ക്കുമ്പോള്‍ ഒന്നിലധികം നോമിനികളെ നാമനിര്‍ദേശം ചെയ്യാനും അതിനൊപ്പം ഓരോരുത്തര്‍ക്കും നല്‍കേണ്ട തുക എത്രയെന്ന് നിശ്ചയിക്കാനും കഴിയും. ആകെയുള്ള വിഹിതം 100 ശതമാനമായിരിക്കണം. അതേസമയം, ക്രമാനുഗതമായുള്ള രീതിയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള നോമിനിയുടെ മരണശേഷമേ അടുത്ത നോമിനിക്ക് അവകാശം ലഭിക്കൂ.
ലോക്കറിലോ സേഫ് കസ്റ്റഡിയിലോ ഉള്ള വസ്തുക്കള്‍ക്ക് ക്രമാനുഗതമായ രീതി മാത്രമെ അനുവദിക്കൂ. ആദ്യ നോമിനി മരണപ്പെട്ടതിന് ശേഷം അവകാശം അടുത്ത അവകാശിക്ക് സ്വയമേവ നല്‍കപ്പെടുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
ഈ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് നിക്ഷേപകര്‍ക്ക് അവരുടെ ഇഷ്ടാനുസരണം നോമിനേഷനുകള്‍ നല്‍കാനുള്ള സൗകര്യം നല്‍കും. അതേസമയം, ബാങ്കിംഗ് സംവിധാനത്തിലുടനീളം ക്ലെയിം കൈമാറുന്നതില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കും, കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
പുതിയ നിയമങ്ങള്‍ ഉടന്‍
ഈ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ ബാങ്കിംഗ് കമ്പനീസ് (നോമിനേഷന്‍) നിയമം 2025 പുറപ്പെടുവിക്കും. ഒന്നിലധികം നോമിനേഷനുകൾ നടത്തുന്നതിനും റദ്ദാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും ആവശ്യമായ വിശദമായ നടപടിക്രമങ്ങളും ഫോമുകളും ഈ നിയമത്തില്‍ വിശദീകരിക്കും.
ക്ലെയിമുകള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനും തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്ന് കരുതുന്നു. പ്രത്യേകിച്ച് ഒന്നിലധികം നോമിനികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍
പുതിയ നിയമം അവതരിപ്പിച്ചത് എന്തുകൊണ്ട്?
ബാങ്കിംഗ് രംഗത്തെ ഭരണമാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)ക്ക് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനും നിക്ഷേപകരുടെ സുരക്ഷ വര്‍ധിപ്പിക്കാനും ഓഡിറ്റ് ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കും, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളില്‍.
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാരുടെ വേതനം തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന ഈ നിയമം ഓഡിറ്റ് മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഉയര്‍ന്ന നിലവാരമുള്ള പ്രൊഫഷണലുകളെ നിയമിക്കാനും സഹായിക്കുന്നു.
മറ്റ് സുപ്രധാന മാറ്റങ്ങള്‍
ഒരു ബാങ്കിലെ 'ഗണ്യമായ പലിശയുടെ' പരിധി അഞ്ച് ലക്ഷം രൂപയില്‍ നിന്ന് രണ്ട് കോടിയായി ഉയര്‍ത്തി. 1968ന് ശേഷം ആദ്യമായാണ് ഇങ്ങനൊരു മാറ്റം വരുത്തുന്നത്.
97ാമത് ഭരണഘടനാ ഭേദഗതിയുമായി പൊരുത്തപ്പെട്ട്, സഹകരണ ബാങ്കുകളില്‍ ചെയര്‍പേഴ്‌സണെയും മുഴുവന്‍ സമയ ഡയറക്ടമാരെയും ഒഴിവാക്കുകയും ഡയറക്ടമാരുടെ പരമാവധി കാലാവധി എട്ട് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
