ബ്രസീലിലെ റിയോ ഡി ജനീറോയിൽ കഴിഞ്ഞ വർഷം നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ നടത്തിയ ഒരു പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് ഈ നിർദേശം. അതിർത്തി കടന്നുള്ള ഇടപാടുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് അംഗരാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങൾക്കിടയിൽ കൂടുതൽ പരസ്പരമുള്ള പ്രവർത്തന ക്ഷമത ഈ നിർദേശം മുന്നോട്ട് വയ്ക്കുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി 2022 ഡിസംബറിലാണ് ആരംഭിച്ചത്. ഇതിന് ശേഷം ഏകദേശം ഏഴുപത് ലക്ഷത്തോളം റീട്ടെയ്ൽ ഉപയോക്താക്കൾ ഇത് ഉപയോഗിച്ചു വരുന്നുണ്ട്. അതേസമയം, തങ്ങളുടെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ യുവാന്റെ അന്താരാഷ്ട്ര ഉപയോഗം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
advertisement
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെ (സിബിഡിസി) ബന്ധിപ്പിക്കുന്നതിനുള്ള ഒരു നിർദേശം ഇന്ത്യയിൽ വെച്ച് നടക്കുന്ന 2026 ബ്രിക്‌സ് ഉച്ചകോടിയുടെ അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശുപാർശ ചെയ്തതായി ചില വൃത്തങ്ങൾ അറിയിച്ചു.
ബ്രിക്‌സിലെ അംഗരാജ്യങ്ങൾ മറ്റുള്ളവർ വികസിപ്പിച്ചെടുത്ത സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നത് നിർദേശം സംബന്ധിച്ച പുരോഗതിയെ മന്ദഗതിയിലാക്കുമെന്ന് ഒരു സ്രോതസ്സ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം, വ്യക്തമായ പുരോഗതി കൈവരിക്കുന്നതിന് സാങ്കേതികവിദ്യയിലും നിയന്ത്രണത്തിലും സമവായം ആവശ്യമാണെന്നും സ്രോതസ്സ് കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ സാധ്യതയുള്ള വ്യാപാര അസന്തുലിസാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള ഉഭയകക്ഷി വിദേശനാണ്യ കൈമാറ്റ ക്രമീകരണങ്ങളുടെ ഉപയോഗം പര്യവേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു ഘടകമാണെന്ന് സ്രോതസ്സുകൾ വ്യക്തമാക്കി.
അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ വേഗത്തിലാക്കാനും കറൻസിയുടെ ആഗോള ഉപയോഗം വികസിപ്പിക്കാനും ഇന്ത്യയുടെ ഇ- റുപ്പിയെ മറ്റ് രാജ്യങ്ങളുടെ സിബിഡിസികളുമായി ബന്ധിപ്പിക്കുന്നതിനുള്ള വഴികൾ തേടുകയാണെന്ന് ആർബിഐ പരസ്യമായി പറഞ്ഞിട്ടുണ്ട്. അതേസമയം, ഡോളറിന് പകരമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഈ ശ്രമം ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷമവസാനം നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുപാർശ അംഗീകരിക്കപ്പെട്ടാൽ ബ്രിക്‌സ് അംഗങ്ങളുടെ ഡിജിറ്റൽ കറൻസികളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു നിർദേശവും ഇതിൽ അവതരിപ്പിക്കും.
ബ്രിക്‌സ് രാജ്യങ്ങളിലൊന്നും അവരുടെ ഡിജിറ്റൽ കറൻസികൾ പൂർണമായി ആരംഭിച്ചിട്ടില്ല. എന്നാൽ സംഘടനയിലെ പ്രധാന അഞ്ച് അംഗങ്ങളും പൈലറ്റ് പ്രൊജക്ടുകൾ നടത്തുന്നുണ്ട്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്‌സിലെ അംഗരാജ്യങ്ങൾ.
ഓഫ്ലൈൻ പേയ്മെന്റുകൾ പ്രാപ്തമാക്കുന്നതിലൂടെയും, ഫിൻടെക് സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ കറൻസി വാലറ്റുകൾ വാഗ്ദാനം ചെയ്യാൻ അനുവദിക്കുന്നതിലൂടെയും ഇ-രൂപയുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ ആർബിഐ ശ്രമിക്കുന്നുണ്ട്.
