സഹോദരന്മാരായ ബി സൗന്ദരരാജനും ജി ബി സുന്ദരരാജനും ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കോഴി കര്‍ഷകരാണ്. 1984ല്‍ വെറും 5000 രൂപയ്ക്കാണ് ഇരുവരും ചേര്‍ന്ന് സുഗുണ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പൗള്‍ട്രി ബിസിനസ് ആരംഭിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് ഉദുമലൈപേട്ടയിലാണ് അവര്‍ തങ്ങളുടെ ആദ്യത്തെ കോഴി ഫാം തുറന്നത്. എന്നാൽ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സുഗുണ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോഴി ബിസിനസ് സ്ഥാപനമായി വളർന്നു.
advertisement
Also read-സിംഗൂര്‍; ടാറ്റയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ 766 കോടി നഷ്ടപരിഹാരം നല്‍കണം
സുഗുണ ഫുഡ്സില്‍ നിലവില്‍ 18-ലധികം സംസ്ഥാനങ്ങളിലെ 15,000-ലധികം ഗ്രാമങ്ങളില്‍ നിന്നുള്ള 40,000 കര്‍ഷകരാണ് ജോലി ചെയ്യുന്നത്. ബി സൗന്ദരരാജന്‍ കമ്പനിയുടെ ചെയര്‍മാനും മകന്‍ വിഘ്‌നേഷ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമാണ്. രാജ്യത്തിന്റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നാണ് സുഗുണക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. ബ്രോയിലര്‍ കോഴിയിറച്ചിയുടെയും മുട്ടയുടെയും വിപണിയില്‍ ഒന്നാമതാണ് സുഗുണ. 1986ല്‍, കോഴി ഫാമുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍, തീറ്റ, മരുന്നുകള്‍ എന്നിവയും ഈ സഹോദരങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി.
ഇതിനെ ഒരു ബിസിനസ്സാക്കി മാറ്റാനുള്ള സാധ്യതയും അവര്‍ കണ്ടു. തുടര്‍ന്ന് കോഴിവളര്‍ത്തലിന്റെ വെല്ലുവിളികളെക്കുറിച്ച് അവര്‍ കര്‍ഷകരില്‍ നിന്ന് പഠിച്ചു. പിന്നാലെ കരാര്‍ കൃഷിക്ക് കര്‍ഷകരെ നിയമിക്കുക എന്ന ആശയവുമായി ഇരുവരും രംഗത്തെത്തി. 1990-ല്‍ വെറും മൂന്ന് കര്‍ഷകരില്‍ നിന്നാണ് ഈ ബിസിനസ്സ് മോഡല്‍ ആരംഭിച്ചത്. കോഴികളെ വളര്‍ത്തുന്നതിന് ആവശ്യമായതെല്ലാം ഈ സഹോദരങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കി. പണത്തിന് പകരമായി വളര്‍ത്തിയ കോഴികളെ കര്‍ഷകര്‍ ഇവര്‍ക്ക് നല്‍കും.
ക്രമേണ, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 40 കര്‍ഷകര്‍ ബിസിനസില്‍ ചേര്‍ന്നു. കമ്പനിയുടെ വിറ്റുവരവ് ഏഴു കോടിയിലെത്തി; ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഗുണ ചിക്കന്‍ തമിഴ്നാട്ടില്‍ വളര്‍ന്ന് പന്തലിച്ചു. സുഗുണ ചിക്കന്‍ വളരെ പെട്ടെന്നുതന്നെ തമിഴ്‌നാട്ടില്‍ ഒരു ബ്രാൻഡായി മാറി. 2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വിറ്റുവരവ് 8,739 കോടി രൂപയായിരുന്നു. 2021ല്‍ ഇത് 9,155.04 രൂപയിലെത്തി. 2021ല്‍ കമ്പനി 358.89 കോടി രൂപ ലാഭം നേടി.