രാജ്യം കോവിഡ് പ്രതിസന്ധിയെ മറികടന്നു കൊണ്ടിരിക്കുകയാണ്. ഈ തിരിച്ചു വരവിനു കരുത്തു പകരുകയാവും ബജറ്റിലൂടെ നിർമലാ സീതാരാമൻ ഉദ്ദേശിക്കുന്നത്. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികൾ, മാറ്റങ്ങൾ എന്നിവ ഉണ്ടാകുമെന്ന സൂചന സാമ്പത്തിക സർവേ നൽകുന്നുമുണ്ട്. വാണിജ്യ വ്യവസായ രംഗത്തു കൊണ്ടുവരുന്ന പരിഷ്‌ക്കരണ നടപടികൾ തുടരുന്നതിനൊപ്പം നികുതി ഘടനയിൽ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചേക്കും. നിലവാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയും തദ്ദേശ വിപണിയെ പ്രോത്സാഹിപ്പിക്കുകയുമാകും സർക്കാർ ലക്ഷ്യം.
advertisement
കോർപറേറ്റ് നികുതിയിൽ കാര്യമായ ഇടപെടൽ ഉണ്ടായേക്കില്ല, എന്നാൽ നിക്ഷേപ സൗഹൃദ പദ്ധതികൾക്ക് ഊന്നൽ നൽകും. നിക്ഷേപ സമാഹരണം തന്നെയെവും ഇത്തവണയും ബജറ്റിലെ നിർണായക ഘടകം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുക വഴി അടിസ്ഥാന സൗകര്യത്തിനു കൂടുതൽ പണം കണ്ടെത്തുകയാണ് ലക്ഷ്യം. കോവിഡ് രൂക്ഷമായി ബാധിച്ച നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ്, വിനോദ സഞ്ചാര മേഖല, യാത്ര സംവിധാനങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിഗണന ഉണ്ടായേക്കാം. നിർമ്മാണ മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക ആണ് സർക്കാർ ഉദ്ദേശം.
പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ കൈ പിടിച്ചു നടത്തിയ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുതൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികൾക്ക് ഗുണകരമാകുന്ന പദ്ധതികൾ, നികുതി നിർദേശങ്ങൾ എന്നിവയും ധനമന്ത്രി മുന്നോട്ട് വെക്കും. 2022 ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ഉള്ള പദ്ധതികൾക്ക് പ്രമുഖ്യം ഉണ്ടാകും. ബജറ്റിലൂടെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രതിഷേധങ്ങൾക്കുള്ള മറുപടിയും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.