റിസര്‍വ് ബാങ്കിന്റെ പേരിലാണ് ഈ വ്യാജസന്ദേശം പ്രചരിപ്പിക്കപ്പെടുന്നത്. പിന്‍നമ്പര്‍ തട്ടിപ്പ് തടയാനുള്ള ഒരു സുരക്ഷാ നടപടിയായി കാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്ന ശീലം പിന്തുടരാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതാണ് ഈ സന്ദേശം. ''എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വളരെ ഉപയോഗപ്രദമായ ഒരു ടിപ്പ്. എടിഎം മെഷീനില്‍ കാര്‍ഡ് ഇടുന്നതിന് മുമ്പ് 'കാന്‍സല്‍' ബട്ടണ്‍ രണ്ടുതവണ അമര്‍ത്തുക. നിങ്ങളുടെ പിന്‍ നമ്പര്‍ മോഷ്ടിക്കാന്‍ ആരെങ്കിലും കീപാഡില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുന്നത് വഴി അത് തടയാന്‍ കഴിയും. നിങ്ങള്‍ ഓരോ പണമിടപാട് നടത്തുമ്പോഴും ഇത് ശീലമാക്കുക. ഇത് മറ്റുള്ളവരുമായി പങ്കിടുക,'' ഇതാണ് വൈറല്‍ സന്ദേശത്തില്‍ പറയുന്നത്.
advertisement
എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണ് ഇപ്പോള്‍. ഈ സന്ദേശം പൂര്‍ണമായും വ്യാജമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം തെറ്റായ സന്ദേശങ്ങളില്‍ വീഴരുതെന്ന് ഉപയോക്താക്കളോട് അവർ അഭ്യര്‍ഥിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന് തെറ്റായി ആരോപിക്കപ്പെട്ട ഈ സന്ദേശത്തിന് വസ്തുതാപരമായ ഒരു അടിസ്ഥാനവുമില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കി. പിഐബിയുടെ സാമൂഹികമാധ്യമമായ എക്‌സ് ഫാക്ട് ചെക്ക് അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അങ്ങനെ ചെയ്യരുതെന്നും പിഐബി ഫാക്ട് ചെക്ക് ടീം അറിയിച്ചു.
എല്ലാ എടിഎം ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉടമകളും അവരുടെ ഇടപാടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും പണമിടപാടുകള്‍ സ്വകാര്യമായി നടത്താനും പിഐബി നിര്‍ദേശിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഇത്തരം സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയോ അവ വിശ്വസിക്കുകയോ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുകയോ ചെയ്യുന്നതിന് മുമ്പ് അതിന്റെ ആധികാരിക പരിശോധിക്കണം. ഇത്തരം സന്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് അറിയുന്നതിന് 918799711259 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയോ അല്ലെങ്കില്‍ pibfactcheck@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് വിവരം തിരക്കുകയോ ചെയ്യുക. ഇതിന് പുറമെ pib.gov.in എന്ന പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിച്ചുറപ്പിച്ച ഫാക്ട് ചെക്ക് പരിശോധനാ അപ്‌ഡേറ്റുകള്‍ ലഭ്യമാണ്. തെറ്റായ വിവരങ്ങളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും വിശ്വസനീയമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും ഇവ സഹായിക്കുന്നു.
ഇതിന് മുമ്പും ഇത്തരം സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അവ വ്യാജമാണെന്ന് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിരുന്നു. എടിഎം പിന്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ അവ നല്‍കുമ്പോള്‍ കീപാഡ് മൂടി വയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു. നല്ല വെളിച്ചമുള്ളതോ സുരക്ഷിതമായതോ ആയ സ്ഥലങ്ങളിലെ എടിഎമ്മുകള്‍ ഉപയോഗിക്കുക, എടിഎം മെഷീനിന്റെ ചുറ്റുവട്ടത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഉപകരണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കാനും അവര്‍ പറയുന്നു. മൊബൈല്‍ ഫോണിലും ഇമെയിലിലും ഇടപാട് അലേര്‍ട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പതിവായി പരിശോധിക്കാനും അവര്‍ പറയുന്നു. ഇതിന് പുറമെ എന്തെങ്കിലും പാളിച്ച കണ്ടെത്തിയാല്‍ ഉടനടി അത് റിപ്പോര്‍ട്ട് ചെയ്യാനും അവര്‍ നിര്‍ദേശിക്കുന്നു.