ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന പ്രക്രിയയിൽ നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്നു. ആദ്യം വ്യക്തികൾ സാലറി സ്റ്റേറ്റ്‌മെന്റുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, നിക്ഷേപ സംബന്ധമായ രേഖകൾ , മറ്റ് പ്രസക്തമായ വരുമാന – ചെലവ് രേഖകൾ എന്നിവ പോലുള്ള ആവശ്യമായ എല്ലാ സാമ്പത്തിക രേഖകളും ശേഖരിക്കണം. ഈ രേഖകൾ നികുതി വിധേയമായ വരുമാനം കണക്കാക്കുന്നതിനും കിഴിവുകളും ഇളവുകളും ക്ലെയിം ചെയ്യുന്നതിനും ആവശ്യമാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വ്യക്തികൾ ശമ്പളം, ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനം, മൂലധനത്തിൽ നിന്നുള്ള നേട്ടം, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം കൃത്യമായി റിപ്പോർട്ട് ചെയ്യണം.
advertisement
Also read-ITR ഫയലിങ്ങ്: ടാക്സ് ഡിമാൻഡ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതെങ്ങനെ? എങ്ങനെ മറുപടി നൽകാം?
ഭവന വായ്പകൾ, ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ വായ്പകൾ, നിർദ്ദിഷ്ട സേവിംഗ്സ് സ്കീമുകളിലേക്കുള്ള നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവയ്ക്ക് അർഹതയുള്ള ഏതെങ്കിലും കിഴിവുകളും ഇളവുകളും ഉണ്ടെങ്കിൽ അതും റിപ്പോർട്ട് ചെയ്യണം. ആദായ നികുതി വകുപ്പ് ഈ റിട്ടേണുകൾ പ്രോസസ്സ് ചെയ്യുകയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നികുതി ബാധ്യത വിലയിരുത്തുകയും ചെയ്യുന്നു. പൊരുത്തക്കേടുകളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ, കൂടുതൽ വ്യക്തതയ്‌ക്കോ സൂക്ഷ്മപരിശോധനയ്‌ക്കോ വേണ്ടി നികുതിദായകനെ ബന്ധപ്പെട്ടേക്കാം. നിങ്ങളുടെ യഥാർത്ഥ നികുതി ബാധ്യതയേക്കാൾ കൂടുതൽ നികുതി നിങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ആദായ നികുതി വകുപ്പിൽ നിന്ന് നികുതി റീഫണ്ട്ക്ലെയിം ചെയ്യാം.
റിട്ടേൺ ഫയൽ ചെയ്ത് പരിശോധിച്ച് കഴിഞ്ഞാൽ, ആദായ നികുതി വകുപ്പ് അത് പ്രോസസ്സ് ചെയ്യും. അധികമായി അടച്ച നികുതി ഉൾപ്പെടെ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ നിങ്ങളുടെ നികുതി ബാധ്യത വിലയിരുത്തും. അതിന് ശേഷം നിങ്ങൾക്ക് റീഫണ്ടിന് അർഹതയുണ്ടെങ്കിൽ, റീഫണ്ട് തുക വ്യക്തമാക്കുന്ന ഒരു അറിയിപ്പ് ആദായ നികുതി വകുപ്പ് നൽകും. ഇലക്ട്രോണിക് ട്രാൻസ്ഫർ (ഇലക്‌ട്രോണിക് ക്ലിയറിംഗ് സേവനം) വഴി റീഫണ്ട് തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത ഓപ്ഷൻ അനുസരിച്ച് റീഫണ്ട് ചെക്കായി നിങ്ങൾക്ക് അയക്കുകയോ ചെയ്യും.
റീഫണ്ട് നില പരിശോധിക്കുന്നത് എങ്ങനെ?
റീഫണ്ട് / ഡിമാൻഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:
- ഘട്ടം 1: https://eportal.incometax.gov.in/iec/foservices/#/login എന്ന വെബ് പോർട്ടൽ എടുക്കുക
- ഘട്ടം 2: ഉപയോക്താവിന്റെ ഐഡി, പാസ്‌വേഡ്, ജനനത്തീയതി/ ഇൻകോർപ്പറേഷൻ തീയതി, ക്യാപ്‌ച എന്നിവ നൽകി ഇ-ഫയലിംഗ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
- ഘട്ടം 3: “My Account “ലേക്ക് പോയി “Refund/Demand Status” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഘട്ടം 4: അപ്പോൾ ലഭിക്കുന്ന പേജിൽ ചുവടെയുള്ള വിശദാംശങ്ങൾ പ്രദർശിപ്പിക്കും.
- – ആദായനികുതി കണക്കാക്കിയ വർഷം
- – നിലവിലെ സ്ഥിതി – ” Status “
- – റീഫണ്ട് അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണം
- – പേയ്‌മെന്റ് മോഡ്
പോർട്ടലിലെ ആദായനികുതി റീഫണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടോ എന്നത് നികുതിദായകർ പരിശോധിക്കണം. കൂടുതൽ സഹായത്തിനായി ആദായനികുതി വകുപ്പിന്റെ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്.